Monday, August 13, 2012

ഓര്‍മ്മയില്‍ ഒരു നോമ്പുതുറ..



ഇന്ന് നാടകമുണ്ട്..
അവസാനത്തെ കളി..
ഇതൂടെ കഴിഞ്ഞാല്‍ പെട്ടികെട്ടാന്‍ പോകുന്നു..
വിവാദങ്ങളും, ബഹളങ്ങളും , ഭീഷണികളും , കയ്യേറ്റങ്ങളും ഒക്കെ ഇന്നത്തോട് കൂടി തീരാന്‍ പോകുന്നു..
വീടിന് അധികം ദൂരെയല്ലാ കളിയെങ്കിലും കാലത്തേ തൃശ്ശൂരിലേക്ക് വണ്ടി കയറി..
ഒന്നുരണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ന് വീണ്ടും അരങ്ങത്തേക്ക്..
പറ്റ്യാ ഒരു വട്ടം ഒരു റിഹേഴ്ക്സല്‍..
അല്ലെങ്കില്‍ ഒന്നിരുന്ന് ഓര്‍മ്മിക്കുകയെങ്കിലും വേണം ഡയലോഗുകള്‍..
ബാഗും എടുത്ത് പുറപ്പെടുമ്പഴേ ഉമ്മ പറയുന്നുണ്ട്.. ‘ നോമ്പും നോറ്റാ ചെക്കന്‍ നാടകം കളിക്കാന്‍ പോകുന്നതെന്ന്..
ഒരുവട്ടം ഡയലോഗ് കളെല്ലാം പറഞ്ഞ് സാധന സാമഗ്രികളെല്ലാം വണ്ടിയില്‍ കയറ്റി നേരെ ആഡിറ്റോറിയത്തിലേക്ക്..
‘ജ്വാല’ കുന്നിന്‍ മുകളിലാണ് ..
അടുത്തൊന്നും കടകളില്ല.
ആള്‍ താമസം കൂടി ഇല്ലാന്ന് തോന്നന്നു..
നോമ്പ് തുറക്കണേല്‍ സംഘാടകര്‍ തന്നെ രക്ഷ..
കാര്യം പറഞ്ഞപ്പോള്‍ റിട്ടയര്‍ ചെയ്ത വിപ്ലവകാരികളായ സംഘാടകര്‍ക്ക് ഇത്തിരി അതിശയം ഉണ്ടാവാതിരുന്നില്ല..
നോമ്പും നോറ്റൊരു നാടകക്കാരന്‍.. അതും ഈ സംഘത്തില്‍..
താഴെ അങ്ങാടിയില്‍ പോയി വാങ്ങാനുള്ള സമയമൊന്നുമില്ല..
ബാങ്കിന് സമയായിരിക്കുന്നു..
‘വാ‘ എന്നും പറഞ്ഞ് സംഘാടകരില്‍ ഒരാള്‍ എന്നെയും കൊണ്ട് ആഡിറ്റോറിയത്തിന് പിറകിലേക്ക്..
ഒരു ഓലകൊണ്ട് മറച്ചൊരു കൂര..
വീടെന്ന് പറയാമൊ അതിനെ..
പൊന്തക്കാട്ടിനുള്ളില്‍ നിന്ന് പുറത്തേക്ക് കാണുന്നു കൂടിയില്ല..
‘ഉമ്മാ ..നിങ്ങള്‍ക്ക് ഒരു അതിഥിയുണ്ട് നോമ്പ്തുറക്കാന്‍‘ എന്ന് കൂടെ വന്ന ആള്‍..
ചിരിയോടെ .. ഏറെ സന്തോഷത്തോടെ അവരെന്നെ അകത്തേക്ക്..
ഒരു കട്ടിലുണ്ട്.. അവിടെ ആകെ ഞാന്‍ കണ്ട ഫര്‍ണിച്ചര്‍..
അതിലെ പൊടിയൊക്കെ തട്ടി എന്നെ ഇരുത്തുമ്പോഴേക്കും ബാങ്ക് വിളി..
എന്നെ അതിശയിപ്പിച്ച് കൊണ്ട്
പഴം പൊരിയും , പരിപ്പു വടയും, ദോശയും സാമ്പാറുമൊക്കെയായി വിഭവ സമൃദ്ധമായൊരു നോമ്പ് തുറ...
അവരെന്നോട് ഒന്നും ചോദിച്ചില്ല..
ഒന്ന് രണ്ട് തവണ ഞാനെന്തെക്കെയോ ചോദിച്ചപ്പോള്‍ അതവര് കേട്ടും ഇല്ല..
പുറത്തിറങ്ങിയപ്പോള്‍ ആലോചിച്ചത്..
ആകെ അവരൊറ്റക്ക് നൊമ്പ് തുറക്കാനുള്ളപ്പോള്‍ എന്തിനായിരിക്കും ഇത്ര കൂടുതല്‍ അവര്‍ കരുതിയത്..
ഈ കുന്നിന്‍ മുകളിലേക്ക് നൊമ്പ് തുറക്കാന്‍ ഒരുത്തന്‍ വരുന്നുണ്ടെന്ന് അവരെങ്ങിനെ ആയിരിക്കും അറിഞ്ഞത്...
അതോ ഇനി അത് ഇന്നത്തേക്കുള്ള അവരുടെ അത്താഴം കൂടി ആയിരിക്കുമോ..?

പിന്നീട് ഒരു പാട് നോമ്പ് തുറകള്‍ ആവേശപൂര്‍വ്വവും , ആഘോഷമായും കൊണ്ടാടിയെങ്കിലും ഈ നൊമ്പ് തുറ എന്‍റെ ഏറ്റവും വലിയ അനുഭവമായി മാറുന്നതെന്തു കൊണ്ടായിരിക്കും..?
ആ മണ്ണെണ്ണ വിളക്കിന്‍റെ അരണ്ട വെളിച്ചത്തില്‍, അവരുടെ നിറഞ്ഞ ചിരിയുടെ പ്രകാശത്തിലെ ആ നോമ്പ് തുറ...

കുന്നിന്മുകളിലെ ആ ചെറിയ കൂരയിലേക്ക് നിറഞ്ഞ പുഞ്ചിരിയോടെ എന്നെ എതിരേറ്റ ആ ഉമ്മയുടെ ഓര്‍മ്മകളില്ലാതെ പിന്നീടൊരൊറ്റ നോമ്പുകാലവും എനിക്കുണ്ടായിട്ടില്ല..
പിന്നീടൊരിക്കലും കാണാത്ത..
ഇന്ന് ജീവിച്ചിരിപുണ്ടോ എന്നു പോലും അറിയാത്ത ആ ഉമ്മക്ക്..
എന്‍റെ റമദാന്‍ മുബാറക്...!!

38 comments:

  1. ഹൃദയസ്പര്‍ശിയായ, ലളിതമായ എഴുത്ത്..

    അഡ്വാന്‍സ് ഈദ് ആശംസകള്‍ ..!

    ReplyDelete
  2. പാര്‍ട്ടി പരിപാടിക്ക് പോയാല്‍ ബാങ്ക് കൊടുത്താല്‍ അവിടെ തന്നെ നിന്ന് നിസ്ക്കരിക്കുംപോള്‍ വിപ്ലവ പോരാളിയുടെ ഭക്തി കണ്ടു അതിശയിച്ച് മൂക്കത്ത് വിരല്‍ വെക്കുന്ന കൂട്ടുകാരെ കണ്ടിട്ടുണ്ട് ഞാന്‍ ..
    നിസ്കാരം കഴിഞ്ഞു ഞാന്‍ വീണ്ടും പോരാളിയാകും..
    പയ്യന്‍സിന്റെ ഭാഷയില്‍ ഭക്ത കമ്യൂണിസ്റ്റ്
    അത് മോശമായി തോന്നിയിട്ടില്ല!
    ഈയിടെ ഫൈസ്‌ ബുക്കില്‍ കണ്ടപ്പോള്‍ മോഹന കൃഷ്ണന്‍ കാലടി "യുഗോലിനോയുടെ വിശപ്പ്‌" എന്ന നാടകത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്ത്തിയപ്പോള്‍ അതിശയിച്ചു പോയി...
    പത്താം ക്ലാസില്‍ ഞങ്ങള്‍ ആ നാടകം അവതരിപ്പിക്കുമ്പോള്‍ എട്ടിലായിരുന്നു കവി!

    ReplyDelete
  3. ഓര്‍മ്മിക്കാന്‍ ഒരു ദിവസം...
    നന്നായിരിക്കുന്നു ഓര്‍മ്മകള്‍
    പെരുന്നാള്‍ ആശംസകള്‍ ...

    ReplyDelete
  4. അണ്ണാ!

    നിങ്ങളൊരു പുലിയാരുന്നല്ലേ! ഇത്രേം നാളും ഇത് അറിഞ്ഞില്ലല്ലോ!

    മനസ്സിന്റെ ആഴങ്ങളില്‍ സ്പര്‍ശിക്കുന്നുണ്ട് ഈ അനുഭവം.. ജീവിതത്തില്‍ ഇടയ്ക്ക് ഇങ്ങനെയോരോ അനുഭവങ്ങള്‍ എഞ്ചിന്‍ ഓയില്‍ പോലെ... ജീവിതത്തിന് ജീവനേകാന്‍ അല്ലേ... ഇങ്ങനെ ചില അനുഭവങ്ങളാണ് ജീവിതത്തെ പൊടിപിടിക്കാതെ സൂക്ഷിക്കാന്‍ സഹായിക്കുന്നത്.

    ReplyDelete
  5. നല്ല ഓര്‍മ്മക്കുറിപ്പ് സമീ.. ആ ഉമ്മാടെ മനസ്സിലും കാണും ബാങ്ക് വിളിയുടെ അലയൊലിയില്‍ നോമ്പ് തുറക്കാനെത്തിയ വിരുന്നുകാരനെ കുറിച്ചുള്ള ഓര്‍മ്മകള്‍..

    ReplyDelete
  6. സുപ്രഭാതം സമി...
    ഇച്ച്രിരി നൊമ്പരമെങ്കിലും ഓമനിയ്ക്കുവാനും ഓര്‍ത്തുവെയ്ക്കുവാനും ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു റംളാന്‍ അല്ലെ..?
    ജീവിതം പോലെ തന്നെ എഴുത്തും ലളിതമായിരിയ്ക്കുന്നു...മനോഹരവും....!
    ആശംസകള്‍ ട്ടൊ...!

    ReplyDelete
  7. അപ്പോള്‍ ഈ നോമ്പുതുറ നാളികളിലും ആ പഴയ ഓര്‍മ്മ തേടിയെത്തിയല്ലേ..
    “ഓര്‍മ്മകള്‍ക്കില്ല ചാവും, ചിതകളും, ഊന്നുകോലും, ജരനാര ദുഃഖങ്ങളും..”

    ReplyDelete
  8. നന്മകള്‍ ഉള്ള മനുഷ്യര്‍ സഹായഹസ്തവുമായി ഭൂമിയുടെ ഓരോ കോണിലും നമ്മെ കാത്തിരിക്കുന്നു എന്ന് വിശ്വസിക്കാന്‍ ആണ് എനികിഷ്ടം...ഒരുതരത്തില്‍ ദൈവത്തിന്റെ മാലാഖമാരെ പോലെ...നല്ലൊരു റമദാന്‍ ഓര്മ പങ്കു വെച്ചതിനു സമിക്ക് ആദ്യമേ ആശംസകള്‍....അഞ്ജാതയായ ആ ഉമ്മയ്ക്ക് എന്‍റെ പ്രാര്‍ത്ഥനകളും നിറഞ്ഞ സ്നേഹവും....

    ReplyDelete
  9. നന്നായി ഈ ഓര്‍മ്മക്കുറിപ്പ്‌.

    ആ ഉമ്മയുടെ മുഖം എന്‍റെ മനസ്സിലും തെളിയുന്നു.

    ആശംസകള്‍

    ReplyDelete
  10. റിട്ടയര്‍ ചെയ്ത വിപ്ലവകാരികളായ സംഘാടകര്‍ .. ആ പ്രയോഗം എനിക്കിഷ്ടായി.. ചില നല്ല ഓര്‍മ്മകള്‍ ഇങ്ങനെ മനസ്സിനെ തണുപ്പിച്ചു എന്നും കൂടെ ഉണ്ടാകും.. പങ്കുവെക്കലിനു നന്ദി

    ReplyDelete
  11. റിയാസ്‌August 14, 2012 at 2:05 AM

    നന്നായിട്ടുണ്ട് ഇഷ്ട്ടായി :)

    ReplyDelete
  12. ജീവിതം അങ്ങനെയാണ്... അപ്രതീക്ഷിതമായത്‌ കൊണ്ടുവന്ന് നമ്മെ വിസ്മയിപ്പിക്കും..

    സമീസ്... കുന്നിനു മുകളില്‍ വെയിലത്ത്‌ നില്‍ക്കുമ്പോള്‍ പെട്ടെന്ന് എവിടെനിന്നോ
    വന്ന്, തണുപ്പിച്ചു കടന്നുപോവുന്ന ചെറുകാറ്റ് പോലെയാണ് നിങ്ങളുടെ എഴുത്ത്.. :)

    ReplyDelete
  13. മനോഹരമായി...മനസ്സില്‍ തട്ടുന്ന തരത്തില്‍ തന്നെ എഴുതി........!!!
    ജീവിച്ചിരിപ്പുണ്ടേല്‍ ആ ഉമ്മക്ക് എന്‍റേം റമദാന്‍ മുബാറക്ക് .......!!!

    സമിക്കും.........!!!

    ReplyDelete
  14. എന്തിനധികം..ഉള്ളില്‍ തൊടുന്ന എഴുത്ത്.

    ReplyDelete
  15. എനിക്കും ഇഷ്ടായി ഈ ഓർമ്മക്കുറിപ്പ്.. ഇതുപോലെ എല്ലാ നോമ്പിനും ഞാൻ ഓർക്കുന്ന ചില അനുഭവങ്ങളുണ്ട്. പഠനം/ജോലി സംബന്ധമായി വീട്ടിൽ നിന്ന് മാറി നിൽക്കാൻ തുടങ്ങിയ അന്നുമുതലിങ്ങോട്ടുള്ള നോമ്പും നോമ്പുതുറയുമെല്ലാം ഇങ്ങനെയുള്ള അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ട്.. വീട്ടിലെ നോമ്പിന്റെ ഓർമ്മയൂം അതിനോടടുത്ത് വന്നില്ലെങ്കിലും ഒത്തുപോകാൻ പോലും ഇഷ്ടമല്ലാതിരുന്ന പിൽക്കാ‍ല നോമ്പുമാസത്തിന്റെ ആവലാതികൾക്കിടയിൽ വല്ല്ലപ്പോഴും കിട്ടിയ അപൂ‍ർവ്വ നോമ്പ്തുറ സൽക്കാരങ്ങളൂം അതു വഴി വയറും മനസ്സും ഒരുപോലെ നിറച്ച കുറച്ച് വ്യക്തികളും മറക്കാനാവാത്ത അനുഭവങ്ങളായി ഇന്നും മനസ്സിൽ..

    ReplyDelete
  16. സുന്ദരം സമ്മീ ......
    പതിവ് പോലെ തന്നെ ലളിതമായ വാക്കുകളില്‍ ഹ്രിധയ്സ്പ്രശിആയി എഴുത്ത് ..........
    ചെറുതെങ്കിലും ചില ഓര്‍മ്മകള്‍ എന്നും മനസ്സില്‍ തങ്ങി നില്‍ക്കും.......
    advance eid mubark yo u dear.......

    ReplyDelete
  17. ചില പുഞ്ചിരികള്‍ അങ്ങിനെയാണ് കാലമെത്ര കഴിഞ്ഞാലും മായാതെ മനസ്സില്‍ തന്നെ നില്‍ക്കും.... നല്ല കുറിപ്പ്.

    ReplyDelete
  18. ചില വിസ്മയങ്ങള്‍ അതെപ്പോഴും തിളങ്ങിതന്നെ നില്‍ക്കും ലളിതമായ രചന, സമീരനും പെരുന്നാള്‍ ആശംസകള്‍ ...

    ReplyDelete
  19. പിന്നീട് ഒരു പാട് നോമ്പ് തുറകള്‍ ആവേശപൂര്‍വ്വവും , ആഘോഷമായും കൊണ്ടാടിയെങ്കിലും ഈ നൊമ്പ് തുറ എന്‍റെ ഏറ്റവും വലിയ അനുഭവമായി മാറുന്നതെന്തു കൊണ്ടായിരിക്കും..?
    ആ മണ്ണെണ്ണ വിളക്കിന്‍റെ അരണ്ട വെളിച്ചത്തില്‍, അവരുടെ നിറഞ്ഞ ചിരിയുടെ പ്രകാശത്തിലെ ആ നോമ്പ് തുറ...കുന്നിന്മുകളിലെ ആ ചെറിയ കൂരയിലേക്ക് നിറഞ്ഞ പുഞ്ചിരിയോടെ എന്നെ എതിരേറ്റ ആ ഉമ്മയുടെ ഓര്‍മ്മകളില്ലാതെ പിന്നീടൊരൊറ്റ നോമ്പുകാലവും എനിക്കുണ്ടായിട്ടില്ല..
    പിന്നീടൊരിക്കലും കാണാത്ത..
    ഇന്ന് ജീവിച്ചിരിപുണ്ടോ എന്നു പോലും അറിയാത്ത ആ ഉമ്മക്ക്..
    എന്‍റെ റമദാന്‍ മുബാറക്...!!
    -------------------------------------------
    വാക്കുകളിലൂടെ മനസ്സു നിറയുന്ന അനുഭൂതി..

    ReplyDelete
  20. ഓർമ്മകൾ അനശ്വരങ്ങളാണ്‌. നന്ദി, ഹൃദയസ്പർശിയായ കുറിപ്പിന്‌.
    ആശംസകൾ.

    ReplyDelete
  21. മനസ്സിനെ തൊടുന്ന കുറിപ്പ്.....

    ReplyDelete
  22. അദ്ഭുതസ്മരണകള്‍

    ReplyDelete
  23. നന്നായി ഈ ഓര്‍മ്മക്കുറിപ്പ്‌.

    ReplyDelete
  24. ഹൃദയം നിറഞ്ഞ ഓണാശംസകള്‍......... ... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌ ...... തുമ്പ പൂക്കള്‍ ചിരിക്കുന്നു........ വായിക്കണേ............

    ReplyDelete


  25. നോന്പ്തുറയുടെ സ്മരണ പുതുക്കളില്‍ പങ്കു ചേരാന്‍ വൈകിപ്പോയി ...എങ്കിലും ആശംസകള്‍ !

    ഓ ടോ :താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ കട തുടങ്ങി.കഥപ്പച്ച..( വലിയ കഥയൊന്നുമില്ല എങ്കിലും ...! ).. എങ്കിലും അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി .. എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് ) :)))

    ReplyDelete
  26. വൈകിയാണ് എത്തിയത് ..നല്ലൊരു ഓര്‍മ്മക്കുറിപ്പ്‌ ..!

    ഓണാശംസകള്‍ സമി..

    ReplyDelete
  27. വളരെ നല്ലൊരു ഓര്‍മ്മക്കുറിപ്പ്
    അതും പരിശുദ്ധമായ നോമ്പുതുറയുടെ രൂപത്തില്‍ .
    ചില സംഭവങ്ങള്‍ , അല്ലെങ്കില്‍ ചില ഭാഗ്യങ്ങള്‍ ഇങ്ങിനെയാണ്.
    വായിക്കുമ്പോള്‍ ആ ഉമ്മയുടെ മുഖം മനസ്സിലേക്ക്
    കടന്നു വരുന്നുണ്ട്.
    ആ സ്നേഹം അനുഭവിക്കാന്‍ കഴിഞ്ഞത് എഴുത്തുകാരന്‍റെ ഭാഗ്യം.

    ഇനി എഴുത്തിനെ കുറിച്ച് പറയാം.
    നല്ലൊരു ശൈലി കയ്യിലുണ്ട്. സ്വന്തം അനുഭവങ്ങളുടെ
    കൂടെ അല്പം സൃഷ്ടിപരമായ രചനകളും ആവാം.
    മനസ്സില്‍ നാമ്പിടുന്ന ഭാവനകളെയും , ചിന്തകളെയും കുറിച്ച് ശ്രദ്ധിച്ചാല്‍ മതി.
    അങ്ങിനെയൊന്നുണ്ടായാല്‍ , കുഞ്ഞു കുഞ്ഞു വരികളിലൂടെ മനോഹരമായി
    വായനക്കാരനെ സ്പര്‍ശിക്കുന്ന രീതിയില്‍ എഴുതാനുള്ള കഴിവുണ്ട്.
    അത്രമാത്രം പറയുന്നു.

    ഇത്തരം രചനകള്‍ വിമര്‍ശനരൂപത്തില്‍ വായിക്കാന്‍ കഴിയില്ല.
    ആശംസകള്‍

    ReplyDelete
  28. ഇപ്പോഴാണു വായിച്ചത്.. കുറിപ്പിഷ്ടമായി.

    ReplyDelete
  29. വളരെ നല്ല ഓര്‍മ്മക്കുറിപ്പ്‌. ഞാനൊരു ചിട്ടയില്ലാത്ത വായനക്കാരന്‍ ആയതുകൊണ്ട് ഇവിടെ വരാന്‍ വൈകി. ഇനി മുഴുവന്‍ വായിച്ചിട്ടേ പോണുള്ളൂ.

    ReplyDelete
  30. This comment has been removed by the author.

    ReplyDelete
  31. നല്ല അനുഭവകുറിപ്പ് ..എനിക്കിഷ്ടായി ...
    ഇന്ന് നമ്മള്‍ വെറുതെ കണ്ടു മറയുന്ന കാഴ്ചകളും ..ചവിട്ടീ മെതിച്ചു പോകുന്ന പുല്‍ചെടികള്‍ പോലും കുറെ നാള്‍ കഴിയുമ്പോള്‍ വല്ലാത്ത ഒരു നൊസ്റ്റാള്‍ജിയ നമ്മളില്‍ നിറയ്ക്കും .....

    ReplyDelete
  32. ലളിതം സുന്ദരം ആര്‍ദ്രം...നല്ലോരോര്‍മ്മക്കുരിപ്പ്.

    ReplyDelete
  33. ചില ആളുകള്‍, സാഹചര്യങ്ങള്‍ ഒക്കെ അങ്ങനെയാണ്. നമ്മെ മാത്രം കാത്തു ഇരിക്കുകയായിരുന്നോ അവര്‍ എന്ന് തോന്നും പോലെ-- ദൈവത്തിന്‍റെ സാന്നിധ്യം തോട്ടറിയുന്നപോലെ---
    ആശംസകള്‍ --

    ReplyDelete
  34. സ്നേഹാര്‍ദ്രമായ ഒരു മനസ്സിന്‍റെ ഉടമക്കേ ഇങ്ങിനെ എഴുതാന്‍ കഴിയൂ..!!
    ഈ മനസ്സ് ഒരിക്കലും കൈമോശം വരാതിരിയ്ക്കട്ടെ..!
    എന്നും നന്മകള്‍ മാത്രം ഉണ്ടാവട്ടെ.!

    അസ്സലാമുഅലൈക്കും..

    ReplyDelete
  35. മറ്റൊരാള്‍ക്ക്‌ കൂടി വേണ്ടി കരുതി വെച്ചിട്ടാകണം ആ ഉമ്മയും നോമ്പ് തുറ വിഭവങ്ങള്‍ ഉണ്ടാക്കിയത്! വളരെ നന്നായിരിക്കുന്നു ബായി.. ഓര്‍മ്മയിലെ ഇങ്ങനെ ചില സംഭവങ്ങള്‍ പിന്നീടു ഓര്‍ക്കുമ്പോള്‍ -ഇത് നടന്നതോ അതോ ഒരു പാതി മയക്കത്തിലെ സ്വപ്നമോ എന്ന് തോന്നും..എനിക്കുമുണ്ട് അങ്ങനെ ചില അനുഭവങ്ങള്‍.. :)

    ReplyDelete

Related Posts Plugin for WordPress, Blogger...