Friday, August 31, 2012

വര്‍ത്തമാനകഥ



ഇന്ന് ഫെയ്സ്ബുക്കില്‍ ആരോ ഷെയര്‍ ചെയ്തൊരു ചിത്രമാണിത്..
ഒരു പാവം അമ്മയുടെ..
രാത്രിയുടെ മറവില്‍ അല്ലെങ്കില്‍ എകാന്തതയുടെ വിജനതയില്‍ മോഷ്ടാക്കള്‍ അക്രമിച്ചതൊന്നുമല്ലിവരെ...
ചോദിച്ച പണം നല്‍കാത്തതിന്‍റെ പേരില്‍..
ഒരു മകന്‍ നല്‍കിയ ഓണ സമ്മാനമാണാ മുഖത്ത് കാണുന്ന ചോരപ്പാടുകള്‍..!!
അതും ഒരു പാട് പണം കയ്യില്‍ വെച്ച് മകനെ പട്ടിണിക്കിട്ടത് കൊണ്ടൊന്നുമലല..
ഓണം കുടിച്ച് ആഘോഷിക്കാന്‍ പണം നല്‍കാത്തതിന്‍റെ പേരില്‍ മാത്രം അക്രമിക്കപ്പെട്ട ഒരു അമ്മയാണിത്..!!
ആ ചോരയൊലിക്കുന്ന ചുണ്ടുകളായിരിക്കാം അവനില്‍  സ്നേഹത്തിന്‍റെ, വാത്സല്യത്തിന്‍റെ ആദ്യ ചുമ്പനം നല്‍കിയത്...
ഒരുപാട് കഷ്ടപ്പെട്ടിരിക്കാം ആ അമ്മ അവന്‍ തന്നെ തല്ലിയ ആ കൈകളുടെ ആരോഗ്യത്തിനായി..
ഓര്‍ത്തിരിക്കില്ല അവന്‍...
ആവേശത്താല്‍..അത്ലേറെ ഭ്രാന്തമായി അവരെ തല്ലാന്‍ കൈ ഉയര്‍ത്തുമ്പോള്‍...
ആ അമ്മയുടെ അമ്മിഞ്ഞപ്പാലിന്‍റെ പുണ്യം..
അവനെ നടക്കാന്‍ പഠിപ്പിച്ചത്..
അക്ഷരങ്ങല്‍ ഉരുവിടാന്‍ പഠിപ്പിച്ചത്..
ഇത്രേം വളര്‍ത്തി വലുതാക്കിയത്...
ഒരിറ്റ് ലഹരിക്ക് വേണ്ടിയായിരുന്നല്ലൊ മകനേ നീ ആ അമ്മയുടെ ഒരായുസ്സിന്‍റെ മുഴുവന്‍ അദ്ധ്വാനത്തേയും തല്ലിത്തകര്‍ത്തത്..
ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ മദ്യാസക്തിയുടെ ഒരു നേര്‍ക്കാഴ്ചയാണിത്..
ഒരു നേരത്തെ ലഹരിക്കായി സ്വന്തം മകളെ /ഭാര്യയെ വില്‍ക്കുന്നവരുടെ വാര്‍ത്തകള്‍....
ഇതാണ് നാം അഭിമാനപൂര്‍വ്വം പറഞ്ഞിരുന്ന പ്രബുദ്ധ കേരളം..!!!

എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു..
മദ്യത്തിന്‍റെ വഴിയില്‍ സഞ്ചരിച്ച്..
വീടും , വീട്ടുകാരും ഒക്കെ നഷ്ടപ്പെട്ട് ഒരുവില്‍ ഒരു തെണ്ടിയെ പോലെ തെരുവില്‍ അലഞ്ഞ്..
അവസാനം എല്ലാവരും നോക്കി നില്‍ക്കേ ഞങ്ങളുടെ ടൌണിലെ , ഏറെ തിരക്കുള്ള തെരുവിലെ കെട്ടിട്ടത്തിന്‍റെ മുകള്‍ നിലയില്‍ തൂങ്ങി മരിച്ചത്..
അവനുള്ള എന്‍റെ ഓര്‍മ്മക്കുറിപ്പ് ഞാനിങ്ങിനെയാണ് അവസാനിപ്പിച്ചത്..

കൂട്ടുകാരാ..


ഓര്മ്മകളില്‍ എന്നും ഉണ്ടാവും
അരങ്ങില്‍ ഞങ്ങള്‍ സജീവമാവുമ്പോള്‍ അണിയറയിലെ നിന്റെ നിറഞ്ഞ സാന്നിദ്ധ്യം ..
റിഹേഴ്സല്‍ ക്യാമ്പുകളില്‍ നീയൊരുക്കിയ വിഭവങ്ങളുടെ രുചി...!!
ആ കാലങ്ങളില്‍ മദ്യത്തെക്കാള്‍ വലിയ ലഹരി നീ ഞങ്ങളില്‍ കണ്ടെത്താന്‍ ശ്രമിച്ചിരുന്നത്..
കളിയും , നാടകവുമെല്ലാം ഇല്ലാതായപ്പോള്‍ പിന്നെയും നീ നിന്റേതു മാത്രമായ ലഹരികളിലേക്ക്..
നിന്നെ കണ്ടാല്‍ തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയ കൂട്ടുകാര്‍ ..
അപ്പോഴും നിനക്ക് ഭക്ഷണം വാങ്ങിത്തന്നില്ലെങ്കിലും മദ്യം വാങ്ങിത്തരാന്‍ ആളുണ്ടായിരുന്നു..
ഭ്രാന്തിനും , മരണത്തിനും ഇടയില്‍ പിന്നെയും കുറെ നളുകള്‍ ..!!
അറിയുന്നുണ്ടായിരുന്നു..തിരുത്താനാവാത്ത വിധം നീ മാറിയത്..
എല്ലാവരും കാണ്‍കേ ഒറ്റക്കയറില്‍ തൂങ്ങി എന്താണ്  നീ ഞങ്ങളോട് പറയാന്‍ ശ്രമിച്ചത്..?
കിട്ടാവുന്നത്ര മദ്യം കുടിച്ച് തീര്‍ക്കാന്‍ വെമ്പല്‍ കൊള്ളുന്നവരോട് നീയെന്ന ജീവിത പാഠമോ..?
ഓര്‍മ്മകളില്‍ ഉണ്ടാവട്ടെ..നീന്റെ ജീവിതം ..അവര്‍ക്ക് മുന്നില്‍ ...!!!! “

ചോരയൊലിപ്പിച്ച് നില്‍ക്കുന്ന ഈ അമ്മയുടെ ചിത്രവും ഒരു ഓര്‍മ്മപ്പെടുത്തലാണ്..
നാളെയുടെ മദ്യാസക്തരാവാന്‍ വെമ്പല്‍ കൊള്ളുന്ന ഓരോ മലയാളിക്കും..
ഒരു പക്ഷേ നാളെയുടെ പത്രത്താളുകളില്‍ വരാനിരിക്കുന്നത് നിങ്ങളുടെ അമ്മയുടെ ചിത്രമാകാം ഇത് പോലെ..!!
ഇങ്ങിനെയുള്ള ഒരു മകനാകാതിരിക്കുക എന്നതായിരിക്കും നിങ്ങള്‍ക്ക് നിങ്ങളുടെ അമ്മക്ക് നല്‍കാന്‍ പറ്റുന്ന ഏറ്റവും വലിയ സ്നേഹം..!!

അത് കൊണ്ട് പ്രിയരേ.....


ഈ ഓര്‍മ്മപ്പെടുത്തല്‍ നമുക്ക് മറക്കാതിരിക്കാം...

35 comments:

  1. വളരെ നല്ല കുറിപ്പ് സമീ.പ്രത്യേകിച്ചും റെക്കോര്‍ഡ്‌ മദ്യവില്പനയോടെ കേരളം മുന്നേറുന്ന ഈ സന്ദര്‍ഭത്തില്‍ ...ഇതു പോലെ ആയിരം അമ്മമാരുടെ കണ്ണീരും ജീവിതവുമാണ് മദ്യത്തില്‍ മുങ്ങി പോകുന്നത് .പലരെയും ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും തെറ്റിക്കുന്ന വില്ലനും ഇതുതന്നെ .ഇതിലൂടെ ഒരാളെങ്കിലും ജീവിതത്തിലേക്ക് തിരികെ വരണേ എന്ന് മാത്രം പ്രാര്‍ഥിക്കുന്നു ...

    ReplyDelete
  2. ഫേസ് ബുക്കില്‍ ഈ ചിത്രം നോക്കാന്‍ കഴിയാതെ സ്ക്രോള്‍ ഡൌണ്‍ ചെയ്തു പോയതാ ഞാന്‍.
    ഇന്നിവിടെ ഈ കുറിപ്പ് കൂടെ ചേര്‍ത്ത് വായിക്കുമ്പോള്‍ വിഷമം കൂടുന്നു.
    കുറിപ്പ് നന്നായി എന്ന് പറയുന്നതിനേക്കാള്‍ നല്ലത് ഇതൊരു സന്ദേശമായി കൂടുതല്‍ പേരില്‍ എത്തട്ടെ എന്നാണ്.

    ReplyDelete
  3. ആദ്യമേ ഈ സന്ദേശം കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ താങ്കള്‍ക്കു ആകട്ടെ എന്ന പ്രാര്‍ത്ഥന.. മദ്യം നമുക്കിപ്പോള്‍ ഒരു വിപത്ത് എന്ന നില വിട്ടു ഒരു ദുരന്തം എന്ന രീതിയിലേക്ക് മാറിയിരിക്കുന്നു.. കടുത്ത മദ്യാസക്തി ഗുരുതരമായ കേട്ട് കേള്‍വിയില്ലാത്ത കുറ്റകൃത്യങ്ങളിലേക്കാണ് ജനങ്ങളെ നയിക്കുന്നത്. ഇതിനെതിരെ നമുക്കെന്തു ചെയ്യാനാകും എന്ന ചോദ്യമാണ് പ്രസക്തം.. എന്തെങ്കിലും ചെയ്യണം. മദ്യപാനികളെ മുഴുവന്‍ അതില്‍ നിന്ന് മോചിപ്പിക്കല്‍ എളുപ്പത്തില്‍ നടക്കുന്നതല്ല എന്ന് നമുക്കറിയാം. പക്ഷെ അവരെ നിയന്ത്രിച്ചു മദ്യപിക്കുന്നവരാക്കാന്‍ ആദ്യം പരിശീലിപ്പിക്കാം.. നമ്മുടെ ചില സുഹൃത്തുക്കളെ നമുക്കങ്ങനെ ആക്കാമല്ലോ. ഇത് വായിക്കുന്നവര്‍ മദ്യപാനികള്‍ ആണെങ്കില്‍ എന്റെ അപേക്ഷ ഇത് വായിച്ചു നിങ്ങള്‍ അത് ഉപേക്ഷിക്കാന്‍ തയ്യാറാകൂ.. മദ്യപാനികള്‍ അല്ലെങ്കില്‍ മദ്യപാനിയായ സുഹൃത്തുക്കളില്‍ ഏറ്റവും പ്രിയപ്പെട്ട ഒരാളെയെങ്കിലും നിയന്ത്രിത മദ്യപാനിയും അങ്ങനെ പതിയെ അതില്‍ നിന്ന് മുക്തനായ ഒരാളും ആക്കാന്‍ ശ്രമിക്കൂ.. നിങ്ങള്‍ക്ക് കഴിയും

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. എല്ലാ സൂപര്‍ മാര്‍കേറ്റ്കളിലും മദ്യം സുലഭമായി ലഭിക്കുന്ന രാജ്യങ്ങളില്‍ ഒന്നും ഇത്ര വലിയ വിപത്തായി ഇത് മാറുന്നില്ല. ഒരാഫ്രിക്കന്‍ രാജ്യമായ ഗബോനില്‍ (ഞാന്‍ ഇപ്പോള്‍ അവിടെയാണ്) നമ്മുടെ നാട്ടിന്റെ നാലില്‍ ഒന്ന് വിലക്ക് എല്ലാ സൂപര്‍ മാര്‍കേറ്റ്കളിലും മദ്യം ലഭിക്കും. എന്നിട്ടും ഇവിടെ ഒരാളെപോലും മദ്യപിച്ചു വഴിയില്‍ കിടക്കുന്നതയോ, മദ്യപിച്ചു ബഹളം ഉണ്ടാക്കുന്നതായോ കണ്ടിട്ടില്ല. ഇവിടെ പകല്‍ സമയത്തും ബാറില്‍ ഇരുന്നു ബിയര്‍ അടിക്കുന്നവരെ കാണാം. പക്ഷെ ഒരാള് പോലും പരുധി വിട്ടു പെരുമാറുന്നത് കണ്ടിട്ടില്ല. നമ്മള്‍ കുറച്ചു കൂടി ഓപ്പണ്‍ അയാള്‍ ഇന്‍ എ ലോങ്ങ്‌ റണ്‍ മദ്യാസക്തി കുറയും എന്നാണ് എനിക്ക് തോന്നുന്നത്.

    ReplyDelete
    Replies
    1. അങ്ങനെ എനിക്ക് തോന്നുന്നില്ല ശ്രീജിത്ത്
      വേറെ എന്തോ ആണ് ഇതിന് പരിഹാരം
      അതെന്താണെന്ന് പറയാനും അറിയില്ല

      Delete
  6. കാലികം പ്രസക്തം സമീ good one
    പണ്ടൊക്കെ കള്ള് ഷാപ്പില്‍ പോകുന്നവര്‍ തല വഴി മുണ്ടിട്ടു മറച്ചാണ് പോയിരുന്നത്
    കാരണം മദ്യപാനം സമൂഹം മാന്യമല്ലാത്ത ഒന്നായി ആണ് കണ്ടിരുന്നത്‌
    എന്നാല്‍ ഇന്ന് മദ്യ പാനം ഒരു സ്റ്റാറ്റസ് സിമ്പല്‍ ആയിരിക്കുന്നു മലയാളി സമൂഹത്തില്‍

    Bev-co യുടെ മുന്നില്‍ യാതൊരു ചളിപ്പും ഇല്ലാതെ പുതിയ തലമുറ ക്യു നില്‍ക്കുന്നത് കണ്ടിട്ടില്ലേ
    റേഷന്‍ കടയിലോ ആശുപത്രിയിലോ ഒന്നും ക്യു നില്ല്കാന്‍ ഷമയില്ലാത്ത
    മലയാളി എത്ര ശാന്തനായി ആണ് മദ്ധ്യം വാങ്ങാന്‍ ക്യു നില്‍ക്കുന്നത്
    മദ്യത്തിന്റെ ലഹരിയില്‍ രക്ത ബന്ധം പോലും
    മറക്കുന്ന അപകടകരമായ അവസ്ഥ
    നമ്മുടെ നാടിനെ എവിടെക്കാണ്‌ നയിക്കുന്നത്..........

    ReplyDelete
  7. ഒവ്വാ .. ലോകത്ത് ഏറ്റവും വല്യ പാവങ്ങള്‍ കള്ളുകുടിയന്മാരാണ് ..........

    ആരും കള്ളു കിടിയന്മാരായി ജനിക്കുന്നില്ല ... നിങ്ങളാണ് കള്ളുകുടിയന്മാരെ സൃഷ്ട്ടിക്കുന്നത്



    ReplyDelete
    Replies
    1. തെളിവുകള്‍ വേണെങ്കി തരാം

      Delete
    2. കള്ളുകുടിയന്മാരെ ആരും സൃഷ്ടിക്കുന്നതല്ല. ആത്മനിയന്ത്രണം ഉള്ള ഒരുത്തനെയും കള്ളുകുടിയന്‍ ആക്കാന്‍ കഴിയില്ല.

      Delete

  8. 2012 മയ് 30 നു എന്റെ ബ്ലോഗിൽ കുറിച്ചതു ഇവിടെ പങ്കിടുന്നു. സമീറൻ ഒരമ്മ മാഹാട്മ്യത്തിന്റെ ചരമക്കുറിപ്പെഴുതിയിരിക്കുന്നു.നമുക്കു പിമ്പേ നടന്നുവരുന്നവരെങ്കിലുംിതൊന്നു മാറ്റിയെഴുഠുമോ?

    മദ്യം തിന്മകളുടെ മാതാവാന്നു.

    ഇടതടവില്ലാതെ വരുന്ന ദുരന്ത വാര്‍ത്തകള്‍ മനസ്സിനെ തപിപ്പിക്കുംപോള്‍ കുളിരുമായി ഒരു വാര്‍ത്ത വന്നു.പാന്‍ മസാലകളുടെ വ്യാപാരം മലയാള മണ്ണില്‍ നിരോധിച്ചു.
    പാന്‍ മസാല ലഹരി പകരുന്നതാന്നു.ലഹരി നല്കുന്നതെല്ലാം മദ്യത്തിന്റെ കൂട്ടത്തില്‍ പെടുന്നു.കുട്ടികള്‍ മിട്ടായി ആസ്വദിക്കുന്നത് പോലെയാന്നു പാന്‍ മസാല പോലെയുള്ള
    ലഹരി വസ്തുക്കളും നുണയുന്നത്.ഇതിര് ശീലമായി മാറുകയാന്നു.സ്കൂള്‍ ,കോളേജ് പരിസരങ്ങള്‍ ഇവയുടെ വിപണി സാമ്രാജ്യമാന്നു.എളുപ്പം ലഭ്യമാക്കാവുന്ന ലഹരി എന്നതാന്നു
    ഇതിനെ പോപ്പുലര്‍ ആകിയതെന്നു തോന്നുന്നു.
    ഇതുകൊണ്ട് അവസാനിപ്പിക്കവുന്നതാണോ ? നിരോധിച്ചതെല്ലാം ആസ്വദിക്കുവ്വാനുള്ള താനെന്ന ചിന്തയിലാന്നു നാം .ശക്തമായ ബോധവത്കരണം ആവശ്യ്മെല്ലേ?
    'ഇന്നുമുതല്‍ മദ്യം നിങ്ങള്ക്ക് വിരോധിച്ചിരിക്കുന്നു' എന്ന സൂക്തം പ്രവാചകന്‍ തന്റെ സഖാകളെ അറിയിച്ചപ്പോള്‍ നിറച്ചു വെച്ചിരുന്ന മദ്യ ചഷകങ്ങള്‍
    മദീന തെരുവിലൂടെ അരുവികള്‍ ഉണ്ടാക്കിയെന്നു ചരിത്രം.ബോധാവട്കരന്നതിലൂടെ നേടിയെടുത്ത ദൈവ ഭയമായിരുന്നു കാരണം.അതിന്നു നമുക്ക് കഴിയന്നം.എങ്കിലേ നിരോധനം കൊണ്ട് നേട്ടമുള്ളൂ.
    പാന്‍ മസാല കൊണ്ട് നിര്‍ത്തരുത്.എല്ലാ ലഹരി വസ്തുക്കളും നിരോധിക്കന്നം.അക്രമം,കൊല തുടങ്ങി എല്ലാറ്റിന്റെയും മാതാവ് ലഹരിയാന്നു.
    ഇടതടവില്ലാതെ വരുന്ന ദുരന്ത വാര്‍ത്തകള്‍ക്ക് വിരാമ മിടാന്‍ മദ്യമുല്പെടെയുള്ള ലഹരി നിരോധനം കൊണ്ട് കഴിയും.സര്‍ക്കാരിന്റെ ആലോചന ആ വഴിക്ക്
    ആകെട്ടെ .


    ReplyDelete
  9. മദ്യപാനം എത്ര അപകടകരമായ സാമൂഹിക വിപത്താണെന്ന്‍ നാം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നതേയുള്ളൂ. ആഘോഷവേളകളിലെ മദ്യവില്‍പ്പനക്കണക്ക് പെരുപ്പിച്ച് മാധ്യമങ്ങളില്‍ കൂടിയും മറ്റും വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത് ആദ്യം ഒഴിവാക്കണം. ജനങ്ങളെ ബോധവാന്മാരാക്കുന്നതിനു കൂടുതല്‍ സന്നദ്ധസംഘടനകള്‍ മുന്നിട്ടിറങ്ങണം. സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുമെന്നത് പകല്‍ക്കിനാവു മാത്രമാണു. പൊന്‍ മുട്ടയിടുന്ന താറാവിനെ കൊല്ലാന്‍ മാത്രം വിഡ്ഡികളാണൊ അവര്‍. സ്കൂല്‍ തലം മുതലേ കുട്ടികള്‍ക്ക് ശക്തമായ ബോധവത്ക്കരണം നല്‍കണം.വരും തലമുറയെങ്കിലും നന്നാവുകയാണെങ്കില്‍ ............

    ReplyDelete
  10. ഈ സംഭവമൊരു താക്കീതാണ് നമുക്ക്. ഇത്തരം സംഭവങ്ങൾ ഒരു വാർത്തപോലുമല്ലാതായിത്തീരുന്ന ഒരു നാളെയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന താക്കീത്. മദ്യത്തിൽ റവന്യൂ വരുമാനം കണെത്തുന്ന അധികാരികൾ നാടിന്റെ സമാധാനത്തെയാണ് കള്ളിനു വേണ്ടി പണയപ്പെടുത്തുന്നത്. നമ്മുടെ സാമൂഹികാവബോധം മാറേണ്ടതുണ്ട്. മദ്യം തിന്മകളുടെ മാതാവാണെന്നുള്ളത് ഓരോ മലയാളിയും മനസ്സിലുറപ്പിച്ച് വിശ്വസിക്കട്ടെ.

    ഓരു ചെറുതിരുത്ത്..." ഇങ്ങിനെയുള്ള ഒരു മകനാകാതിരിക്കുക എന്നതായിരിക്കും നിങ്ങള്‍ക്ക് നിങ്ങളുടെ അമ്മക്ക് നല്‍കാന്‍ പറ്റുന്ന ഏറ്റവും "വലിയ" സ്നേഹം..!! ഏറ്റവും ചെറിയ സ്നേഹം എന്നതാവും ഉചിതം.

    ReplyDelete
  11. സുപ്രഭാതം സമീ..
    അമ്മ...അവരുടെ കണ്ണുനീര്‍ നെഞ്ചകം പിളര്‍ക്കും..
    അതിനുള്ള സാഹചര്യങ്ങള്‍ ഉണ്ടാവാതിരിയ്ക്കാന്‍ പ്രാര്‍ത്ഥനകള്‍...!

    ReplyDelete
  12. തുറന്നപ്പോള്‍ കണ്ട ചിത്രം തന്നെ ഹൃദയം തകര്‍ത്തല്ലോ സമീസ്...

    എന്താ പറയ്യാ!!! നോ വോര്‍ഡ്സ്!!

    ReplyDelete
  13. ചിത്രം നോക്കുവാന്‍ തന്നെ കയ്യുന്നില്ല................... ലഹരി മനുഷ്യനെ സമനില തെറ്റിക്കുമെന്നു പറയുന്നത് എത്ര ശെരിയാണ് ..........

    ReplyDelete
  14. ഹൊ
    എന്തായാലും, ഒരിക്കലും കാണാൻ കഴിയത്തതും സഭവിക്കാൻ പാടില്ലാത്തതും അമ്മ എന്ന വാക്കിന്റെ അർത്ഥം മനസിലാക്കാത്ത കാട്ടളവർഗങ്ങൾ ,

    ReplyDelete
  15. അമ്മേ മാപ്പ്...

    ReplyDelete
  16. ഇതിനെ കുറിച്ച് രണ്ടു ദിവസം മുന്നേ ഫെയ്സ് ബുക്കില്‍ വായിച്ചു. മനസ്സു പലപ്പോഴും ശൂന്യമാകുന്നു എങ്കില്‍ അത് ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴാണ്. വീണ്ടും ഈ പോസ്റ്റിലൂടെ ഇതേ വാര്‍ത്ത ഒരു ഓര്‍മ പ്പെടുത്തലായി മനസ്സിലേക്ക് കടന്നു വരുമ്പോള്‍ മനസ്സ് പക്ഷെ ശൂന്യമാകുന്നില്ല.

    ഓര്‍മ പ്പെടുത്തലുകള്‍ അങ്ങിനെയാണ്. മനസ്സിന്റെ വ്രണത്തെ വീണ്ടും വ്രണപ്പെടുത്തി കൊണ്ടേയിരിക്കും.

    ReplyDelete
  17. എന്തിനു സമീരാ വീണ്ടുമീ ചിത്രം പോസ്റ്റ്‌ ചെയ്തു...

    ReplyDelete
    Replies
    1. ചിലതൊന്നും അത്രവേഗം മറന്നു പോകരുത് കാത്തി...

      Delete
  18. :(
    അമ്മിഞ്ഞപ്പാല് നുണഞ്ഞോ-
    രുണ്ണിക്കിങ്ങനെ ചെയ്യാനാമോ??

    ReplyDelete
  19. സമീരന്‍ , പ്രസക്തമായൊരു വിഷയം നന്നായി പറഞ്ഞു .

    ReplyDelete
  20. ഇത് ഇന്ന് കേരളത്തിലെ ഒറ്റപെട്ട കാഴ്ചയല്ല....

    നമ്മുടെ നാടിന്റെ ഗതികേട് ഓര്‍ത്തു വിലപിക്കയെ തല്ക്കാലം മാര്‍ഗമുള്ളൂ ...

    കാലികമായ വിഷയം.... നന്നായി കുറിച്ചു

    ReplyDelete
  21. പത്രത്തില്‍ വായിച്ചിരുന്നു ...ആ അമ്മ മനസ്സ് എന്തുമാത്രം വേദന അനുഭവിക്കുന്നുണ്ടായിരിക്കും

    ReplyDelete
  22. നമ്മള്‍ക്ക് നിയന്ത്രിക്കാന്‍ പറ്റാതെ ആവുന്ന ശീലങ്ങള്‍ ഉണ്ടാക്കിയെടുക്കതിരുക്കുന്നതാണ് നല്ലത് ... അത് മറ്റുള്ളവരുടെ ജീവതത്തില്‍ നിന്നും നമുക്ക് പാഠം ആക്കാം സമീറിന്റെ സുഹൃത്ത്‌ ഉദാഹരണം

    ReplyDelete
  23. തരാതരമായ് പെറുമാറാന്‍ കഴിവുള്ളവരാണ് മിക്ക മനുഷ്യരും. അങ്ങനെ വേണം താനും. എന്നാല്‍ ലഹരിക്ക് അടിമപ്പെടുന്നവര്‍ക്ക് ഈ വേര്‍തിരിവ് നഷ്ടമാകുന്നു. കേരളത്തിലെ ചെറുപ്പക്കാരുടെ വര്‍ദ്ധിച്ചുവരുന്ന മദ്യപാനാസക്തിയും ..ഇതില്‍ ചാലക്കുടിയും കരുനാഗപ്പള്ളിയുമൊക്കെ മത്സരിക്കുന്നരീതിയില്‍ കാര്യങ്ങള്‍ വഷളായി എത്തി നില്‍ക്കുമ്പോള്‍ ..ഈ ചിത്രം വീണ്ടുവിചാരത്തിന് ഇട നല്‍കുന്നു.!

    അമ്മയെ സ്നേഹിക്കുന്നതും,ബഹുമാനിക്കുന്നതും, പരിരക്ഷിക്കുന്നതും “ആണുങ്ങളായ“ മക്കള്‍ക്ക് ചേര്‍ന്നത് തന്നെ..!!

    ReplyDelete
  24. അവിചാരിതമായി ഇവിടെ എത്തി.ഗൌരവതരമായ വിഷയം.ഹൃദ്യമായ അവതരണം.

    ReplyDelete
  25. മിനി.പി.സിSeptember 10, 2012 at 12:17 AM

    നല്ല പോസ്റ്റ്‌ . സങ്കടം വന്നുപോയി ! എത്രയെത്ര ബോധവല്കരണങ്ങള്‍ നടത്തുന്നു ,എന്നിട്ടും .................!അല്ലെ ?

    ReplyDelete
  26. മദ്യം !! കേരളത്തെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്ന കാന്‍സര്‍ ആണ്. ഈ പോസ്റ്റ്‌ വായിക്കാന്‍ വൈകിപ്പോയി. കുടിയന്മാരുടെ സ്വന്തം നാടായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തെ കുറിച്ചായിരുന്നു എന്റെയും പുതിയ പോസ്റ്റ്‌.,. ആശംസകള്‍.,. സമീരന്റെ കൂടെ ഞാനും കൂടുന്നു !

    ReplyDelete
  27. ഭാര്യയെ വിറ്റാല്‍ ചോദിക്കാന്‍ ആളുണ്ട് ...സഹോദരനെ കൊന്നാല്‍ ചോദിക്കാന്‍ ആളുണ്ട് ...അമ്മയെ തല്ലിയാല്‍ ചോദിക്കാന്‍ ആളുണ്ട് ...അച്ഛനെ വെട്ടിയാലും ചോദിക്കാന്‍ ആളുണ്ട് പാവം കുടിയന്മാര്‍ക്ക് ഒരു പ്രശനം വന്നാല്‍ ഒരു പട്ടി പോലും ഇല്ല തിരിഞ്ഞു നോക്കാന്‍ എനിക്ക് ഈ ലോകത്തോട്‌ വെറുപ്പാണ് കൂട്ടരേ

    ReplyDelete
  28. വാര്‍ത്തകള്‍ കണ്ട് ഞെട്ടിത്തരിച്ചിരിക്കാനും വ്യാകുലപ്പെടാനുമല്ലാതെ ഒരു പരിഹാരം കാണാന്‍ , ഇനിയും ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ , അമ്മമാരുടെയും സഹോദരിമാരുടെയും കുഞ്ഞുങ്ങളുടെയും കണ്ണീരു തുടക്കാന്‍ നമുക്ക് എന്താണ് ചെയ്യാനാവുക എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കുറഞ്ഞ പക്ഷം നെറ്റ്‌വര്‍ക്ക് കൂട്ടായ്മകളില്‍ എങ്കിലും ഒരു ശ്രമം തുടങ്ങാന്‍ കഴിഞ്ഞെങ്കില്‍ ....

    ReplyDelete
  29. ഒരിക്കല്‍ ഒന്ന് ഓടിച്ചു നോക്കി
    ഇന്ന് അല്പം സമയം ചിലവഴിച്ചപ്പോള്‍ ഒരു വല്ലായ്മ

    ഇന്നത്തെ തലമുറ എങ്ങോട്ട് ?

    ഇന്ന് ഞാന്‍ നാളെ നീ എന്നാ വാക്കുകള്‍ അവന്‍ മറക്കുന്നുവോ ?

    ആയിരകണക്കിന് അമ്മ മാരുടെ ഈ അവസ്ഥ ..
    കണ്ടിട്ടും പടികാത്ത മക്കള്‍ ..

    ഇനിയെങ്കിലും ഒരു മാറ്റം വരട്ടെ എന്നാ പ്രാര്‍ത്ഥനയോടെ .

    ReplyDelete
  30. അക്കാകുക്ക എന്താ പറയാ...
    ഈ ലോകത്തിന്‍റെ പോക്ക് എങ്ങോട്ടാ?....
    ഒരു പിടിയും കിട്ടുന്നില്ല....എനിയ്ക്ക് തോന്നുന്നത്-
    -എല്ലാത്തിനും കാരണം "മദ്യം" എന്ന മഹാവിപത്ത് തന്നെ...
    നല്ല ഒരു തലമുറയ്ക്കായി പ്രാര്‍ത്ഥനയോടെ കാത്തിരിയ്ക്കാം.

    ReplyDelete

Related Posts Plugin for WordPress, Blogger...