Sunday, December 15, 2013

ജബൽ ഹഫീതിലേക്ക് ഒരു യാത്ര..!ജബൽ ഹഫീത് - അൽ ഐൻ.

യു എ ഇ യിൽ കഴിഞ്ഞ ഒന്നു രണ്ടു ദിവസമായി മഴയാണ്..
ആകാശം എപ്പഴും മൂടിക്കെട്ടി നാട്ടിലെ മഴക്കാലം പോലെ..
ഇടയ്ക്കിടെ മഴ ചാറുന്നുണ്ട്..
ചിലപ്പോൾ തിമർത്ത് പെയ്യുകയും..
എന്നാ പിന്നെ ഒരു യാത്രയാവാം എന്നായി..
ഇവിടെ ഒരു യാത്ര എന്ന് പറഞ്ഞാൽ ആദ്യം മനസ്സിലേക്കെത്തുന്നത് 'ജബൽ ഹഫീത് ' തന്നെയാണ്..!
നാട്ടിൽ ചുരം കയറുമ്പോഴുള്ള പോലെ കണ്ണിനു കുളിർമ്മ നൽകുന്ന പച്ചപ്പൊന്നും ഇല്ലെങ്കിലും ഓരോ തവണ ഇങ്ങോട്ട് വരുമ്പോഴും പിന്നെയും ഈ കുന്ന് കയറാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്നിവിടുണ്ട്.
പിന്നെ മരുഭൂമിയിലെ മരുപ്പച്ച കണക്കേ താഴെയുള്ള 'ഗ്രീൻ മുബാഷിറ'യും..


ഞങ്ങൾ അഞ്ചു പേർ..
കൂട്ടത്തിലൊരു വികൃതിയുണ്ട്..
അവനു സൂ കാണണം..
പീകോക്കിനേയും , സ്നേക്കിനേയും കാണണം..
ഇവിടുള്ള മലയാളി (?) കുട്ടികളോട് സംസാരിച്ചാൽ ചിലപ്പോൾ സഹതാപം തോന്നും
മഴവില്ലെന്നും , മയിലെന്നും ഒക്കെ നമ്മളൊക്കെ ചെറുപ്പത്തിൽ (ഇപ്പഴും) പറയുമ്പോൾ അവയുടെ എല്ലാ സൗന്ദര്യവും നമ്മുടെ കണ്ണിൽ നിന്നും മുഖത്തു നിന്നും വായിച്ചെടുക്കാം മഴവില്ലിന്റെ ഏഴു നിറങ്ങളും , പീലി വിടർത്തി ആടുന്ന മയിലിന്റെ ഭംഗിയമൊക്കെ ഉണ്ടാവും അതിൽ. ഇതീ കുട്ടികൾ തികച്ചും യാന്ത്രികമായി റെയിൻബോ എന്നും പീകോക്കെന്നും പറയുമ്പോൾ.....

അൽ ഐൻ യു എ ഇ യുടെ പൂന്തോട്ടമാണ്..
പൂന്തോട്ടങ്ങളാൽ അലങ്കരിച്ച റൗണ്ടെബൗട്ടുകളും , മരങ്ങളാൽ സമ്പന്നമായ വഴിത്താരകളും....
അൽ ഐൻ മൃഗശാല - അത്ര മഹത്തരം എന്നൊന്നും തോന്നില്ലെങ്കിലും മനോഹരമായി രൂപകല്പന ചെയ്ത , നന്നായി പരിപാലിക്കുന്ന ഒന്ന്.
ഒരു ഓട്ടപ്രദക്ഷിണം നടത്തി നേരെ ജബൽ ഹഫീതിലേക്ക്..
മല കയറാൻ തുടങ്ങിയപ്പോൾ 'ഓഹ്.. ഇതൊക്കെ എന്തോന്ന് ..ഇതിലും വലിയതെന്തൊക്കെ നമ്മൾ കണ്ടിരിക്കുന്നു എന്ന് ജബൽ ഹഫീതിലേക്ക് ആദ്യായി വരുന്ന കൂട്ടുകാരന്റെ കമന്റ്..
മുകളിലേക്കെത്തും തോറും അത് മാറി അത്ഭുതമായി മാറുന്നത് കണ്ടിരിക്കാൻ ഒരു സുഖമുണ്ടായിരുന്നു.
കേരളത്തിലൊരു ചുരം കയറുന്നതിനു തികച്ചും വ്യത്യസ്ഥമാണ് ജബൽ ഹഫീത് കയറുമ്പോൾ. ചുറ്റിലും മരങ്ങളും , കാടും, പൂക്കളും അരുവിയും , പച്ചപ്പും ഒന്നുമില്ല.. പക്ഷേ വന്യമായൊരു സൗന്ദര്യമുണ്ട് ഈ മൊട്ടക്കുന്നുകൾക്ക്.. രാത്രിയാണ് കയറുന്നെങ്കിൽ താഴെ അൽ ഐനും ചുറ്റുവട്ടങ്ങളും ദീപാലങ്കൃതമായി നല്ലൊരു കാഴ്ച നൽകും.
വളരെ നല്ല രീതിയിൽ ഒരുക്കിയിരിക്കുന്ന റോഡും മറ്റും..
മുകളിൽ വലിയൊരു മൈതാനം..!
വിശാലമായ പാർക്കിങ്ങ്..
എത്ര നന്നായാണ് ഇവരീ ടൂറിസ്റ്റ് സ്പോട്ട് ഒരുക്കിയിരിക്കുന്നത്..!!
പ്രകൃതിയുടെ സംഭാവനക്കപ്പുറം ഇവരുടെ ആസൂത്രണവും , ഇച്ഛാശക്തിയും തന്നെയാണ് ജബൽ ഹഫീതിനെ ഇത്ര മനോഹരമാക്കുന്നത്.
മുകളിൽ നല്ല തണുത്ത കാറ്റുണ്ട്..!!
ഇവിടെ വരുംമ്പോഴൊക്കെയും മുകളിലെ റസ്റ്റോറന്റിൽ നിന്നും 'ഷീഷ' വലിച്ചിരുന്നു. ഈ തണുപ്പിൽ പിടിച്ച് നില്ക്കാൻ വേറെ ഒരു വഴിയും ഇല്ല..നേരെ അങ്ങോട്ട് വച്ചുപിടിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം.
അതൊക്കെയും പൂട്ടിപ്പോയിരുന്നു. പകരം കുറച്ച് കൂടി നല്ല ഒന്നു രണ്ടു റസ്റ്റോറന്റുകൾ... തൽക്കാലം കാപ്പികുടിച്ച് തണുപ്പകറ്റുകയേ നിവർത്തിയുള്ളൂ...
തണുപ്പ് കാരണം അധിക നേരം അവിടെ നിൽക്കാതെ താഴേക്ക്..
താഴെ ഗ്രീൻ മുബാഷിറയുണ്ട്..!!
ചുറ്റുമുള്ള കുന്നുകൾ മുഴുവൻ പുല്ല് വെച്ചുപിടിപ്പിച്ച് മനോഹരമാക്കിയ ഒരു താഴ്വാരം..!!
ഒരിത്തിരി പച്ചപ്പ് പോലും ഇല്ലാഞ്ഞിട്ടും എത്ര കഷ്ടപ്പെട്ടാണ് ആ കുന്നുകളിൽ മുഴുവൻ വെള്ളമെത്തിച്ച് ഈ പച്ചപ്പുകൾ നിർമ്മിച്ചിരിക്കുന്നത്..!!
ഗ്രീൻ മുബാഷിറക്കുള്ളിൽ എത്തിയാൽ ഒരാളും സമ്മതിച്ച് തരില്ല ഇത് ഒരു മരുഭൂമിലാണെന്ന്..അത്രയും പച്ചപ്പ്..!!
പിന്നെ എപ്പോഴും ചുടുവെള്ളം കിട്ടുന്ന അരുവിയും..
എന്ന് പോയാലും ആലോചിക്കും .. ഈ വെള്ളം പ്രകൃതിദത്തമാണോ..? അതോ ഇവർ ചൂടാക്കി ഒഴുക്കുന്നതാണോ..?
പക്ഷേ ഒരിക്കൽ പോലും ഞാനത് അറിയാൻ ശ്രമിച്ചിട്ടില്ല..
ഇനി അത് കൃതിമമാണെങ്കിൽ ഞാനത് അറിയാതെ പോകട്ടെ...
എനിക്കെന്നും അത് പ്രകൃതിയുടെ ഒരു അത്ഭുതമായി കാണാനാനിഷ്ടം.!
ഏറെ നേരം ആ ചുടുവെള്ളത്തിൽ കാല് നനച്ചിരുന്ന് , പുല്ലു പുതച്ച കുന്നിൽ മുകളിൽ നിന്നും താഴേക്ക് കൂടെയുള്ള വികൃതിയോടൊപ്പം മറ്റൊരു കുട്ടിയായി ഉരുണ്ട്.....
എത്ര നേരമങ്ങിനെ........!!
ഏറെ വൈകി മനസ്സില്ലാ മനസ്സോടെ തിരിച്ച് ദുബായിലേക്ക്..
അപ്പോഴും മനസ്സ് പറയുന്നുണ്ടായിരുന്നു...
യാത്ര പറയുന്നില്ല...തിരിച്ച് വരും ഞാൻ ഇനിയും...


Monday, October 7, 2013

ഓര്‍മ്മകളിലെ ചില ചങ്ങലക്കിലുക്കങ്ങള്‍.....!


കഴിഞ്ഞ ദിവസമാണ് പണ്ടെന്നോ കണ്ടുമറന്ന ഒരു ഭ്രാന്തനെ സ്വപ്നത്തില്‍ കണ്ട് ഞെട്ടിയുണര്‍ന്നത്... പിന്നെ ഉറക്കം വരാതെ കിടന്നപ്പോള്‍ ഓര്‍ത്തതു മുഴുവന്‍ പരിചയമുള്ള ഇതു പോലുള്ള കഥാപാത്രങ്ങളെ കുറിച്ചാണ്.. 
ഭ്രാന്തന്മാരെ കുറിച്ചോര്‍ത്താല്‍ എപ്പഴും ആദ്യം മനസ്സില്‍ വരിക കോട്ടക്കാവ് പൂരത്തിന് കണ്ട പേരറിയാത്ത ആ ഭ്രാന്തന്‍ തന്നാവും.. 

അക്കഥ ഇങ്ങിനെയാണ്.. 
ഞാനും ന്റ്റെ അമ്മായിയുടെ മകനും കൂടി കോട്ടക്കാവ് പൂരകാണാന്‍ പോകുന്നു...പൂരം കണ്ട് നടക്കുന്നതിനിടയില്‍ ഒരാഗ്രഹം ഐസ്ക്രീം കഴിക്കാന്‍.. ഐസ്ക്രീം വാങ്ങി ഒന്ന് നൊട്ടിനുണഞ്ഞപ്പഴേക്കും എന്‍റെ കയ്യില്‍ നിന്നും ആ ഐസ്ക്രീം ആരോ തട്ടിപ്പറിച്ചെടുക്കുന്നു.. തിരിഞ്ഞ് നോക്കിയപ്പോള്‍ അതാ ജഢ കെട്ടിയ മുടിയും , താടിയുമൊക്കെയുള്ള ഒരു വികൃത രൂപം എന്‍റെ ഐസ്ക്രീമും നുണഞ്ഞ് കൊണ്ട് നിന്നു ചിരിക്കുന്നു.. ആശിച്ച് വാങ്ങിയ ഐസ്ക്രീം കഴിക്കാന്‍ പറ്റീലല്ലോന്നോര്‍ത്തപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു.. ഞാന്‍ കരയുന്നത് കണ്ട് പാവം തോന്നീട്ടാവണം അയാളെനിക്ക് നേരെ അത് നീട്ടി..
‘ഊഹും‘..
ഞാനൊരു ചുവട് പിന്നിലോട്ട് നീങ്ങി.. അയാള്‍ അതും നീട്ടിപ്പിടിച്ച് രണ്ട് ചുവടു മുന്നോട്ടും.. എനിക്ക് പേടിയായി.. അയാളിപ്പോള്‍ എന്നെ പിടിക്കും ന്ന് മനസ്സ് പറയുന്നു.. പിന്നെ പൂരപ്പറമ്പും , ആള്‍ക്കൂട്ടവും ഒന്നും എന്‍റെ മനസ്സിലുണ്ടായില്ല.. ഓടി ഞാന്‍ നിറുത്താതെ.. ഏകദേശം രണ്ട് കിലോമീറ്റര്‍ ദൂരെയുള്ള ഉമ്മയുടെ തറവാട് എത്തീട്ടേ ആ ഓട്ടം നിന്നുള്ളൂ... അതിനു മുന്നെ ഇങ്ങിനെ ഒരു ഓട്ടം ഓടിയത് ആമക്കാവ് പൂരത്തിന് ‘കരിങ്കാളി’യെ കണ്ട് പേടിച്ചിട്ടാണ്.. 

ഇപ്പഴും ഇത് രണ്ടും എന്നില്‍ പേടിയുണ്ടാക്കും.. 
എത്ര ധൈര്യം സംഭരിച്ച് നിന്നാലും മനസ്സിന്‍റെ ഉള്ളില്‍ ഒരു ഭയം.. 
‘ഓടിക്കോ അത് നിന്നെയിപ്പോള്‍ പിടിക്കും‘ ന്ന് ആരോ പറയുന്നത് പോലെ....

ഭ്രാന്തന്മാരെക്കുറിച്ചോര്‍ത്താല്‍ പിന്നെ ഓര്‍മ്മ വരുന്നത് ‘രാമു’വിനെയാണ്. ഒരു കുന്നിനും , താഴെ കാണുന്ന വിശാലമായ പാടത്തിനും ഇടയിലുള്ള ഒരിത്തിരി സ്ഥലമാണ് കൂറ്റനാടങ്ങാടി... ആ കുന്നിന്‍ മുകളില്‍ പണ്ടൊരു കൊലപാതകം നടന്നിരുന്നു എന്നും അതന്വേഷിക്കാന്‍ എത്തിയ സി ഐ ഡി ആണ് രാമു എന്നുമാണ് ഞാനൊക്കെ സ്കൂളില്‍ പഠിക്കുന്ന കാലത്ത് പറഞ്ഞു കേട്ടിരുന്നത്.. നല്ല ഭംഗിയുള്ള കൈയ്യക്ഷരത്തില്‍ മലയാളത്തിലും , ഇംഗ്ലീഷിലും , ഹിന്ദിയിലും ഒക്കെ ഒരുപാട് എഴുതിയിരുന്ന , അധികമൊന്നും സംസാരിക്കാത്ത , ഒരൊച്ചപ്പാടും ബഹളവും ഉണ്ടാക്കാതെ അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്ന രാമുവിനെ ഒരു സി ഐ ഡി തന്നെയായി കാണാനായിരുന്നു ഞങ്ങള്‍ കുട്ടികള്‍ക്കും ഇഷ്ടം. 
പിന്നെയും ഒരു പാട് കാലം ആ കൊലപാതകക്കേസ് തെളിയിക്കാതെ ഭ്രാന്തന്‍ തന്നെയായി നടന്നപ്പോഴാണ് ‘രാമു’ ഭ്രാന്തന്‍ തന്നെ ന്ന് ഞങ്ങള്‍ക്ക് ബോധ്യം വന്നത്.. കുളിക്കാതെ , വസ്ത്രം മാറാതെ നടക്കുന്ന രാമുവിനെ ഇടയ്ക്കിടെ കൂറ്റനാട്ടെ ഓട്ടോ ഡ്രൈവര്‍മാര്‍ കുളിപ്പിക്കും .. അത് ഗാന്ധി ജയന്തിക്കൊക്കെ നടത്തുന്ന സേവനവാരം പോലെ വലിയ ആഘോശവും ആരവുമൊക്കെയായി അവര്‍ കൊണ്ടാടും.. 
രാമു കാശിനു വേണ്ടി ചിലപ്പോഴൊക്കെ കൂറ്റനാട് അങ്ങാടീല്‍ തെണ്ടും.. ഓരോ കടക്കു മുന്നിലും ചെന്ന് എന്തെങ്കിലും കൊടുക്കുന്നതു വരേയോ , അല്ലെങ്കില്‍ ‘രാമോ ഇന്ന് കാശൊന്നും ഇല്ലാ‘ ന്ന് പറയുന്നത് വരേയോ അങ്ങാതെ നില്‍ക്കും കക്ഷി. 

പിന്നെയുള്ളത് രാമകൃഷ്ണനാണ്.. കാടാറു മാസം , നാടാറുമാസം ന്ന് പറയുന്നത് പോലെയാണ് രാമകൃഷ്ണന്‍റെ കാര്യം കുറച്ച് കാലം കൂറ്റനാടങ്ങാടി മുഴുവന്‍ വിറപ്പിച്ച് നടക്കുന്ന രാമകൃഷണനെ പിന്നെ കാണുക കുളിച്ച് കുട്ടപ്പനായി , അനുസരണയുള്ള കുഞ്ഞാടായി എന്തെങ്കിലും ജോലി ചെയ്യുന്ന പാവത്താനായിട്ടായിരിക്കും.. 
‘പഠിപ്പ് കൂടുതലായി വട്ടായതാ പാവം..’ ന്ന് നാട്ടാര് കഷ്ടം വെക്കും... പ്രാന്ത് മൂത്ത് വയലന്‍റായി നടക്കുന്ന രാമകൃഷ്ണനെ കണ്ടാല്‍.... 

അടുത്ത കഥാപാത്രം ഞങ്ങള്‍ ‘കാക്ക’ എന്ന് വിളിക്കുന്ന ഒരു സ്ത്രീയായിരുന്നു.. എപ്പോഴും കറുത്ത വസ്ത്രം ധരിച്ച് നടന്നിരുന്നതോണ്ടാണ് അവരെ അങ്ങിനെ വിളിച്ചിരുന്നത് ന്ന് തോന്നുന്നു.. ഓടി നടന്ന് കണ്ണില്‍ കണ്ടവരെയെല്ലാം ചീത്ത വിളിച്ച് നടക്കുന്ന അവരെ കണ്ടാല്‍ ഞങ്ങള്‍ കുട്ടികളൊക്കെ ഓടി ഒളിച്ചിരുന്നു. 

പിന്നെയുമുണ്ടായിരുന്നു ഒരു പാട് പേര്‍..
 ഒരു മാധവന്‍ നായര്‍.. പ്രാന്താണോ അതോ വെള്ളത്തിലാണോ എന്ന് എനിക്കിപ്പഴും തിട്ടമില്ലാ.. അന്ന് ഞങ്ങള്‍ക്ക് കൂറ്റനാട് ഒരു കടയുണ്ടായിരുന്നു . ഞാന്‍ കടയിലുള്ളപ്പോള്‍ ‘ഡാ ഒരു സിഗററ്റ് താഡാ..’ ന്ന് പറഞ്ഞ് കേറി വരുന്ന മാധവന്‍ നായരേയും , പേടിച്ചിട്ട് സിഗററ്റ് എടുത്തു കൊടുക്കുന്ന എന്നെയും എനിക്കിപ്പഴും ഓര്‍മ്മയുണ്ട്..

അത്രയൊന്നും വട്ടില്ലാത്ത ഒരു തമിഴനുണ്ടായിരുന്നു.. അല്ലെങ്കിലും ഒരിത്തിരി ഉണ്ടായാല്‍ അത് മുഴുവനാക്കാന്‍ കേമന്മാരാണല്ലൊ നമ്മള്‍... അങ്ങാടിയിലുള്ള ഹോട്ടലുകാര്‍ക്ക് വിറക് വെട്ടിക്കൊടുക്കുക്കയും , വെള്ളം എത്തിച്ചു കൊടുക്കേം ചെയ്യുന്ന ഒരു മുച്ചിറിയന്‍... 
ഞങ്ങളുടെ തമിഴ് അദ്ധ്യാപകനായിരുന്നു അങ്ങോര്‍. തമിഴ് സിനിമ കണ്ട് തീരെ മനസ്സിലാകാത്ത വാക്കുകളുടെ അര്‍ത്ഥം പറഞ്ഞ് തരുന്നത് അങ്ങോരായിരുന്നു. കാദര്‍ക്കാടെ കടയില്‍ നിന്ന് വാങ്ങിക്കൊടുക്കുന്ന ഒരു സോഡയോ , സര്‍ബത്തോ തീരുന്നത് വരെ സംശങ്ങള്‍ ചോദിക്കാം .. അത് കഴിഞ്ഞാല്‍ ഞങ്ങളെ ചീത്ത വിളിച്ച് തിരിച്ചു നടക്കും അയാള്‍.. 
പട്ടാമ്പൂച്ചിയും , ഞാപകവും ഒക്കെ എന്താണെന്ന് അദ്ദേഹത്തില്‍ നിന്നാണ് ഞങ്ങള്‍ പഠിച്ചെടുത്തത്....!

പിന്നെയും ഉണ്ട് ഒരുപാട് പേര്‍.. 
ഞങ്ങളുടെ അങ്ങാടിയില്‍ മാത്രമല്ല.. 
അന്നത്തെകാലത്ത് ഒട്ടുമിക്ക അങ്ങാടികളിലും ഉണ്ടായിരുന്നു ഇതു പോലെ ഒരു പാട് പേര്‍.... 

പിന്നെ കൂടെ പഠിച്ചൊരുവള്‍ മാനസിക നില തെറ്റി അങ്ങാടിയിലൂടെ ഓടുന്നത് കണ്ട് കണ്ണു നിറഞ്ഞ് നിന്നിട്ടുണ്ട്.. 
കുടുംബത്തില്‍ ഒരാള്‍ക്ക് വന്നപ്പോള്‍ ‘പടച്ചോനേ ഒരാള്‍ക്കും ഈ ഗതി വരുത്തല്ലേന്ന് മനമുരുകി പ്രാര്‍ത്ഥിച്ചിട്ടുണ്ട്..’ 
ഭാഗ്യം .. കഴിഞ്ഞ രണ്ട് മൂന്ന് തവണ നാട്ടില്‍ പോയപ്പോള്‍ ഇങ്ങിനെ അലഞ്ഞുതിരിഞ്ഞ് നടക്കണ ആരേയും കണ്ടില്ല... അതിനി അവരില്ലായത് കൊണ്ടോ അതോ മതം , ജാതി , രാഷ്ട്രീയം തുടങ്ങി ഒട്ടനവധി ഭ്രാന്തുകള്‍ ഉള്ളവര്‍ കൂടിയപ്പോള്‍ ഈ പാവം ഭ്രാന്തന്മാരുടെ ഐഡന്‍റിറ്റി നഷ്ടപ്പെട്ടത് കൊണ്ടോ.... എന്തോ......
എന്തായാലും അങ്ങിനെ ആരേയും ഇനി കാണാനിടവരാതിരിക്കട്ടെ..... 
എന്നാലും എന്തു കൊണ്ടാവും അയാളെ ഇപ്പോള്‍ ഞാന്‍ സ്വപ്നത്തില്‍ കണ്ടത്......?

Friday, June 28, 2013

ആല്‍മരപ്പെരുമ.

രണ്ട് ദിവസം മുന്‍പ് - ഒരു പ്രഭാതം.

ഞങ്ങള്‍ കുറച്ച് കൂട്ടുകാര്‍ പതിവ് ഫെയ്സ്ബുക്ക് ചര്‍ച്ചകള്‍ക്ക് ഒത്തു കൂടുന്നു. അന്ന് കാലത്ത് കൂറ്റനാട് - തൃത്താല റോഡരികില്‍ കനത്തമഴയെ തുടര്‍ന്ന് കടപുഴകി വീണ ആല്‍മരത്തെ കുറിച്ചായിരുന്നു ചര്‍ച്ച. ഡോക്ടര്‍ കൃഷ്ണദാസ് പോസ്റ്റിയ ആല്‍മരത്തിന്‍റെ ഫോട്ടോ കണ്ടപ്പോള്‍ ഡോക്ടറുടെ സുഹൃത്തായ ദിനക്  “ ഈ ആലമരം റീപ്ലാന്‍റ് ചെയ്യുന്നതിനേ കുറിച്ച് ആലോചിച്ച് കൂടെ..? “  എന്ന് ചോദിക്കുന്നിടത്ത് നിന്നാണ് അങ്ങിനെ ഒരു ചിന്ത ഞങ്ങളില്‍ ഉണ്ടാകുന്നത്. റീപ്ലാന്‍റ് നടക്കുന്ന സംഭവാണേല്‍ നമുക്ക് അങ്ങിനെ ചെയ്യാം എന്നായി ഞങ്ങളുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ “തൃത്താലപ്പെരുമ”. പിന്നെ ഒക്കെയും വളരെ വേഗത്തിലായിരുന്നു. വനം വകുപ്പിനേയും , കൃഷി വകുപ്പിനേയും വിളിച്ച് സാങ്കേതിക വശങ്ങള്‍ അന്വേഷിക്കുന്നു. റഫീഖും , സുധീറും സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും മരം മുറിച്ച് മാറ്റാനുള്ള ലേലം വിളി തുടങ്ങിയിരുന്നു. എം എല്‍ എ യേയും , പഞ്ചായത്ത് അധികൃതരേയും വിളിച്ച് മരം മുറിച്ച് മാറ്റുന്നതിനുള്ള നടപടികള്‍ തടയാന്‍ വേണ്ടത് ചെയ്തിട്ട് പിന്നെയു ചര്‍ച്ചകളിലേക്ക് . ഉച്ചയാവുമ്പോഴേക്കും മരം റീപ്ലാന്‍റ് ചെയ്യുന്നതിന്‍റെ ആവേശത്തിലേക്ക് കോടനാട്- പുല്ലാനിക്കാവ് സ്വദേശികള്‍ എത്തിച്ചേരുന്നു. നാട്ടിലെ പ്രധാന ക്ല്ബ്ബായാ സെഞ്ചുറി പ്രവര്‍ത്തകരും , മറ്റ് നാട്ടുകാരും എല്ലാ പിന്തുണയും അറിയിക്കുന്നു. ഇതിനകം ‘തൃത്താലപ്പെരുമ’ പ്രവര്‍ത്തകര്‍ വനം വകുപ്പില്‍ നിന്നും ശാസ്ത്രഞ്ജര്‍ വരുന്നത് ഉറപ്പിച്ചിരുന്നു.
ഡോ,കൃഷണദാസ് , ദിനക് , റഫീഖ് , സുധീര്‍
ആല്‍മരം റീപ്ലാന്‍റ് ചെയ്യുന്നതിന് പര്യാപ്തമാണോ എന്ന് പരിശോധിക്കുന്നതിന് അടുത്തദിവസം എത്താം എന്ന് വനം വകുപ്പില്‍ നിന്നും അറിയിപ്പ് കിട്ടുന്നു.പിറ്റേ ദിവസത്തേക്കുള്ള കാത്തിരിപ്പായി നാട്ടുകാരും, തൃത്താലപ്പെരുമ പ്രവര്‍ത്തകരും. പറഞ്ഞ സമയത്ത് തന്നെ വനം വകുപ്പ് ശാസ്ത്രഞ്ജര്‍ എത്തുന്നു. ഏറെ നേരത്തെ പരിശോധനകള്‍ക്ക് ശേഷം ആല്‍മരം റീപ്ലാന്‍റ് ചെയ്യാം എന്ന തീരുമാനത്തിലേക്ക്. അതിനു മുന്‍പ്  “ എന്തിനിത് റീപ്ലാന്‍റ് ചെയ്യണം..? നമുക്ക് പുതുതൊന്ന് നട്ടാല്‍ പോരേ “ എന്ന് നാട്ടുകാരുടെ നിശ്ചദാര്‍ഢ്യത്തെ അളക്കാന്‍ വേണ്ടി ചോദിച്ചിരുന്നു അവര്‍.പക്ഷേ റീപ്ലാന്‍റ് ചെയ്യുക എന്ന  ആവേശത്തിലായ നാട്ടുകാര്‍ക്ക് മുന്നില്‍ അതൊന്നും ഏശിയില്ല .
വി.ടി. ബല്‍റാം എം എല്‍ എയും സെഞ്ചുറി പ്രവര്‍ത്തകരും
അടുത്ത ദിവസം മുപ്പതോളം സെഞ്ചുറി ക്ലബ്ബ് പ്രവര്‍ത്തകരും , മറ്റ് നാട്ടുകാരും , തൃത്താലപ്പെരുമ പ്രവര്‍ത്തകരും , വനം വകുപ്പ് ശാസ്ത്രഞ്ജനായാ ഡോക്ടര്‍ സജ്ജീവും , മറ്റ് കെ എഫ് ആര്‍ ഐ യിലെ വിദഗ്ദരും , തൊഴിലാളികളും കൂടി കോരിച്ചൊരിയുന്ന മഴ വക വെക്കാതെ തലമുറകള്‍ക്ക് തണലേകിയ ആ മുത്തശ്ശി ആലിനെ വിധിയ്ക്ക് വിട്ടുകൊടുക്കാതെ ഒരു പുനര്‍ജ്ജന്മം ഒരുക്കുന്നു.ഒരും പെരുമഴയ്ക്കും തകര്‍ക്കാനാവില്ല ഈ ആവേശം.


 ഒരുപാട് പേരോട് കടപ്പാടുണ്ട്. അഭിനന്ദിച്ച് ,നന്ദി പറഞ്ഞ്  ഈ സദുദ്ധ്യമത്തെ ചെറുതാക്കി കാണിക്കുന്നില്ല.. ചര്‍ച്ച തുടങ്ങി , ഒക്കെയും കഴിയുന്നത് വരെ ഓടി നടന്ന “തൃത്താലപ്പെരുമ”യിലെ കൂട്ടുകാരോട് , പെരുമഴയിലും തോരാത്ത ആവേശത്തില്‍ അദ്ധ്വാനിച്ച സെഞ്ചുറി ക്ലബ്ബ് പ്രവര്‍ത്തകര്‍ക്ക് , ജെ സി ബി ക്കാരോട് , ചില്ലകളും മറ്റും വെട്ടിമാറ്റാന്‍ വന്ന അനിലേട്ടനോട് , ആദ്യാവസാനം എല്ലാ ആവേശവും , പിന്തുണയും നല്‍കി കൂടെ നിന്ന  എം എല്‍ എ വി.ടി.ബല്‍റാമിനോട് ,ഡോക്ടര്‍ സജ്ജീവിനോട് , മറ്റ്  കെ എഫ് ആര്‍ ഐ യിലെ വിദഗ്ദരോട് , നാട്ടുകാരോട് , പിന്നെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലിരുന്നു പിന്തുണ അറിയിച്ച, ഇതിലേക്കാവശ്യമായ ഫണ്ട് അയച്ച് തന്ന “തൃത്താലപ്പെരുമ” പ്രവര്‍ത്തകരോട്..
എല്ലാവരോടും ഹൃദയം നിറഞ്ഞ സ്നേഹം, സന്തോഷം.....

ഉയര്‍ത്തെഴുനേല്പ്.      
ഇരുപുറവും റോഡും , വീടുകളും വൈദ്യുത കമ്പികളും കാരണം ഉയര്‍ത്തുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ചില്ലകളൊക്കെയും വെട്ടിക്കളയേണ്ടി വന്നു. ഒക്കെയും എത്രയും വേഗം പൊട്ടിമുളക്കുമെന്ന് പ്രത്യാശിക്കാം..
പുനര്‍ജന്മം.

ഇത്  “തൃത്താലപ്പെരുമയ്ക്ക്“ അഭിമാന നിമിഷങ്ങള്‍.. പതിവ് കക്ഷിരാഷ്ട്രീയ കടിപിടികളും, മതാന്ധതയും ഒക്കെയായി മാത്രം  മലയാളിക്ക് പരിചിതമായ “ഫെയ്സ്ബുക്ക് “ നല്ല കാര്യങ്ങള്‍ക്കും ഉപയോഗിക്കാം എന്ന് കാണിച്ച് തരുന്ന ചുരുക്കം ചില കൂട്ടായ്മകളെങ്കിലും ഉണ്ട്. അത്തരം ഒരു കൂട്ടായ്മയിലേക്കുള്ള തൃത്താലപ്പെരുമയുടെ നടന്നു കയറ്റം തന്നെയായിരുന്നു ഈ വലിയ വിജയം. “സ്വയംപര്യാപ്ത തൃത്താല“ എന്ന സ്വപ്നത്തില്‍ നിന്നുണ്ടായ “സ്വാശ്രയ മലമക്കാവ് “ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചതിനടുത്ത ദിവസമാണിത് എന്നത് ഏറെ സന്തോഷം നല്‍കുന്നുമുണ്ട്.
 പ്രകൃതിയ പരമാവധി നശിപ്പിച്ച് മാത്രമേ വികസനം സാദ്ധ്യമാകൂ എന്ന് ശഠിക്കുന്ന അധികാരികളുള്ള ഒരു നാട്ടില്‍ ഇതൊരു വലിയ സന്ദേശമാവട്ടെ.. കേരള ചരിത്രത്തില്‍ അപൂരവ്വമായി മാത്രം നടന്ന ഈ നല്ല കാര്യത്തിന് ഒരുപാട് തുടര്‍ച്ചകളുണ്ടാവട്ടെ..
ഇനിയും ഒരുപാട് തലമുറകള്‍ക്ക് തണലേകി ആ ആല്‍മരം ജീവിക്കട്ടെ..

വയസ്സായതും , പഴകിയതും ഒക്കെ ഉപേക്ഷിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഈ ഡിസ്പോസിബിള്‍ കാലത്ത് ഇത് മറിച്ചൊരു ചിന്തയ്ക്ക് കൂടി പ്രചോദനമായാല്‍ ഞങ്ങള്‍ സന്തുഷ്ടരാണ്...

Tuesday, January 29, 2013

അമ്മ
ടിക്കറ്റ് കൊടുക്കുന്ന സമയം കഴിഞ്ഞ് ഗേറ്റ് അടച്ച് തിരിച്ച് നടക്കുമ്പോഴാണ് അയാള്‍ ഓര്‍ത്തത്. ഒരു ജ്വല്ലറി പരസ്യത്തില്‍ നിന്നിറങ്ങി വന്ന സുന്ദരി എന്ന് തോന്നിച്ചവളോടൊപ്പം തിയ്യറ്ററിലേക്ക് വന്ന ചെറുപ്പക്കാരന്‍ പറഞ്ഞത്.
ദൂരെ പൊരിവെയിലില്‍ കിടക്കുന്ന കാറിലേക്ക് ചൂണ്ടിയാണ് പറഞ്ഞത്..
" അമ്മ കാറിലുണ്ട് , ഒന്ന് ശ്രദ്ധിക്കണം. "
ഒരു അത്ഭുതജീവിയെ നോക്കും മട്ടില്‍ നോക്കിയെങ്കിലും , എന്തെങ്കിലും പറയാന്‍ തുടങ്ങും മുന്നേ അടുത്തയാള്‍ ടിക്കറ്റ് നീട്ടിയിരുന്നു. ഒക്കെയും കഴിഞ്ഞ് ഇപ്പോള്‍ അര മണിക്കൂറോളം ആയിരിക്കുന്നു. തെല്ല് സന്ദേഹത്തോടെ അയാളാ കാറിന് നേരെ നടന്നു.
നല്ല ചൂടുണ്ട് വെയിലിന്. ഉരുകിയൊലിക്കുന്നത് പോലെ വിയര്‍പ്പ് പൊടിയുന്നു.
പണ്ട് ഈ മൈതാനം മുഴുവന്‍ മരങ്ങളാല്‍ നിറഞ്ഞ് നിന്നതും , തിയ്യറ്ററിലെ ഒഴിവു സമയങ്ങള്‍ ആ മരത്തണലുകളില്‍ ചിലവഴിച്ചതും ഒരു ഫ്ലാഷ്ബ്ലാക്ക് പോലെ അയാളുടെ മനസ്സിലൂടെ .
അന്നൊക്കെ ഈ മൈതാനത്ത് എപ്പോഴും തിരക്കായിരുന്നു.
കോളേജ് വിദ്യാര്‍ത്ഥികള്‍ , യാചകര്‍ , വെറുതെ അലഞ്ഞ് നടക്കുന്നവര്‍ , ടിക്കറ്റ് കിട്ടാത്തത് കാരണം അടുത്ത ഷോയ്ക്ക് കാത്തു നില്‍ക്കുന്നവര്‍ അങ്ങിനെ ഒരുപാട് പേര്‍ , എപ്പോഴും ആ മരത്തണലുകള്‍ സജീവമാക്കിയിരുന്നു. അന്നീ നഗരത്തിലെ ഏറ്റവും മനോഹരമായ സ്ഥലവും ഈ മൈതാനമായിരുന്നു.
ചെറുപ്പക്കാരന്‍ ചൂണ്ടിക്കാട്ടിയ ആ വിദേശ നിര്‍മ്മിത കാറിന് വളരെ അടുത്തെത്തിയിരിക്കുന്നു അയാളിപ്പോള്‍ . കഴിഞ്ഞ ദിവസം ടി.വി പരസ്യത്തില്‍ കണ്ട അതേ കാര്‍. ആ പരസ്യത്തിലെ കാറിലെ ആഢംഭരങ്ങള്‍ കണ്ട് കൊതിച്ചതും , പിന്നെ വില കേട്ട് ഞെട്ടിയതും അയാളോര്‍ത്തു.
കാറിലെ ബാക്ക് സീറ്റില്‍ ആ അമ്മ കിടക്കുന്നുണ്ട്. ഉറങ്ങുകയാവണം അവര്‍. പഞ്ഞി പോലെ മൃദുലമെന്ന് തോന്നിക്കുന്ന ആ സീറ്റില്‍ ഉറങ്ങാന്‍ നല്ല സുഖമായിരിക്കും. ഒന്ന് കൂടി സൂക്ഷിച്ച് നോക്കിയപ്പോഴാണ് അയാള്‍ക്ക് മനസ്സിലായത് ആ അമ്മ ഉറങ്ങുകയല്ല. ആകെ വിയര്‍ത്ത് കുളിച്ച് ക്ഷീണിതായി കിടക്കുകയാണവര്‍. ആ ചുണ്ടുകള്‍ വെള്ളത്തിനായി കേഴുന്നുണ്ട്. ചുറ്റും നടന്ന് നോക്കി. ഇല്ല ഡോറുകള്‍ ഒക്കെ ഭദ്രമായി അടച്ചിരിക്കുന്നു. വായു കടക്കാന്‍ വേണ്ടിയായിരിക്കണം ഒരു ഗ്ലാസ്സ് മാത്രം ഒരല്പം താഴ്യ്ത്തിയിട്ടുണ്ട്. ആ ശബ്ദം കേള്‍ക്കാം എന്നല്ലാതെ വേറൊന്നും വയ്യ. നിസ്സഹായനായി ആ അമ്മയെ നോക്കി അയാളങ്ങിനെ നിന്നു . ശ്വാസം എടുക്കാന്‍ പോലും വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട് ആ പാവം. ഏത് നിമിഷവും അവര്‍ തൊണ്ടപൊട്ടി മരിച്ചേക്കാം എന്ന് അയാള്‍ ഭയപ്പെട്ടു. തിയ്യറ്ററില്‍ പോയി ആ ചെറുപ്പക്കാരനെ പിടിച്ചിറക്കി കൊണ്ട് വരാന്‍ ആഗ്രഹിച്ചു. പതുക്കെ പതുക്കെ ചുറ്റും ആള് കൂടുന്നുണ്ട്. ഒട്ടേറെ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.ചിലര്‍ ആ കാറ് തല്ലിപ്പൊളിച്ച് അമ്മയെ പുറത്തെടുക്കണമെന്ന് അഭിപ്രായപ്പെടുന്നു.എന്തുകൊണ്ട് തനിക്കതിനൊന്നും കഴിയുന്നില്ല എന്നയാള്‍ അത്ഭുതപ്പെട്ടു. ചിലരൊക്കെ ആ മകനെ ന്യായീകരിക്കുന്നുമുണ്ട്. അമ്മയുടെ കിടപ്പിനെ കുറിച്ചും കരയുന്ന മുഖത്തെയും കളിയാക്കുന്നു മറ്റ് ചിലര്‍.
“ അമ്മയ്ക്ക് മനസ്സിന് നല്ല സുഖമില്ല , വീട്ടില്‍ ഒറ്റക്കിരുത്ത്യാ എന്തൊക്കെയാ ചെയ്ത് കൂട്ടാന്ന് പേടിച്ചാ , തിയ്യറ്ററിനുള്ളില്‍ കൊണ്ടോയാല്‍ ഞങ്ങള്‍ മനസ്സമാധാനത്തോടെ സിനിമ കാണാനും പറ്റില്ല. അതാ " , തന്നെ തുറിച്ച് നോക്കന്നവര്‍ക്കുള്ള മറുപടിയുമായി ആ ചെറുപ്പക്കാരനും , ഭാര്യയും പ്രത്യക്ഷപ്പെട്ടു. പിന്നെ ഒന്നും സംഭവിക്കാത്ത പോലെ ഡോര്‍ തുറന്ന് കാറിനകത്തേക്ക്.
“ എന്നാ തനിക്കാ ഏസിയെങ്കിലും ഓണ്‍ ചെയ്യാമായിരുന്നില്ലേടാ .. “ ,
ആരോ അരിശം കൊണ്ടു.
“ ചേട്ടാ പെട്രോളിനൊക്കെ ഇപ്പൊ എന്താ വില....? “ ,
പുറത്തേക്ക് തല നീട്ടി ഇത്രയും പറഞ്ഞ് കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.
ആരോ വിവരം കൊടുത്തതനുസരിച്ച് ഒരു എസ്ക്ലുസീവ് ന്യൂസിനായി ചാനലുകാര്‍ എത്തുമ്പോഴേക്കും ആ അമ്മയെയും കൊണ്ടാകാര്‍ മൈതാനം വിട്ട് പോയിരുന്നു.
ആരവങ്ങളും , ആളുകളും മെല്ലെ ഒഴിഞ്ഞ് പോയി.
അയാള്‍ വീട് ലക്ഷ്യമാക്കി നടന്നു. അടുത്ത ഷോയും , വൈകിയാല്‍ കേള്‍ക്കാന്‍ സാദ്ധ്യതയുള്ള മാനേജറുടെ തെറിയും ഒന്നും അപ്പോള്‍ അയാളുടെ മനസ്സിലുണ്ടായിരുന്നില്ല.
വീട്ടിലെത്തണം.
അമ്മയുടെ മടിയില്‍ കിടന്നൊന്ന് കരയണം.
ആ അമ്മയ്ക്ക് വേണ്ടി.
എല്ലാ അമ്മമാര്‍ക്കും വേണ്ടി.


...........................
കഴിഞ്ഞ ദിവസം പത്രത്തില്‍ വന്ന ഒരു വാര്‍ത്ത കണ്ടപ്പോള്‍  മനസ്സില്‍ തോന്നിയത്ങ്ങിനെ പോസ്റ്റുന്നു.
Related Posts Plugin for WordPress, Blogger...