Tuesday, January 29, 2013

അമ്മ




ടിക്കറ്റ് കൊടുക്കുന്ന സമയം കഴിഞ്ഞ് ഗേറ്റ് അടച്ച് തിരിച്ച് നടക്കുമ്പോഴാണ് അയാള്‍ ഓര്‍ത്തത്. ഒരു ജ്വല്ലറി പരസ്യത്തില്‍ നിന്നിറങ്ങി വന്ന സുന്ദരി എന്ന് തോന്നിച്ചവളോടൊപ്പം തിയ്യറ്ററിലേക്ക് വന്ന ചെറുപ്പക്കാരന്‍ പറഞ്ഞത്.
ദൂരെ പൊരിവെയിലില്‍ കിടക്കുന്ന കാറിലേക്ക് ചൂണ്ടിയാണ് പറഞ്ഞത്..
" അമ്മ കാറിലുണ്ട് , ഒന്ന് ശ്രദ്ധിക്കണം. "
ഒരു അത്ഭുതജീവിയെ നോക്കും മട്ടില്‍ നോക്കിയെങ്കിലും , എന്തെങ്കിലും പറയാന്‍ തുടങ്ങും മുന്നേ അടുത്തയാള്‍ ടിക്കറ്റ് നീട്ടിയിരുന്നു. ഒക്കെയും കഴിഞ്ഞ് ഇപ്പോള്‍ അര മണിക്കൂറോളം ആയിരിക്കുന്നു. തെല്ല് സന്ദേഹത്തോടെ അയാളാ കാറിന് നേരെ നടന്നു.
നല്ല ചൂടുണ്ട് വെയിലിന്. ഉരുകിയൊലിക്കുന്നത് പോലെ വിയര്‍പ്പ് പൊടിയുന്നു.
പണ്ട് ഈ മൈതാനം മുഴുവന്‍ മരങ്ങളാല്‍ നിറഞ്ഞ് നിന്നതും , തിയ്യറ്ററിലെ ഒഴിവു സമയങ്ങള്‍ ആ മരത്തണലുകളില്‍ ചിലവഴിച്ചതും ഒരു ഫ്ലാഷ്ബ്ലാക്ക് പോലെ അയാളുടെ മനസ്സിലൂടെ .
അന്നൊക്കെ ഈ മൈതാനത്ത് എപ്പോഴും തിരക്കായിരുന്നു.
കോളേജ് വിദ്യാര്‍ത്ഥികള്‍ , യാചകര്‍ , വെറുതെ അലഞ്ഞ് നടക്കുന്നവര്‍ , ടിക്കറ്റ് കിട്ടാത്തത് കാരണം അടുത്ത ഷോയ്ക്ക് കാത്തു നില്‍ക്കുന്നവര്‍ അങ്ങിനെ ഒരുപാട് പേര്‍ , എപ്പോഴും ആ മരത്തണലുകള്‍ സജീവമാക്കിയിരുന്നു. അന്നീ നഗരത്തിലെ ഏറ്റവും മനോഹരമായ സ്ഥലവും ഈ മൈതാനമായിരുന്നു.
ചെറുപ്പക്കാരന്‍ ചൂണ്ടിക്കാട്ടിയ ആ വിദേശ നിര്‍മ്മിത കാറിന് വളരെ അടുത്തെത്തിയിരിക്കുന്നു അയാളിപ്പോള്‍ . കഴിഞ്ഞ ദിവസം ടി.വി പരസ്യത്തില്‍ കണ്ട അതേ കാര്‍. ആ പരസ്യത്തിലെ കാറിലെ ആഢംഭരങ്ങള്‍ കണ്ട് കൊതിച്ചതും , പിന്നെ വില കേട്ട് ഞെട്ടിയതും അയാളോര്‍ത്തു.
കാറിലെ ബാക്ക് സീറ്റില്‍ ആ അമ്മ കിടക്കുന്നുണ്ട്. ഉറങ്ങുകയാവണം അവര്‍. പഞ്ഞി പോലെ മൃദുലമെന്ന് തോന്നിക്കുന്ന ആ സീറ്റില്‍ ഉറങ്ങാന്‍ നല്ല സുഖമായിരിക്കും. ഒന്ന് കൂടി സൂക്ഷിച്ച് നോക്കിയപ്പോഴാണ് അയാള്‍ക്ക് മനസ്സിലായത് ആ അമ്മ ഉറങ്ങുകയല്ല. ആകെ വിയര്‍ത്ത് കുളിച്ച് ക്ഷീണിതായി കിടക്കുകയാണവര്‍. ആ ചുണ്ടുകള്‍ വെള്ളത്തിനായി കേഴുന്നുണ്ട്. ചുറ്റും നടന്ന് നോക്കി. ഇല്ല ഡോറുകള്‍ ഒക്കെ ഭദ്രമായി അടച്ചിരിക്കുന്നു. വായു കടക്കാന്‍ വേണ്ടിയായിരിക്കണം ഒരു ഗ്ലാസ്സ് മാത്രം ഒരല്പം താഴ്യ്ത്തിയിട്ടുണ്ട്. ആ ശബ്ദം കേള്‍ക്കാം എന്നല്ലാതെ വേറൊന്നും വയ്യ. നിസ്സഹായനായി ആ അമ്മയെ നോക്കി അയാളങ്ങിനെ നിന്നു . ശ്വാസം എടുക്കാന്‍ പോലും വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട് ആ പാവം. ഏത് നിമിഷവും അവര്‍ തൊണ്ടപൊട്ടി മരിച്ചേക്കാം എന്ന് അയാള്‍ ഭയപ്പെട്ടു. തിയ്യറ്ററില്‍ പോയി ആ ചെറുപ്പക്കാരനെ പിടിച്ചിറക്കി കൊണ്ട് വരാന്‍ ആഗ്രഹിച്ചു. പതുക്കെ പതുക്കെ ചുറ്റും ആള് കൂടുന്നുണ്ട്. ഒട്ടേറെ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.ചിലര്‍ ആ കാറ് തല്ലിപ്പൊളിച്ച് അമ്മയെ പുറത്തെടുക്കണമെന്ന് അഭിപ്രായപ്പെടുന്നു.എന്തുകൊണ്ട് തനിക്കതിനൊന്നും കഴിയുന്നില്ല എന്നയാള്‍ അത്ഭുതപ്പെട്ടു. ചിലരൊക്കെ ആ മകനെ ന്യായീകരിക്കുന്നുമുണ്ട്. അമ്മയുടെ കിടപ്പിനെ കുറിച്ചും കരയുന്ന മുഖത്തെയും കളിയാക്കുന്നു മറ്റ് ചിലര്‍.
“ അമ്മയ്ക്ക് മനസ്സിന് നല്ല സുഖമില്ല , വീട്ടില്‍ ഒറ്റക്കിരുത്ത്യാ എന്തൊക്കെയാ ചെയ്ത് കൂട്ടാന്ന് പേടിച്ചാ , തിയ്യറ്ററിനുള്ളില്‍ കൊണ്ടോയാല്‍ ഞങ്ങള്‍ മനസ്സമാധാനത്തോടെ സിനിമ കാണാനും പറ്റില്ല. അതാ " , തന്നെ തുറിച്ച് നോക്കന്നവര്‍ക്കുള്ള മറുപടിയുമായി ആ ചെറുപ്പക്കാരനും , ഭാര്യയും പ്രത്യക്ഷപ്പെട്ടു. പിന്നെ ഒന്നും സംഭവിക്കാത്ത പോലെ ഡോര്‍ തുറന്ന് കാറിനകത്തേക്ക്.
“ എന്നാ തനിക്കാ ഏസിയെങ്കിലും ഓണ്‍ ചെയ്യാമായിരുന്നില്ലേടാ .. “ ,
ആരോ അരിശം കൊണ്ടു.
“ ചേട്ടാ പെട്രോളിനൊക്കെ ഇപ്പൊ എന്താ വില....? “ ,
പുറത്തേക്ക് തല നീട്ടി ഇത്രയും പറഞ്ഞ് കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.
ആരോ വിവരം കൊടുത്തതനുസരിച്ച് ഒരു എസ്ക്ലുസീവ് ന്യൂസിനായി ചാനലുകാര്‍ എത്തുമ്പോഴേക്കും ആ അമ്മയെയും കൊണ്ടാകാര്‍ മൈതാനം വിട്ട് പോയിരുന്നു.
ആരവങ്ങളും , ആളുകളും മെല്ലെ ഒഴിഞ്ഞ് പോയി.
അയാള്‍ വീട് ലക്ഷ്യമാക്കി നടന്നു. അടുത്ത ഷോയും , വൈകിയാല്‍ കേള്‍ക്കാന്‍ സാദ്ധ്യതയുള്ള മാനേജറുടെ തെറിയും ഒന്നും അപ്പോള്‍ അയാളുടെ മനസ്സിലുണ്ടായിരുന്നില്ല.
വീട്ടിലെത്തണം.
അമ്മയുടെ മടിയില്‍ കിടന്നൊന്ന് കരയണം.
ആ അമ്മയ്ക്ക് വേണ്ടി.
എല്ലാ അമ്മമാര്‍ക്കും വേണ്ടി.


...........................
കഴിഞ്ഞ ദിവസം പത്രത്തില്‍ വന്ന ഒരു വാര്‍ത്ത കണ്ടപ്പോള്‍  മനസ്സില്‍ തോന്നിയത്ങ്ങിനെ പോസ്റ്റുന്നു.
Related Posts Plugin for WordPress, Blogger...