Sunday, November 16, 2014

ജബൽ ജൈസ്




ഇക്കുറി യാത്ര റാസ് അൽ ഖൈമയിലേക്കാണ്.
റാസ് അൽ ഖൈമ യു എ ഇയുടെ കൃഷി സ്ഥലം എന്നൊക്കെ പറയാവുന്ന സ്ഥലമാണ്.ദുബായിയിലും അബുധാബിയിലും കാണുന്ന ആകാശം മുട്ടുന്ന കെട്ടിടങ്ങൾക്ക്‌ പകരം അങ്ങിങ്ങായി തോട്ടങ്ങൾ കാണാം.. റാസ് അൽ ഖൈമയിലേക്കുള്ള യാത്രയിൽ... തരം പോലെ ഈന്തപ്പനയും, മറ്റ് പച്ചക്കറികളും തഴച്ച് വളരുന്ന തോട്ടങ്ങൾ.. പിന്നെ ഒട്ടകങ്ങളെ വളര്ത്തുന്ന ഫാം ഹൗസുകളും..!
കൃഷിക്കാരും മറ്റുമാണു കൂടുതൽ എന്നതിനാൽ തന്നെ ദുബായിയേയും അബുധാബിയേയും അപേക്ഷിച്ച് താരതമ്യേനെ ജീവിത ചിലവും കുറവാണ്.

ഞങ്ങൾ റാസ് അൽ ഖൈമയിലുള്ള ജബൽ ജൈസിലേക്കാണു പോകുന്നത്.
ഒന്ന് രണ്ടു തവണ മുടങ്ങിപ്പോയ ഒരു യാത്ര ഇന്ന് വീണ്ടും തരപ്പെട്ടത്തിന്റെ സന്തോഷത്തിലാണ് ഞാൻ.പണ്ടേതോ ചർച്ചക്കിടയിൽ  എന്നെ ജബൽ ജൈസിലേക്ക് കൊണ്ടു പോകാം എന്ന് വാക്ക് തന്ന അനസ് വക്കീൽ തന്നെയാണ് ഞങ്ങളുടെ സാരഥി. പിന്നെ റഫീകും നാസറും അടങ്ങിയതാണ് ഞങ്ങളുടെ യാത്രാ സംഘം. നാസർ യു എ ഇ യിൽ പുതുമുഖമാണ്. അവനെ ഒരൊറ്റ ദിവസം കൊണ്ട് തന്നെ ദുബായ് , ഷാര്ജ , അജ്മാൻ , ഉമ്മ് അൽ ഖുവൈൻ , റാസ് അൽ ഖൈമ എന്നിങ്ങിനെ അഞ്ച് എമിറേറ്റുകൾകാണിക്കാം എന്നൊരു അഹങ്കാരവം ഉണ്ട് എനിക്ക്.

യു .എ .ഇ ഡിഫൻസ് ക്യാമ്പിനു പിന്നിൽ നിന്നും തുടങ്ങുകയായി ജബൽ ജൈസിലേക്കുള്ള വഴി..മല നിരകൾ തുടങ്ങുന്നിടത്ത് ഒരു ഡാം ഉണ്ട്. ഇതിനു മുന്നേ യു എ ഇ യിൽ കണ്ട ഒരു ഡാം ഫുജൈറ പോകുന്ന വഴിയിലുള്ളതാണ് . ഡാം എന്ന് പറയാൻ തന്നെ നാണമാകും അത്രയ്ക്കുണ്ടായിരുന്നു  വെള്ളം.!! ഇത്തവണ എന്തായാലും ഈ ഡാം നിരാശനാക്കിയില്ല. അടുത്തെങ്ങോ മഴ പെയ്തതിനാലാവണം ഡാമിനു നടുക്ക് ഒരു കുളം പോലെ കുറച്ച് വെള്ളം കെട്ടിക്കിടക്കുന്നു. ഈ മരുഭൂമിയിൽ അത് തന്നെ വലിയ ഒരു സംഭവമാണ്..!!
വെള്ളമുള്ള ഡാം കണ്ട കൌതുകം അവിടെ തന്നെ വിട്ട് ജബൽ ജൈസിലേക്കുള്ള യാത്ര തുടര്ന്നു.


ജബൽ ഹഫീതിനെ കുറിച്ച് ബ്ലോഗ് എഴുതിയപ്പോൾ ഫോട്ടോ ഒന്നും ഉണ്ടായില്ല എന്നാ പരാതി ഓർമ്മയിൽ വന്നതുകൊണ്ട്  മൊബൈൽ ക്യാമറ ഓണ്‍ ചെയ്ത് വെച്ചു. പക്ഷേ പലപ്പോഴും ക്ലിക്ക് ചെയ്യാൻ മറന്ന്  ആ മലനിരകളിലേക്ക് തന്നെ നോക്കി ഇരുന്നു.!!  അത്രയ്ക്കുണ്ട് ഓരോ നിമിഷവും  കണ്മുന്നിൽ തെളിഞ്ഞ് വരുന്ന അത്ഭുതങ്ങൾ..!!.  ചില ഭാഗങ്ങൾ കണ്ടാൽ തോന്നും ഏതോ തകര്ന്ന പുരാതന നഗരത്തിലൂടെയാണു യാത്ര ചെയ്യുന്നത് എന്ന്.. തകര്ന്ന ഗോപുരങ്ങളും, കൊത്തുപണികളാൽ അലങ്കരിച്ച കെട്ടിടങ്ങളും പോലെ..!! മറ്റൊരിടത്ത് എത്തിയാൽ വെറും കരിങ്കൽ കെട്ടുകൾ പോലെ.. വേറൊരിടത്ത് സൂര്യൻ അവയെ വെണ്ണക്കല്ലുകൾ പോലെ മനോഹരമാക്കുന്നു.. അങ്ങിനെ അങ്ങിനെ ഓരോ മിനിറ്റിലും മാറി മാറി വരുന്ന വ്യത്യസ്ത കാഴ്ചകൾ..!!
മലനിരകൾക്കിടയിൽ അങ്ങിങ്ങ് ചില വീടുകൾ കാണാം. കല്ലിൽ കെട്ടി സിമന്റ് തേക്കാത്ത വീടുകളാണവയൊക്കെയും. ഒരു പട് കാലങ്ങൾക്ക് മുന്നെ തന്നെ അവിടങ്ങളിൽ ആൾ വാസം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ മാാത്രം പഴക്കമുള്ള ചില വീടുകളും കാണാം. ചിലയിടത്തെല്ലാം താമസക്കാരെയും. ഹോ..! ഇങ്ങിനെ ഒരു ചുറ്റുപാടിൽ ജീവിക്കുന്നവരെ നമിക്കണം.!!



മലമുകളിലേക്കുള്ള റോഡ്‌ എടുത്തു പറയേണ്ടതാണ്. അത് പോലെ തന്നെ വഴിയരികിൽ തയ്യാറാക്കിയ ശൗചാലയങ്ങളും..! രണ്ടും ശ്രദ്ധയോടെ പരിപാലിക്കുന്നുണ്ട്..!
താഴ് വാരത്ത് നിന്നും ഏകദേശം മുപ്പതോളം കിലോമീറ്റർ സഞ്ചരിച്ച് ഞങ്ങൾ റോഡ്‌ അവസാനിക്കുന്നിടത്തെത്തി. മുകളിലേക്ക് പിന്നെയും വഴിയുണ്ട്. പക്ഷേ പോകാൻ ഫോര് വീൽ ഡ്രൈവ് വേണം..! എന്നാൽ പിന്നെ കാര് ഇവിടെ നിർത്തി നടക്കാം എന്നായി റഫീക്..ഞാൻ എപ്പഴേ റെഡീ എന്ന് ഞാനും.. ! അങ്ങിനെ രണ്ടു മൂന്ന് കിലോമീറ്റർ കൂടി ഞങ്ങൾ മുകളിലേക്ക്.. !! കാഴ്ചകൾ കണ്ടും , ഫോട്ടോ എടുത്തും , റോഡിന്റെ നിര്മ്മിതിയെ കുറിച്ച് അത്ഭുതപ്പെട്ടും കുറച്ച് മണിക്കൂറുകൾ..!! ഫോർ വീൽ ഡ്രൈവ് ഇല്ലാ എന്ന ഒറ്റ കാരണത്താൽ ഞങ്ങൾക്ക് എത്താൻ കഴിയാത്ത ഉയരത്തിൽ ഒരു കാർ കണ്ട് ഞങ്ങൾ അസൂയപ്പെട്ടു.. അവരുടെ ആവേശത്തെകുറിച്ച് ആലോചിച്ച് അത്ഭുതം കൂറി..!



താഴെ ഇറങ്ങുമ്പോൾ ചിലയിടങ്ങളിൽ ചാർക്കോൾ കത്തിച്ച് ഭക്ഷണം പാചകം ചെയ്യുന്നു ചിലർ , കുടുംബ സമേതം സൊറ പറയുന്ന വേറെ ചിലർ .. പിന്നെയും ചെറിയ ചെറിയ സംഘങ്ങൾ ഒരു പാട് .. അതിലെ ഒരു സംഘത്തെ എനിക്ക് വല്ലാതെ പിടിച്ചു. നിലത്ത് കാർപ്പെറ്റൊക്കെ വിരിച്ച് ഖാവ കുടിച്ചിരിക്കുന്ന ഒരു അറബി സംഘം. എനിക്കവരുടെ ഒരു ഫോട്ടോ എടുത്താലോ എന്നൊരാഗ്രഹം. സമ്മതം ചോദിച്ചപ്പോൾ അവര്ക്കും സന്തോഷം. ഫോട്ടോ എടുത്ത് അവരുടെ കൂടെ ഇരുത്തി ഖാവ കുടിപ്പിച്ച്  റാസ് അൽ ഖൈമയിലുള്ള  ആ ചെറുപ്പക്കാരുടെ ആ സംഘം അവരുടെ സന്തോഷം ഞങ്ങളെ അറിയിച്ചു. ആ അറബി ആഥിത്യ മര്യാദയും നുകർന്നു കൊണ്ട് പിന്നെയും നടത്തം തുടർന്നു... അതാ പുരാതനകാലത്തുനിന്നും  ഇറങ്ങി വരുന്നത് എന്ന് കരുതാൻ മാത്രം പഴക്കം ചെന്ന ഒരു കാറുമായി അതാ ഒരു പഠാണി മലമുകളിലേക്ക് കുതിക്കുന്നു.. ആഹ്.. ധൈര്യമുണ്ടേൽ ( അതോ വിവരമില്ലെങ്കിലോ..) ഫോർ വീൽ ഡ്രൈവ് ഒന്നും വേണ്ടാന്ന് പഠാൻ തെളിയിക്കുന്നു.. ഞങ്ങൾക്ക് പിന്നേം അസൂയ.!



സൂര്യൻ പതുക്കെ മങ്ങാൻ തുടങ്ങുന്നു.. തണുപ്പ് കൂടാൻ തുടങ്ങി. കുറച്ച് നേരം കൂടി അവിടെ ചിലവഴിക്കണം എന്നുണ്ടായിരുന്നെങ്കിലും സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാതെ മലയിറക്കം ദുഷ്കരമാവും  എന്നതിനാൽ തിരിച്ചിറങ്ങാൻ തീരുമാനമായി... 
മഞ്ഞു കാലത്ത് ഈ മലകളിൽ നല്ലൊരു ഭാഗവും മഞ്ഞു മൂടിക്കിടക്കും എന്ന് എവിടെയോ വായിച്ചതോർമ്മയിൽ വന്നതോണ്ട് മഞ്ഞു കാലത്ത് ഒരിക്കൽ കൂടി ഈ വഴി വരാൻ കഴിഞ്ഞെങ്കിൽ എന്നാശിച്ച്  കാറിൽ മെല്ലെ താഴേക്ക്..! 

കാർ സ്റ്റീരിയോയിൽ വി. ടി മുരളി പാടുന്നു..

"സാഗരമേ നിനക്കെത്ര ഭാവം
ശാന്തം അശാന്തം രൗദ്രം
സാഗരമേ നിനക്കെത്ര ഭാവം.."

ഞാൻ ആലോചിച്ചത് അതേ ഭാവങ്ങളൊക്കെ ഈ പർവ്വതനിരകളും തരുന്നതിനെ കുറിച്ചാണ്..!
മങ്ങി വരുന്ന സൂര്യൻ പുതിയ കുറേ ചിത്രങ്ങൾ സമ്മാനിക്കുന്നുണ്ട്.. നിഴലിന്റേയും , വെളിച്ചത്തിന്റേയും പുതിയ കൊളാഷുകൾ മല നിരകളിൽ..! ആകാശത്ത് നീലയും , ചുവപ്പും തീർക്കുന്ന വർണ്ണ വിസ്മയം..!





കുന്ന് കയറിപ്പോകുന്ന രണ്ട് സംഘങ്ങൾ ..!! ഒന്ന് ഒരു സ്പോർട്സ് ബൈക്ക് ടീമും , മറ്റൊന്ന് ബെന്റ് ലി , ലംബോർഗിനി തുടങ്ങിയ ആഢംഭര കാറുകളുടെ ഒരു സംഘവും. എന്റെ ക്യാമറക്ക് പിടിതരാതെ രണ്ട് കൂട്ടരും പാഞ്ഞു പോയി..

സൂര്യൻ മങ്ങുന്നു.. പർവ്വതനിര മെല്ലെ മെല്ലെ ഇരുട്ടിൽ മറയുന്നു.. ഒരിക്കലും മായാത്ത കുറേ ഓർമ്മകളുമായി ഞങ്ങൾ യാത്ര തുടരുന്നു..!




17 comments:

  1. രണ്ട് തവണ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്,
    മനോഹരമായ സ്ഥലമാണ്, അങ്ങോട്ടുള്ള വഴികളും..

    അതിലുമെല്ലാം മനോഹരമായ് സാമി പറയുകയും ചെയ്തു.
    അഭിനന്ദനങ്ങള്‍..!!

    ReplyDelete
  2. നല്ല ഭംഗീള്ള സ്ഥലം.

    ReplyDelete
  3. കഴിഞ്ഞ വെള്ളിയാഴ്ച എന്ടെം കുടുംബത്തിന്റെയും യാത്ര അങ്ങോട്ട്‌ തന്നെയാർന്നു ! ഒരു യാത്രാ വിവരണം എഴുതണമെന്നു കരുതിയതേർന്നു . ഇനിയതിന്റെ ആവശ്യമില്ല , അത്രത്തോളം മനോഹരമായി വർണിച്ചിരിക്കുന്നു സമീർക്ക .

    ReplyDelete
  4. ഗംഭീര സ്ഥലം ... മനോഹരമായ് എഴുത്ത് .... :)

    ReplyDelete
  5. യാത്രാകുറിപ്പ് ഇഷ്ട്ടായി സാമീ...
    ഗള്‍ഫ് കാണണം എന്നൊക്കെയുണ്ട്.. പക്ഷെ പാസ്പ്പോര്‍ട്ട് ഇല്ല.. :)

    സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ മാറിക്കിട്ടിയില്ലേ ഇപ്പോള്‍. ഇനി പുതിയ പോസ്റ്റുകള്‍ ഉണ്ടാവണം ഈ ബ്ലോഗ്ഗില്‍..
    ആശംസകള്‍... !!!

    ReplyDelete
  6. ഓരോ യാത്രകളും ജീവിതപുസ്തകത്തിലെ ഓരോ പുതിയ അദ്ധ്യായങ്ങള്‍ ആണ് .

    ReplyDelete
  7. കൊച്ചുവിവരണവും സ്ഥലവും ഇഷ്ടായി.

    ReplyDelete
  8. കാണാൻ കൊതിപ്പിക്കുന്ന ഇടങ്ങൾ.. ജി സി സി മൊത്തം ഏകീകൃത വിസ സമ്പ്രദായം വന്നാൽ ഞമ്മക്കും കാണാം ല്ലേ

    ReplyDelete
  9. ഞാന്‍ വന്നിറങ്ങിയത് റാസല്‍ ഖൈമയില്‍ രണ്ടു കൊല്ലം ഗള്‍ഫെന്തെന്നു പഠിച്ചത് റാസല്‍ ഖൈമയില്‍ ഏറ്റവും കൂടുതല്‍ കുടുമ്പക്കാരുള്ളത് റാസല്‍ ഖൈമയില്‍ ആറുമാസത്തില്‍ ഒരിക്കലെങ്കിലും മുടങ്ങാതെ വിസിറ്റു ചെയ്യുന്നത് റാസല്‍ ഖൈമയില്‍ ... എന്നിട്ടും എനിക്കിവിടെ പൊവ്വാന്‍ കഴിഞ്ഞില്ല പലരും പല പ്രാവശ്യം വിളിച്ചു ദേ അടുത്താഴ്ച ഒരു ടീമു വിളിച്ചിട്ടുണ്ട് ഇനി പോയിട്ടു തന്നെ കാര്യം ...... സ്വാമീ വിവരണം അടി പൊളിയായിട്ടുണ്ട് ട്ടാ

    ReplyDelete
  10. മലനിരകൾക്കിടയിൽ അങ്ങിങ്ങ് ചില വീടുകൾ കാണാം. കല്ലിൽ കെട്ടി സിമന്റ് തേക്കാത്ത വീടുകളാണവയൊക്കെയും. ഒരു പട് കാലങ്ങൾക്ക് മുന്നെ തന്നെ അവിടങ്ങളിൽ ആൾ വാസം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ മാാത്രം പഴക്കമുള്ള ചില വീടുകളും കാണാം. ചിലയിടത്തെല്ലാം താമസക്കാരെയും. ഹോ..! ഇങ്ങിനെ ഒരു ചുറ്റുപാടിൽ ജീവിക്കുന്നവരെ നമിക്കണം.!!

    ReplyDelete
  11. റാസൽ ഖൈമ എന്ന പേരിനോട് എനിക്ക് പണ്ടുതൊട്ടേ ഇഷ്ടമാണ്. വല്ലാത്തൊരു പ്രത്യേകതയുണ്ട് ആ പേരിന്. റാസൽ ഖൈമയെക്കുറിടച്ച് പണ്ടെപ്പോഴോ വായിച്ചിട്ടുണ്ട്. മരുഭൂമിയുടെ സംസ്കാരവും, ജ്യോഗ്രഫിയും നിങ്ങളൊക്കെ ഇങ്ങിനെ എഴുതി കൊതിപ്പിക്കുമ്പോൾ ഇതൊക്കെ അനുഭവിക്കാനാവുന്നതും ഒരു പൂർവ്വപുണ്യമാണെന്നു തോന്നിപ്പോവുന്നു.....

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. 7 എമിറേറ്റ്സിലും പോയിട്ടുണ്ട്.. റാസ് അല്‍ ഖൈമയില്‍ മാത്രം എയര്‍പോര്‍ട്ടിലെ പോയിട്ടുള്ളൂ.. ഇനി ഒരു അവധി ട്രിപ്പ് പ്ലാന്‍ ചെയ്താല്‍ ഈ പറഞ്ഞ സ്ഥലത്തേക്കൊന്ന് കറക്കം ഫിക്സി.. നോക്കട്ടെ ഇതൊക്കെ സത്യമാണോന്ന്.. :)

    ReplyDelete
  14. മനോഹരമായ വിവരണം.. ആ മലകളൊക്കെ കയറിയിറങ്ങിയ പ്രതീതി.. ഞാന്‍ അവിടെ കുറേ വര്‍ഷങ്ങള്‍ ഉണ്ടായിട്ടും പോകാന്‍ പറ്റിയില്ല.. അതിന്ന്റെ വിഷമംം ഉണ്ടിപ്പോള്‍..

    ReplyDelete
  15. മനോഹരം..
    ചിത്രങ്ങളും അതിലേറെ വരികളും...
    അടുത്ത യാത്രയില് അകലങ്ങള് ഭേദിച്ചൊരു പങ്കാളിയാവാ൯ കണ്ണും നട്ടിരിക്കുന്നു..

    ReplyDelete

Related Posts Plugin for WordPress, Blogger...