Sunday, November 16, 2014

ജബൽ ജൈസ്




ഇക്കുറി യാത്ര റാസ് അൽ ഖൈമയിലേക്കാണ്.
റാസ് അൽ ഖൈമ യു എ ഇയുടെ കൃഷി സ്ഥലം എന്നൊക്കെ പറയാവുന്ന സ്ഥലമാണ്.ദുബായിയിലും അബുധാബിയിലും കാണുന്ന ആകാശം മുട്ടുന്ന കെട്ടിടങ്ങൾക്ക്‌ പകരം അങ്ങിങ്ങായി തോട്ടങ്ങൾ കാണാം.. റാസ് അൽ ഖൈമയിലേക്കുള്ള യാത്രയിൽ... തരം പോലെ ഈന്തപ്പനയും, മറ്റ് പച്ചക്കറികളും തഴച്ച് വളരുന്ന തോട്ടങ്ങൾ.. പിന്നെ ഒട്ടകങ്ങളെ വളര്ത്തുന്ന ഫാം ഹൗസുകളും..!
കൃഷിക്കാരും മറ്റുമാണു കൂടുതൽ എന്നതിനാൽ തന്നെ ദുബായിയേയും അബുധാബിയേയും അപേക്ഷിച്ച് താരതമ്യേനെ ജീവിത ചിലവും കുറവാണ്.

ഞങ്ങൾ റാസ് അൽ ഖൈമയിലുള്ള ജബൽ ജൈസിലേക്കാണു പോകുന്നത്.
ഒന്ന് രണ്ടു തവണ മുടങ്ങിപ്പോയ ഒരു യാത്ര ഇന്ന് വീണ്ടും തരപ്പെട്ടത്തിന്റെ സന്തോഷത്തിലാണ് ഞാൻ.പണ്ടേതോ ചർച്ചക്കിടയിൽ  എന്നെ ജബൽ ജൈസിലേക്ക് കൊണ്ടു പോകാം എന്ന് വാക്ക് തന്ന അനസ് വക്കീൽ തന്നെയാണ് ഞങ്ങളുടെ സാരഥി. പിന്നെ റഫീകും നാസറും അടങ്ങിയതാണ് ഞങ്ങളുടെ യാത്രാ സംഘം. നാസർ യു എ ഇ യിൽ പുതുമുഖമാണ്. അവനെ ഒരൊറ്റ ദിവസം കൊണ്ട് തന്നെ ദുബായ് , ഷാര്ജ , അജ്മാൻ , ഉമ്മ് അൽ ഖുവൈൻ , റാസ് അൽ ഖൈമ എന്നിങ്ങിനെ അഞ്ച് എമിറേറ്റുകൾകാണിക്കാം എന്നൊരു അഹങ്കാരവം ഉണ്ട് എനിക്ക്.

യു .എ .ഇ ഡിഫൻസ് ക്യാമ്പിനു പിന്നിൽ നിന്നും തുടങ്ങുകയായി ജബൽ ജൈസിലേക്കുള്ള വഴി..മല നിരകൾ തുടങ്ങുന്നിടത്ത് ഒരു ഡാം ഉണ്ട്. ഇതിനു മുന്നേ യു എ ഇ യിൽ കണ്ട ഒരു ഡാം ഫുജൈറ പോകുന്ന വഴിയിലുള്ളതാണ് . ഡാം എന്ന് പറയാൻ തന്നെ നാണമാകും അത്രയ്ക്കുണ്ടായിരുന്നു  വെള്ളം.!! ഇത്തവണ എന്തായാലും ഈ ഡാം നിരാശനാക്കിയില്ല. അടുത്തെങ്ങോ മഴ പെയ്തതിനാലാവണം ഡാമിനു നടുക്ക് ഒരു കുളം പോലെ കുറച്ച് വെള്ളം കെട്ടിക്കിടക്കുന്നു. ഈ മരുഭൂമിയിൽ അത് തന്നെ വലിയ ഒരു സംഭവമാണ്..!!
വെള്ളമുള്ള ഡാം കണ്ട കൌതുകം അവിടെ തന്നെ വിട്ട് ജബൽ ജൈസിലേക്കുള്ള യാത്ര തുടര്ന്നു.


ജബൽ ഹഫീതിനെ കുറിച്ച് ബ്ലോഗ് എഴുതിയപ്പോൾ ഫോട്ടോ ഒന്നും ഉണ്ടായില്ല എന്നാ പരാതി ഓർമ്മയിൽ വന്നതുകൊണ്ട്  മൊബൈൽ ക്യാമറ ഓണ്‍ ചെയ്ത് വെച്ചു. പക്ഷേ പലപ്പോഴും ക്ലിക്ക് ചെയ്യാൻ മറന്ന്  ആ മലനിരകളിലേക്ക് തന്നെ നോക്കി ഇരുന്നു.!!  അത്രയ്ക്കുണ്ട് ഓരോ നിമിഷവും  കണ്മുന്നിൽ തെളിഞ്ഞ് വരുന്ന അത്ഭുതങ്ങൾ..!!.  ചില ഭാഗങ്ങൾ കണ്ടാൽ തോന്നും ഏതോ തകര്ന്ന പുരാതന നഗരത്തിലൂടെയാണു യാത്ര ചെയ്യുന്നത് എന്ന്.. തകര്ന്ന ഗോപുരങ്ങളും, കൊത്തുപണികളാൽ അലങ്കരിച്ച കെട്ടിടങ്ങളും പോലെ..!! മറ്റൊരിടത്ത് എത്തിയാൽ വെറും കരിങ്കൽ കെട്ടുകൾ പോലെ.. വേറൊരിടത്ത് സൂര്യൻ അവയെ വെണ്ണക്കല്ലുകൾ പോലെ മനോഹരമാക്കുന്നു.. അങ്ങിനെ അങ്ങിനെ ഓരോ മിനിറ്റിലും മാറി മാറി വരുന്ന വ്യത്യസ്ത കാഴ്ചകൾ..!!
മലനിരകൾക്കിടയിൽ അങ്ങിങ്ങ് ചില വീടുകൾ കാണാം. കല്ലിൽ കെട്ടി സിമന്റ് തേക്കാത്ത വീടുകളാണവയൊക്കെയും. ഒരു പട് കാലങ്ങൾക്ക് മുന്നെ തന്നെ അവിടങ്ങളിൽ ആൾ വാസം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ മാാത്രം പഴക്കമുള്ള ചില വീടുകളും കാണാം. ചിലയിടത്തെല്ലാം താമസക്കാരെയും. ഹോ..! ഇങ്ങിനെ ഒരു ചുറ്റുപാടിൽ ജീവിക്കുന്നവരെ നമിക്കണം.!!



മലമുകളിലേക്കുള്ള റോഡ്‌ എടുത്തു പറയേണ്ടതാണ്. അത് പോലെ തന്നെ വഴിയരികിൽ തയ്യാറാക്കിയ ശൗചാലയങ്ങളും..! രണ്ടും ശ്രദ്ധയോടെ പരിപാലിക്കുന്നുണ്ട്..!
താഴ് വാരത്ത് നിന്നും ഏകദേശം മുപ്പതോളം കിലോമീറ്റർ സഞ്ചരിച്ച് ഞങ്ങൾ റോഡ്‌ അവസാനിക്കുന്നിടത്തെത്തി. മുകളിലേക്ക് പിന്നെയും വഴിയുണ്ട്. പക്ഷേ പോകാൻ ഫോര് വീൽ ഡ്രൈവ് വേണം..! എന്നാൽ പിന്നെ കാര് ഇവിടെ നിർത്തി നടക്കാം എന്നായി റഫീക്..ഞാൻ എപ്പഴേ റെഡീ എന്ന് ഞാനും.. ! അങ്ങിനെ രണ്ടു മൂന്ന് കിലോമീറ്റർ കൂടി ഞങ്ങൾ മുകളിലേക്ക്.. !! കാഴ്ചകൾ കണ്ടും , ഫോട്ടോ എടുത്തും , റോഡിന്റെ നിര്മ്മിതിയെ കുറിച്ച് അത്ഭുതപ്പെട്ടും കുറച്ച് മണിക്കൂറുകൾ..!! ഫോർ വീൽ ഡ്രൈവ് ഇല്ലാ എന്ന ഒറ്റ കാരണത്താൽ ഞങ്ങൾക്ക് എത്താൻ കഴിയാത്ത ഉയരത്തിൽ ഒരു കാർ കണ്ട് ഞങ്ങൾ അസൂയപ്പെട്ടു.. അവരുടെ ആവേശത്തെകുറിച്ച് ആലോചിച്ച് അത്ഭുതം കൂറി..!



താഴെ ഇറങ്ങുമ്പോൾ ചിലയിടങ്ങളിൽ ചാർക്കോൾ കത്തിച്ച് ഭക്ഷണം പാചകം ചെയ്യുന്നു ചിലർ , കുടുംബ സമേതം സൊറ പറയുന്ന വേറെ ചിലർ .. പിന്നെയും ചെറിയ ചെറിയ സംഘങ്ങൾ ഒരു പാട് .. അതിലെ ഒരു സംഘത്തെ എനിക്ക് വല്ലാതെ പിടിച്ചു. നിലത്ത് കാർപ്പെറ്റൊക്കെ വിരിച്ച് ഖാവ കുടിച്ചിരിക്കുന്ന ഒരു അറബി സംഘം. എനിക്കവരുടെ ഒരു ഫോട്ടോ എടുത്താലോ എന്നൊരാഗ്രഹം. സമ്മതം ചോദിച്ചപ്പോൾ അവര്ക്കും സന്തോഷം. ഫോട്ടോ എടുത്ത് അവരുടെ കൂടെ ഇരുത്തി ഖാവ കുടിപ്പിച്ച്  റാസ് അൽ ഖൈമയിലുള്ള  ആ ചെറുപ്പക്കാരുടെ ആ സംഘം അവരുടെ സന്തോഷം ഞങ്ങളെ അറിയിച്ചു. ആ അറബി ആഥിത്യ മര്യാദയും നുകർന്നു കൊണ്ട് പിന്നെയും നടത്തം തുടർന്നു... അതാ പുരാതനകാലത്തുനിന്നും  ഇറങ്ങി വരുന്നത് എന്ന് കരുതാൻ മാത്രം പഴക്കം ചെന്ന ഒരു കാറുമായി അതാ ഒരു പഠാണി മലമുകളിലേക്ക് കുതിക്കുന്നു.. ആഹ്.. ധൈര്യമുണ്ടേൽ ( അതോ വിവരമില്ലെങ്കിലോ..) ഫോർ വീൽ ഡ്രൈവ് ഒന്നും വേണ്ടാന്ന് പഠാൻ തെളിയിക്കുന്നു.. ഞങ്ങൾക്ക് പിന്നേം അസൂയ.!



സൂര്യൻ പതുക്കെ മങ്ങാൻ തുടങ്ങുന്നു.. തണുപ്പ് കൂടാൻ തുടങ്ങി. കുറച്ച് നേരം കൂടി അവിടെ ചിലവഴിക്കണം എന്നുണ്ടായിരുന്നെങ്കിലും സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാതെ മലയിറക്കം ദുഷ്കരമാവും  എന്നതിനാൽ തിരിച്ചിറങ്ങാൻ തീരുമാനമായി... 
മഞ്ഞു കാലത്ത് ഈ മലകളിൽ നല്ലൊരു ഭാഗവും മഞ്ഞു മൂടിക്കിടക്കും എന്ന് എവിടെയോ വായിച്ചതോർമ്മയിൽ വന്നതോണ്ട് മഞ്ഞു കാലത്ത് ഒരിക്കൽ കൂടി ഈ വഴി വരാൻ കഴിഞ്ഞെങ്കിൽ എന്നാശിച്ച്  കാറിൽ മെല്ലെ താഴേക്ക്..! 

കാർ സ്റ്റീരിയോയിൽ വി. ടി മുരളി പാടുന്നു..

"സാഗരമേ നിനക്കെത്ര ഭാവം
ശാന്തം അശാന്തം രൗദ്രം
സാഗരമേ നിനക്കെത്ര ഭാവം.."

ഞാൻ ആലോചിച്ചത് അതേ ഭാവങ്ങളൊക്കെ ഈ പർവ്വതനിരകളും തരുന്നതിനെ കുറിച്ചാണ്..!
മങ്ങി വരുന്ന സൂര്യൻ പുതിയ കുറേ ചിത്രങ്ങൾ സമ്മാനിക്കുന്നുണ്ട്.. നിഴലിന്റേയും , വെളിച്ചത്തിന്റേയും പുതിയ കൊളാഷുകൾ മല നിരകളിൽ..! ആകാശത്ത് നീലയും , ചുവപ്പും തീർക്കുന്ന വർണ്ണ വിസ്മയം..!





കുന്ന് കയറിപ്പോകുന്ന രണ്ട് സംഘങ്ങൾ ..!! ഒന്ന് ഒരു സ്പോർട്സ് ബൈക്ക് ടീമും , മറ്റൊന്ന് ബെന്റ് ലി , ലംബോർഗിനി തുടങ്ങിയ ആഢംഭര കാറുകളുടെ ഒരു സംഘവും. എന്റെ ക്യാമറക്ക് പിടിതരാതെ രണ്ട് കൂട്ടരും പാഞ്ഞു പോയി..

സൂര്യൻ മങ്ങുന്നു.. പർവ്വതനിര മെല്ലെ മെല്ലെ ഇരുട്ടിൽ മറയുന്നു.. ഒരിക്കലും മായാത്ത കുറേ ഓർമ്മകളുമായി ഞങ്ങൾ യാത്ര തുടരുന്നു..!




Thursday, October 2, 2014

ചില ‘മെട്രോ‘ വിചാരങ്ങള്‍ ..!!




ണ്ട്  നാട്ടില്‍ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തിരുന്ന കാലത്തായിരുന്നു സ്ഥിരം ട്രെയിൻ യാത്രകൾ...
കാലത്തെ പാസഞ്ചറിലോ മദ്രാസ് മെയിലിലോ പട്ടാമ്പിയിൽ നിന്നും കോഴിക്കോട്ടേക്ക് , അല്ലെങ്കിൽ തൃശ്ശൂർന്ന് എറണാംകുളത്തേക്ക്....

മദ്രാസിൽ നിന്ന് ഉറങ്ങി വരുന്ന മെയിലിനെ ഉണര്ത്തുന്നത് പട്ടാമ്പി യിൽ നിന്ന് കയറുന്ന ഞങ്ങളോ കുറ്റിപ്പുറത്തുനിന്ന് കയരുന്നവരോ ഒക്കെ ആയിരിക്കും..

വാടിയ ജമന്തിപ്പൂക്കളുടെ ഗന്ധം...
വിയര്പ്പിന്റെ നാറ്റം...
താഴെ പോയ കാപ്പിയുടേയും ചായയുടേയും മണം....
ഇഡ്ലിയുടേയും സാമ്പാറിന്റെയും.....
താഴെ എങ്ങും കാപ്പിഗ്ലാസ്സുകൾ....
കടല മണികളും, തൊണ്ടുകളും...
തലേന്നത്തെ അത്താഴത്തിന്റെ അവശിഷ്ടങ്ങൾ...
ചായ ചായേ ... കാപ്പി കാപ്പീ വിളികൾ....
പുസ്തകളും പേപ്പറുകളും വില്കുന്നവർ...
ചീട്ടുകളി സംഘങ്ങൾ....
ഒട്ടിയ വയറിലോ,
രണ്ട് കല്ലുകൾ കൊണ്ടോ മരക്കഷ്ണങ്ങൾ കൊണ്ടോ താളം പിടിച്ച് ,
അല്ലെങ്കിൽ ഒരു പഴയ ഹാർമോനിയത്തിൽ വരികൾക്കൊപ്പിച്ച്
പാട്ടുപാടുന്ന യാചകർ...
" പർദേശി പർദേശി ജാനാ നഹീ ....."

എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് അപ്പോഴും ഉറങ്ങുന്നവർ ..
ഉറക്കം വിട്ടുപോകാൻ മടിച്ച കണ്ണുകളും , മുഖവുമായി ഉണർന്നിരിക്കുന്നവർ....

പാസഞ്ചറാണെങ്കിൽ ഉണർന്നാവും വരുന്നത്...
ഈറൻ മാറാത്ത മുടിയിൽ മുല്ലപ്പൂവ് .. അല്ലെങ്കിൽ തുളസിക്കതിർ
ബഹളങ്ങളൊക്കെ അപ്പോഴും പഴേത് പോലത്തന്നെ...
വാതിലിൽ തൂങ്ങിപ്പിടിച്ച് സാഹസിക യാത്രകൾ ചെയ്യുന്നവർ...
തിരൂരോക്കെ എത്തുമ്പോഴേക്കും ട്രെയിൻ നിറഞ്ഞിട്ടുണ്ടാവും...
ശ്വാസം വിടാൻ പോലും പറ്റാത്തത്ര തിരക്ക് ...
മേല പറഞ്ഞ കച്ചവടങ്ങളൊക്കെ ഈ തിരക്കുകൾക്കിടയിലും നടക്കുന്നുണ്ടാവും...
ഒരു സര്ക്കസുകാരന്റെ മെയ് വഴക്കത്തോടെ ഈ തിരക്കുകൾക്കിടയിലൂടെ നുഴഞ്ഞവർ ......!!

വൈകീട്ടുള്ള തിരിച്ചു വരവും ഇങ്ങിനൊക്കെ തന്നാവും...

ഇവിടെ ഇപ്പോൾ വൈകുന്നേരത്തെ മെട്രോ യാത്രകൾ ഓർമ്മിപ്പിച്ചതാണിതൊക്കെ...
അതേ തിരക്ക്...
ശ്വാസം വിടാൻ പോലും പറ്റാത്തത്ര..!!
പക്ഷേ കലാവസ്ഥ തികച്ചും വിഭിന്നമാണ് കേട്ടോ...
ചായ ചായേ..... കാപ്പി കാപ്പീ .. വിളികളില്ല...
മറ്റു കച്ചവടങ്ങളും...
നല്ല പെര്ഫ്യൂമിന്റെ മണമുണ്ടാവാം മിക്കവാറും...
ഇടയ്ക്കിടെ മെട്രോയുടെ അറിയിപ്പുകൾ...
ഒരോ സ്റ്റേഷനെത്തുമ്പോഴും ഇറങ്ങാനുള്ളവരുടെയും കയറാനുള്ളവരുടേയും തിരക്കുകൾ...

സെപ്റ്റിക്കാാവോന്ന് പേടിച്ച് കമ്പിയേലോ മറ്റോ പിടിക്കാതിരിക്കണ്ടാ..
ഡ്രെസ്സിൽ അഴുക്കാവോന്ന് പേടിച്ച് എവിടെം ചാരാതെ നിൽക്കേം വേണ്ട...

പക്ഷേ എന്നാലും........
തലേന്ന് കണ്ട സിനിമയുടെ റിവ്യൂ കേള്ക്കാത്ത..
മോഹൻ ലാലിനേം മമ്മുട്ടിയേയും പറഞ്ഞ തല്ല് കൂടാത്ത...
ഒടുക്കം തല്ലിന്റെ വക്കത്ത് വരെ എത്തുന്ന രാഷ്ട്രീയ വാദപ്രദിവാാദങ്ങൾ ഇല്ലാത്ത...
ഓഫീസിലെ ടൈപ്പിസ്റ്റിനെ കുറിച്ചുള്ള കുന്നാമയ്കൾ കേള്ക്കാത്ത..
കൂടെയുള്ള കോളേജ് കുമാരന്റെ പ്രണയ കഥകൾ കേക്കാത്ത...
ട്രാജഡിയോ കോമഡിയോ ആയ സർവീസ് സ്റ്റോറികൾ കേള്ക്കാത്ത...
ആഡംഭരങ്ങളുടെ ഈ മെട്രോയേക്കാാൾ എനിക്ക് പ്രിയം തുരുമ്പു പിടിച്ച , അഴുക്കു നിറഞ്ഞ ആ പഴയ പാസഞ്ചറുകൾ തന്നെ.....
പോയ കലാത്തോടുള്ള അടങ്ങാത്ത അഭിനിവേശമൊന്നുമല്ല അതിനു കാരണം
സോഷ്യൽ നെറ്റ് വർക്കുകൾ ഒന്നുമില്ലാത്തൊരു കാലത്തെ എഫ് ബിയോ ഓർക്കുട്ടോ ഒക്കെയായിരുന്നു എനിക്കാ ട്രെയിനുകൾ....
ഒരു നേരത്തെ ചീട്ട് കളികൊണ്ടോ , സംവാദങ്ങൾ കൊണ്ടോ , ഇരിക്കാൻ ഞാനൊന്ന് അഡ്ജസ്റ്റ് ചെയ്തത് കൊണ്ടോ മാത്രം രൂപപ്പെട്ട എത്ര എത്ര സൗഹൃദങ്ങൾ..!!
കയറാൻ നേരം പുഞ്ചിരി എന്നൊരു ലൈക്ക്..
ഹാ എന്തുണ്ടിഷ്ടാ/ എവിടിഷ്ടാ എന്നൊക്കെ ഒരു കമന്റ്...
ടാ എസ്‌ റ്റു വിൽ / അഞ്ചാമത്തെ കംപാര്ട്ട്മീന്റിൽ സുധീറും കൂട്ടരും ഇരിക്കുന്നുണ്ട് എന്നൊരു ഷെയർ....

ആയതു കൊണ്ട് എന്റെ പ്രിയപ്പെട്ട ആ പഴയ കാല ട്രെയിൻ കൂട്ടുകാരേ.....
ഈ 'മെട്രോ' കാലത്ത്....
പുതിയ സൗഹൃദങ്ങളുടെ ഈ സുവർണ്ണ കാലത്തും നിങ്ങളെ ഞാൻ ഒരു പാട് മിസ്സുന്നുണ്ട് ...
 
( എഫ് ബിയിലെ ഒരു പോസ്റ്റ് നഷ്ടപ്പെടാതിരിക്കാനായി ഇവിടെ സൂക്ഷിക്കുന്നു.)

Sunday, December 15, 2013

ജബൽ ഹഫീതിലേക്ക് ഒരു യാത്ര..!



ജബൽ ഹഫീത് - അൽ ഐൻ.

യു എ ഇ യിൽ കഴിഞ്ഞ ഒന്നു രണ്ടു ദിവസമായി മഴയാണ്..
ആകാശം എപ്പഴും മൂടിക്കെട്ടി നാട്ടിലെ മഴക്കാലം പോലെ..
ഇടയ്ക്കിടെ മഴ ചാറുന്നുണ്ട്..
ചിലപ്പോൾ തിമർത്ത് പെയ്യുകയും..
എന്നാ പിന്നെ ഒരു യാത്രയാവാം എന്നായി..
ഇവിടെ ഒരു യാത്ര എന്ന് പറഞ്ഞാൽ ആദ്യം മനസ്സിലേക്കെത്തുന്നത് 'ജബൽ ഹഫീത് ' തന്നെയാണ്..!
നാട്ടിൽ ചുരം കയറുമ്പോഴുള്ള പോലെ കണ്ണിനു കുളിർമ്മ നൽകുന്ന പച്ചപ്പൊന്നും ഇല്ലെങ്കിലും ഓരോ തവണ ഇങ്ങോട്ട് വരുമ്പോഴും പിന്നെയും ഈ കുന്ന് കയറാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്നിവിടുണ്ട്.
പിന്നെ മരുഭൂമിയിലെ മരുപ്പച്ച കണക്കേ താഴെയുള്ള 'ഗ്രീൻ മുബാഷിറ'യും..


ഞങ്ങൾ അഞ്ചു പേർ..
കൂട്ടത്തിലൊരു വികൃതിയുണ്ട്..
അവനു സൂ കാണണം..
പീകോക്കിനേയും , സ്നേക്കിനേയും കാണണം..
ഇവിടുള്ള മലയാളി (?) കുട്ടികളോട് സംസാരിച്ചാൽ ചിലപ്പോൾ സഹതാപം തോന്നും
മഴവില്ലെന്നും , മയിലെന്നും ഒക്കെ നമ്മളൊക്കെ ചെറുപ്പത്തിൽ (ഇപ്പഴും) പറയുമ്പോൾ അവയുടെ എല്ലാ സൗന്ദര്യവും നമ്മുടെ കണ്ണിൽ നിന്നും മുഖത്തു നിന്നും വായിച്ചെടുക്കാം മഴവില്ലിന്റെ ഏഴു നിറങ്ങളും , പീലി വിടർത്തി ആടുന്ന മയിലിന്റെ ഭംഗിയമൊക്കെ ഉണ്ടാവും അതിൽ. ഇതീ കുട്ടികൾ തികച്ചും യാന്ത്രികമായി റെയിൻബോ എന്നും പീകോക്കെന്നും പറയുമ്പോൾ.....

അൽ ഐൻ യു എ ഇ യുടെ പൂന്തോട്ടമാണ്..
പൂന്തോട്ടങ്ങളാൽ അലങ്കരിച്ച റൗണ്ടെബൗട്ടുകളും , മരങ്ങളാൽ സമ്പന്നമായ വഴിത്താരകളും....
അൽ ഐൻ മൃഗശാല - അത്ര മഹത്തരം എന്നൊന്നും തോന്നില്ലെങ്കിലും മനോഹരമായി രൂപകല്പന ചെയ്ത , നന്നായി പരിപാലിക്കുന്ന ഒന്ന്.
ഒരു ഓട്ടപ്രദക്ഷിണം നടത്തി നേരെ ജബൽ ഹഫീതിലേക്ക്..
മല കയറാൻ തുടങ്ങിയപ്പോൾ 'ഓഹ്.. ഇതൊക്കെ എന്തോന്ന് ..ഇതിലും വലിയതെന്തൊക്കെ നമ്മൾ കണ്ടിരിക്കുന്നു എന്ന് ജബൽ ഹഫീതിലേക്ക് ആദ്യായി വരുന്ന കൂട്ടുകാരന്റെ കമന്റ്..
മുകളിലേക്കെത്തും തോറും അത് മാറി അത്ഭുതമായി മാറുന്നത് കണ്ടിരിക്കാൻ ഒരു സുഖമുണ്ടായിരുന്നു.
കേരളത്തിലൊരു ചുരം കയറുന്നതിനു തികച്ചും വ്യത്യസ്ഥമാണ് ജബൽ ഹഫീത് കയറുമ്പോൾ. ചുറ്റിലും മരങ്ങളും , കാടും, പൂക്കളും അരുവിയും , പച്ചപ്പും ഒന്നുമില്ല.. പക്ഷേ വന്യമായൊരു സൗന്ദര്യമുണ്ട് ഈ മൊട്ടക്കുന്നുകൾക്ക്.. രാത്രിയാണ് കയറുന്നെങ്കിൽ താഴെ അൽ ഐനും ചുറ്റുവട്ടങ്ങളും ദീപാലങ്കൃതമായി നല്ലൊരു കാഴ്ച നൽകും.
വളരെ നല്ല രീതിയിൽ ഒരുക്കിയിരിക്കുന്ന റോഡും മറ്റും..
മുകളിൽ വലിയൊരു മൈതാനം..!
വിശാലമായ പാർക്കിങ്ങ്..
എത്ര നന്നായാണ് ഇവരീ ടൂറിസ്റ്റ് സ്പോട്ട് ഒരുക്കിയിരിക്കുന്നത്..!!
പ്രകൃതിയുടെ സംഭാവനക്കപ്പുറം ഇവരുടെ ആസൂത്രണവും , ഇച്ഛാശക്തിയും തന്നെയാണ് ജബൽ ഹഫീതിനെ ഇത്ര മനോഹരമാക്കുന്നത്.
മുകളിൽ നല്ല തണുത്ത കാറ്റുണ്ട്..!!
ഇവിടെ വരുംമ്പോഴൊക്കെയും മുകളിലെ റസ്റ്റോറന്റിൽ നിന്നും 'ഷീഷ' വലിച്ചിരുന്നു. ഈ തണുപ്പിൽ പിടിച്ച് നില്ക്കാൻ വേറെ ഒരു വഴിയും ഇല്ല..നേരെ അങ്ങോട്ട് വച്ചുപിടിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം.
അതൊക്കെയും പൂട്ടിപ്പോയിരുന്നു. പകരം കുറച്ച് കൂടി നല്ല ഒന്നു രണ്ടു റസ്റ്റോറന്റുകൾ... തൽക്കാലം കാപ്പികുടിച്ച് തണുപ്പകറ്റുകയേ നിവർത്തിയുള്ളൂ...
തണുപ്പ് കാരണം അധിക നേരം അവിടെ നിൽക്കാതെ താഴേക്ക്..
താഴെ ഗ്രീൻ മുബാഷിറയുണ്ട്..!!
ചുറ്റുമുള്ള കുന്നുകൾ മുഴുവൻ പുല്ല് വെച്ചുപിടിപ്പിച്ച് മനോഹരമാക്കിയ ഒരു താഴ്വാരം..!!
ഒരിത്തിരി പച്ചപ്പ് പോലും ഇല്ലാഞ്ഞിട്ടും എത്ര കഷ്ടപ്പെട്ടാണ് ആ കുന്നുകളിൽ മുഴുവൻ വെള്ളമെത്തിച്ച് ഈ പച്ചപ്പുകൾ നിർമ്മിച്ചിരിക്കുന്നത്..!!
ഗ്രീൻ മുബാഷിറക്കുള്ളിൽ എത്തിയാൽ ഒരാളും സമ്മതിച്ച് തരില്ല ഇത് ഒരു മരുഭൂമിലാണെന്ന്..അത്രയും പച്ചപ്പ്..!!
പിന്നെ എപ്പോഴും ചുടുവെള്ളം കിട്ടുന്ന അരുവിയും..
എന്ന് പോയാലും ആലോചിക്കും .. ഈ വെള്ളം പ്രകൃതിദത്തമാണോ..? അതോ ഇവർ ചൂടാക്കി ഒഴുക്കുന്നതാണോ..?
പക്ഷേ ഒരിക്കൽ പോലും ഞാനത് അറിയാൻ ശ്രമിച്ചിട്ടില്ല..
ഇനി അത് കൃതിമമാണെങ്കിൽ ഞാനത് അറിയാതെ പോകട്ടെ...
എനിക്കെന്നും അത് പ്രകൃതിയുടെ ഒരു അത്ഭുതമായി കാണാനാനിഷ്ടം.!
ഏറെ നേരം ആ ചുടുവെള്ളത്തിൽ കാല് നനച്ചിരുന്ന് , പുല്ലു പുതച്ച കുന്നിൽ മുകളിൽ നിന്നും താഴേക്ക് കൂടെയുള്ള വികൃതിയോടൊപ്പം മറ്റൊരു കുട്ടിയായി ഉരുണ്ട്.....
എത്ര നേരമങ്ങിനെ........!!
ഏറെ വൈകി മനസ്സില്ലാ മനസ്സോടെ തിരിച്ച് ദുബായിലേക്ക്..
അപ്പോഴും മനസ്സ് പറയുന്നുണ്ടായിരുന്നു...
യാത്ര പറയുന്നില്ല...തിരിച്ച് വരും ഞാൻ ഇനിയും...


Monday, October 7, 2013

ഓര്‍മ്മകളിലെ ചില ചങ്ങലക്കിലുക്കങ്ങള്‍.....!






കഴിഞ്ഞ ദിവസമാണ് പണ്ടെന്നോ കണ്ടുമറന്ന ഒരു ഭ്രാന്തനെ സ്വപ്നത്തില്‍ കണ്ട് ഞെട്ടിയുണര്‍ന്നത്... പിന്നെ ഉറക്കം വരാതെ കിടന്നപ്പോള്‍ ഓര്‍ത്തതു മുഴുവന്‍ പരിചയമുള്ള ഇതു പോലുള്ള കഥാപാത്രങ്ങളെ കുറിച്ചാണ്.. 
ഭ്രാന്തന്മാരെ കുറിച്ചോര്‍ത്താല്‍ എപ്പഴും ആദ്യം മനസ്സില്‍ വരിക കോട്ടക്കാവ് പൂരത്തിന് കണ്ട പേരറിയാത്ത ആ ഭ്രാന്തന്‍ തന്നാവും.. 

അക്കഥ ഇങ്ങിനെയാണ്.. 
ഞാനും ന്റ്റെ അമ്മായിയുടെ മകനും കൂടി കോട്ടക്കാവ് പൂരകാണാന്‍ പോകുന്നു...പൂരം കണ്ട് നടക്കുന്നതിനിടയില്‍ ഒരാഗ്രഹം ഐസ്ക്രീം കഴിക്കാന്‍.. ഐസ്ക്രീം വാങ്ങി ഒന്ന് നൊട്ടിനുണഞ്ഞപ്പഴേക്കും എന്‍റെ കയ്യില്‍ നിന്നും ആ ഐസ്ക്രീം ആരോ തട്ടിപ്പറിച്ചെടുക്കുന്നു.. തിരിഞ്ഞ് നോക്കിയപ്പോള്‍ അതാ ജഢ കെട്ടിയ മുടിയും , താടിയുമൊക്കെയുള്ള ഒരു വികൃത രൂപം എന്‍റെ ഐസ്ക്രീമും നുണഞ്ഞ് കൊണ്ട് നിന്നു ചിരിക്കുന്നു.. ആശിച്ച് വാങ്ങിയ ഐസ്ക്രീം കഴിക്കാന്‍ പറ്റീലല്ലോന്നോര്‍ത്തപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു.. ഞാന്‍ കരയുന്നത് കണ്ട് പാവം തോന്നീട്ടാവണം അയാളെനിക്ക് നേരെ അത് നീട്ടി..
‘ഊഹും‘..
ഞാനൊരു ചുവട് പിന്നിലോട്ട് നീങ്ങി.. അയാള്‍ അതും നീട്ടിപ്പിടിച്ച് രണ്ട് ചുവടു മുന്നോട്ടും.. എനിക്ക് പേടിയായി.. അയാളിപ്പോള്‍ എന്നെ പിടിക്കും ന്ന് മനസ്സ് പറയുന്നു.. പിന്നെ പൂരപ്പറമ്പും , ആള്‍ക്കൂട്ടവും ഒന്നും എന്‍റെ മനസ്സിലുണ്ടായില്ല.. ഓടി ഞാന്‍ നിറുത്താതെ.. ഏകദേശം രണ്ട് കിലോമീറ്റര്‍ ദൂരെയുള്ള ഉമ്മയുടെ തറവാട് എത്തീട്ടേ ആ ഓട്ടം നിന്നുള്ളൂ... അതിനു മുന്നെ ഇങ്ങിനെ ഒരു ഓട്ടം ഓടിയത് ആമക്കാവ് പൂരത്തിന് ‘കരിങ്കാളി’യെ കണ്ട് പേടിച്ചിട്ടാണ്.. 

ഇപ്പഴും ഇത് രണ്ടും എന്നില്‍ പേടിയുണ്ടാക്കും.. 
എത്ര ധൈര്യം സംഭരിച്ച് നിന്നാലും മനസ്സിന്‍റെ ഉള്ളില്‍ ഒരു ഭയം.. 
‘ഓടിക്കോ അത് നിന്നെയിപ്പോള്‍ പിടിക്കും‘ ന്ന് ആരോ പറയുന്നത് പോലെ....

ഭ്രാന്തന്മാരെക്കുറിച്ചോര്‍ത്താല്‍ പിന്നെ ഓര്‍മ്മ വരുന്നത് ‘രാമു’വിനെയാണ്. ഒരു കുന്നിനും , താഴെ കാണുന്ന വിശാലമായ പാടത്തിനും ഇടയിലുള്ള ഒരിത്തിരി സ്ഥലമാണ് കൂറ്റനാടങ്ങാടി... ആ കുന്നിന്‍ മുകളില്‍ പണ്ടൊരു കൊലപാതകം നടന്നിരുന്നു എന്നും അതന്വേഷിക്കാന്‍ എത്തിയ സി ഐ ഡി ആണ് രാമു എന്നുമാണ് ഞാനൊക്കെ സ്കൂളില്‍ പഠിക്കുന്ന കാലത്ത് പറഞ്ഞു കേട്ടിരുന്നത്.. നല്ല ഭംഗിയുള്ള കൈയ്യക്ഷരത്തില്‍ മലയാളത്തിലും , ഇംഗ്ലീഷിലും , ഹിന്ദിയിലും ഒക്കെ ഒരുപാട് എഴുതിയിരുന്ന , അധികമൊന്നും സംസാരിക്കാത്ത , ഒരൊച്ചപ്പാടും ബഹളവും ഉണ്ടാക്കാതെ അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്ന രാമുവിനെ ഒരു സി ഐ ഡി തന്നെയായി കാണാനായിരുന്നു ഞങ്ങള്‍ കുട്ടികള്‍ക്കും ഇഷ്ടം. 
പിന്നെയും ഒരു പാട് കാലം ആ കൊലപാതകക്കേസ് തെളിയിക്കാതെ ഭ്രാന്തന്‍ തന്നെയായി നടന്നപ്പോഴാണ് ‘രാമു’ ഭ്രാന്തന്‍ തന്നെ ന്ന് ഞങ്ങള്‍ക്ക് ബോധ്യം വന്നത്.. കുളിക്കാതെ , വസ്ത്രം മാറാതെ നടക്കുന്ന രാമുവിനെ ഇടയ്ക്കിടെ കൂറ്റനാട്ടെ ഓട്ടോ ഡ്രൈവര്‍മാര്‍ കുളിപ്പിക്കും .. അത് ഗാന്ധി ജയന്തിക്കൊക്കെ നടത്തുന്ന സേവനവാരം പോലെ വലിയ ആഘോശവും ആരവുമൊക്കെയായി അവര്‍ കൊണ്ടാടും.. 
രാമു കാശിനു വേണ്ടി ചിലപ്പോഴൊക്കെ കൂറ്റനാട് അങ്ങാടീല്‍ തെണ്ടും.. ഓരോ കടക്കു മുന്നിലും ചെന്ന് എന്തെങ്കിലും കൊടുക്കുന്നതു വരേയോ , അല്ലെങ്കില്‍ ‘രാമോ ഇന്ന് കാശൊന്നും ഇല്ലാ‘ ന്ന് പറയുന്നത് വരേയോ അങ്ങാതെ നില്‍ക്കും കക്ഷി. 

പിന്നെയുള്ളത് രാമകൃഷ്ണനാണ്.. കാടാറു മാസം , നാടാറുമാസം ന്ന് പറയുന്നത് പോലെയാണ് രാമകൃഷ്ണന്‍റെ കാര്യം കുറച്ച് കാലം കൂറ്റനാടങ്ങാടി മുഴുവന്‍ വിറപ്പിച്ച് നടക്കുന്ന രാമകൃഷണനെ പിന്നെ കാണുക കുളിച്ച് കുട്ടപ്പനായി , അനുസരണയുള്ള കുഞ്ഞാടായി എന്തെങ്കിലും ജോലി ചെയ്യുന്ന പാവത്താനായിട്ടായിരിക്കും.. 
‘പഠിപ്പ് കൂടുതലായി വട്ടായതാ പാവം..’ ന്ന് നാട്ടാര് കഷ്ടം വെക്കും... പ്രാന്ത് മൂത്ത് വയലന്‍റായി നടക്കുന്ന രാമകൃഷ്ണനെ കണ്ടാല്‍.... 

അടുത്ത കഥാപാത്രം ഞങ്ങള്‍ ‘കാക്ക’ എന്ന് വിളിക്കുന്ന ഒരു സ്ത്രീയായിരുന്നു.. എപ്പോഴും കറുത്ത വസ്ത്രം ധരിച്ച് നടന്നിരുന്നതോണ്ടാണ് അവരെ അങ്ങിനെ വിളിച്ചിരുന്നത് ന്ന് തോന്നുന്നു.. ഓടി നടന്ന് കണ്ണില്‍ കണ്ടവരെയെല്ലാം ചീത്ത വിളിച്ച് നടക്കുന്ന അവരെ കണ്ടാല്‍ ഞങ്ങള്‍ കുട്ടികളൊക്കെ ഓടി ഒളിച്ചിരുന്നു. 

പിന്നെയുമുണ്ടായിരുന്നു ഒരു പാട് പേര്‍..
 ഒരു മാധവന്‍ നായര്‍.. പ്രാന്താണോ അതോ വെള്ളത്തിലാണോ എന്ന് എനിക്കിപ്പഴും തിട്ടമില്ലാ.. അന്ന് ഞങ്ങള്‍ക്ക് കൂറ്റനാട് ഒരു കടയുണ്ടായിരുന്നു . ഞാന്‍ കടയിലുള്ളപ്പോള്‍ ‘ഡാ ഒരു സിഗററ്റ് താഡാ..’ ന്ന് പറഞ്ഞ് കേറി വരുന്ന മാധവന്‍ നായരേയും , പേടിച്ചിട്ട് സിഗററ്റ് എടുത്തു കൊടുക്കുന്ന എന്നെയും എനിക്കിപ്പഴും ഓര്‍മ്മയുണ്ട്..

അത്രയൊന്നും വട്ടില്ലാത്ത ഒരു തമിഴനുണ്ടായിരുന്നു.. അല്ലെങ്കിലും ഒരിത്തിരി ഉണ്ടായാല്‍ അത് മുഴുവനാക്കാന്‍ കേമന്മാരാണല്ലൊ നമ്മള്‍... അങ്ങാടിയിലുള്ള ഹോട്ടലുകാര്‍ക്ക് വിറക് വെട്ടിക്കൊടുക്കുക്കയും , വെള്ളം എത്തിച്ചു കൊടുക്കേം ചെയ്യുന്ന ഒരു മുച്ചിറിയന്‍... 
ഞങ്ങളുടെ തമിഴ് അദ്ധ്യാപകനായിരുന്നു അങ്ങോര്‍. തമിഴ് സിനിമ കണ്ട് തീരെ മനസ്സിലാകാത്ത വാക്കുകളുടെ അര്‍ത്ഥം പറഞ്ഞ് തരുന്നത് അങ്ങോരായിരുന്നു. കാദര്‍ക്കാടെ കടയില്‍ നിന്ന് വാങ്ങിക്കൊടുക്കുന്ന ഒരു സോഡയോ , സര്‍ബത്തോ തീരുന്നത് വരെ സംശങ്ങള്‍ ചോദിക്കാം .. അത് കഴിഞ്ഞാല്‍ ഞങ്ങളെ ചീത്ത വിളിച്ച് തിരിച്ചു നടക്കും അയാള്‍.. 
പട്ടാമ്പൂച്ചിയും , ഞാപകവും ഒക്കെ എന്താണെന്ന് അദ്ദേഹത്തില്‍ നിന്നാണ് ഞങ്ങള്‍ പഠിച്ചെടുത്തത്....!

പിന്നെയും ഉണ്ട് ഒരുപാട് പേര്‍.. 
ഞങ്ങളുടെ അങ്ങാടിയില്‍ മാത്രമല്ല.. 
അന്നത്തെകാലത്ത് ഒട്ടുമിക്ക അങ്ങാടികളിലും ഉണ്ടായിരുന്നു ഇതു പോലെ ഒരു പാട് പേര്‍.... 

പിന്നെ കൂടെ പഠിച്ചൊരുവള്‍ മാനസിക നില തെറ്റി അങ്ങാടിയിലൂടെ ഓടുന്നത് കണ്ട് കണ്ണു നിറഞ്ഞ് നിന്നിട്ടുണ്ട്.. 
കുടുംബത്തില്‍ ഒരാള്‍ക്ക് വന്നപ്പോള്‍ ‘പടച്ചോനേ ഒരാള്‍ക്കും ഈ ഗതി വരുത്തല്ലേന്ന് മനമുരുകി പ്രാര്‍ത്ഥിച്ചിട്ടുണ്ട്..’ 
ഭാഗ്യം .. കഴിഞ്ഞ രണ്ട് മൂന്ന് തവണ നാട്ടില്‍ പോയപ്പോള്‍ ഇങ്ങിനെ അലഞ്ഞുതിരിഞ്ഞ് നടക്കണ ആരേയും കണ്ടില്ല... അതിനി അവരില്ലായത് കൊണ്ടോ അതോ മതം , ജാതി , രാഷ്ട്രീയം തുടങ്ങി ഒട്ടനവധി ഭ്രാന്തുകള്‍ ഉള്ളവര്‍ കൂടിയപ്പോള്‍ ഈ പാവം ഭ്രാന്തന്മാരുടെ ഐഡന്‍റിറ്റി നഷ്ടപ്പെട്ടത് കൊണ്ടോ.... എന്തോ......
എന്തായാലും അങ്ങിനെ ആരേയും ഇനി കാണാനിടവരാതിരിക്കട്ടെ..... 
എന്നാലും എന്തു കൊണ്ടാവും അയാളെ ഇപ്പോള്‍ ഞാന്‍ സ്വപ്നത്തില്‍ കണ്ടത്......?

Friday, June 28, 2013

ആല്‍മരപ്പെരുമ.

രണ്ട് ദിവസം മുന്‍പ് - ഒരു പ്രഭാതം.

ഞങ്ങള്‍ കുറച്ച് കൂട്ടുകാര്‍ പതിവ് ഫെയ്സ്ബുക്ക് ചര്‍ച്ചകള്‍ക്ക് ഒത്തു കൂടുന്നു. അന്ന് കാലത്ത് കൂറ്റനാട് - തൃത്താല റോഡരികില്‍ കനത്തമഴയെ തുടര്‍ന്ന് കടപുഴകി വീണ ആല്‍മരത്തെ കുറിച്ചായിരുന്നു ചര്‍ച്ച. ഡോക്ടര്‍ കൃഷ്ണദാസ് പോസ്റ്റിയ ആല്‍മരത്തിന്‍റെ ഫോട്ടോ കണ്ടപ്പോള്‍ ഡോക്ടറുടെ സുഹൃത്തായ ദിനക്  “ ഈ ആലമരം റീപ്ലാന്‍റ് ചെയ്യുന്നതിനേ കുറിച്ച് ആലോചിച്ച് കൂടെ..? “  എന്ന് ചോദിക്കുന്നിടത്ത് നിന്നാണ് അങ്ങിനെ ഒരു ചിന്ത ഞങ്ങളില്‍ ഉണ്ടാകുന്നത്. റീപ്ലാന്‍റ് നടക്കുന്ന സംഭവാണേല്‍ നമുക്ക് അങ്ങിനെ ചെയ്യാം എന്നായി ഞങ്ങളുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ “തൃത്താലപ്പെരുമ”. പിന്നെ ഒക്കെയും വളരെ വേഗത്തിലായിരുന്നു. വനം വകുപ്പിനേയും , കൃഷി വകുപ്പിനേയും വിളിച്ച് സാങ്കേതിക വശങ്ങള്‍ അന്വേഷിക്കുന്നു. റഫീഖും , സുധീറും സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും മരം മുറിച്ച് മാറ്റാനുള്ള ലേലം വിളി തുടങ്ങിയിരുന്നു. എം എല്‍ എ യേയും , പഞ്ചായത്ത് അധികൃതരേയും വിളിച്ച് മരം മുറിച്ച് മാറ്റുന്നതിനുള്ള നടപടികള്‍ തടയാന്‍ വേണ്ടത് ചെയ്തിട്ട് പിന്നെയു ചര്‍ച്ചകളിലേക്ക് . ഉച്ചയാവുമ്പോഴേക്കും മരം റീപ്ലാന്‍റ് ചെയ്യുന്നതിന്‍റെ ആവേശത്തിലേക്ക് കോടനാട്- പുല്ലാനിക്കാവ് സ്വദേശികള്‍ എത്തിച്ചേരുന്നു. നാട്ടിലെ പ്രധാന ക്ല്ബ്ബായാ സെഞ്ചുറി പ്രവര്‍ത്തകരും , മറ്റ് നാട്ടുകാരും എല്ലാ പിന്തുണയും അറിയിക്കുന്നു. ഇതിനകം ‘തൃത്താലപ്പെരുമ’ പ്രവര്‍ത്തകര്‍ വനം വകുപ്പില്‍ നിന്നും ശാസ്ത്രഞ്ജര്‍ വരുന്നത് ഉറപ്പിച്ചിരുന്നു.
ഡോ,കൃഷണദാസ് , ദിനക് , റഫീഖ് , സുധീര്‍
ആല്‍മരം റീപ്ലാന്‍റ് ചെയ്യുന്നതിന് പര്യാപ്തമാണോ എന്ന് പരിശോധിക്കുന്നതിന് അടുത്തദിവസം എത്താം എന്ന് വനം വകുപ്പില്‍ നിന്നും അറിയിപ്പ് കിട്ടുന്നു.പിറ്റേ ദിവസത്തേക്കുള്ള കാത്തിരിപ്പായി നാട്ടുകാരും, തൃത്താലപ്പെരുമ പ്രവര്‍ത്തകരും. പറഞ്ഞ സമയത്ത് തന്നെ വനം വകുപ്പ് ശാസ്ത്രഞ്ജര്‍ എത്തുന്നു. ഏറെ നേരത്തെ പരിശോധനകള്‍ക്ക് ശേഷം ആല്‍മരം റീപ്ലാന്‍റ് ചെയ്യാം എന്ന തീരുമാനത്തിലേക്ക്. അതിനു മുന്‍പ്  “ എന്തിനിത് റീപ്ലാന്‍റ് ചെയ്യണം..? നമുക്ക് പുതുതൊന്ന് നട്ടാല്‍ പോരേ “ എന്ന് നാട്ടുകാരുടെ നിശ്ചദാര്‍ഢ്യത്തെ അളക്കാന്‍ വേണ്ടി ചോദിച്ചിരുന്നു അവര്‍.പക്ഷേ റീപ്ലാന്‍റ് ചെയ്യുക എന്ന  ആവേശത്തിലായ നാട്ടുകാര്‍ക്ക് മുന്നില്‍ അതൊന്നും ഏശിയില്ല .
വി.ടി. ബല്‍റാം എം എല്‍ എയും സെഞ്ചുറി പ്രവര്‍ത്തകരും
അടുത്ത ദിവസം മുപ്പതോളം സെഞ്ചുറി ക്ലബ്ബ് പ്രവര്‍ത്തകരും , മറ്റ് നാട്ടുകാരും , തൃത്താലപ്പെരുമ പ്രവര്‍ത്തകരും , വനം വകുപ്പ് ശാസ്ത്രഞ്ജനായാ ഡോക്ടര്‍ സജ്ജീവും , മറ്റ് കെ എഫ് ആര്‍ ഐ യിലെ വിദഗ്ദരും , തൊഴിലാളികളും കൂടി കോരിച്ചൊരിയുന്ന മഴ വക വെക്കാതെ തലമുറകള്‍ക്ക് തണലേകിയ ആ മുത്തശ്ശി ആലിനെ വിധിയ്ക്ക് വിട്ടുകൊടുക്കാതെ ഒരു പുനര്‍ജ്ജന്മം ഒരുക്കുന്നു.



ഒരും പെരുമഴയ്ക്കും തകര്‍ക്കാനാവില്ല ഈ ആവേശം.


 ഒരുപാട് പേരോട് കടപ്പാടുണ്ട്. അഭിനന്ദിച്ച് ,നന്ദി പറഞ്ഞ്  ഈ സദുദ്ധ്യമത്തെ ചെറുതാക്കി കാണിക്കുന്നില്ല.. ചര്‍ച്ച തുടങ്ങി , ഒക്കെയും കഴിയുന്നത് വരെ ഓടി നടന്ന “തൃത്താലപ്പെരുമ”യിലെ കൂട്ടുകാരോട് , പെരുമഴയിലും തോരാത്ത ആവേശത്തില്‍ അദ്ധ്വാനിച്ച സെഞ്ചുറി ക്ലബ്ബ് പ്രവര്‍ത്തകര്‍ക്ക് , ജെ സി ബി ക്കാരോട് , ചില്ലകളും മറ്റും വെട്ടിമാറ്റാന്‍ വന്ന അനിലേട്ടനോട് , ആദ്യാവസാനം എല്ലാ ആവേശവും , പിന്തുണയും നല്‍കി കൂടെ നിന്ന  എം എല്‍ എ വി.ടി.ബല്‍റാമിനോട് ,ഡോക്ടര്‍ സജ്ജീവിനോട് , മറ്റ്  കെ എഫ് ആര്‍ ഐ യിലെ വിദഗ്ദരോട് , നാട്ടുകാരോട് , പിന്നെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലിരുന്നു പിന്തുണ അറിയിച്ച, ഇതിലേക്കാവശ്യമായ ഫണ്ട് അയച്ച് തന്ന “തൃത്താലപ്പെരുമ” പ്രവര്‍ത്തകരോട്..
എല്ലാവരോടും ഹൃദയം നിറഞ്ഞ സ്നേഹം, സന്തോഷം.....

ഉയര്‍ത്തെഴുനേല്പ്.      
ഇരുപുറവും റോഡും , വീടുകളും വൈദ്യുത കമ്പികളും കാരണം ഉയര്‍ത്തുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ചില്ലകളൊക്കെയും വെട്ടിക്കളയേണ്ടി വന്നു. ഒക്കെയും എത്രയും വേഗം പൊട്ടിമുളക്കുമെന്ന് പ്രത്യാശിക്കാം..
പുനര്‍ജന്മം.

ഇത്  “തൃത്താലപ്പെരുമയ്ക്ക്“ അഭിമാന നിമിഷങ്ങള്‍.. പതിവ് കക്ഷിരാഷ്ട്രീയ കടിപിടികളും, മതാന്ധതയും ഒക്കെയായി മാത്രം  മലയാളിക്ക് പരിചിതമായ “ഫെയ്സ്ബുക്ക് “ നല്ല കാര്യങ്ങള്‍ക്കും ഉപയോഗിക്കാം എന്ന് കാണിച്ച് തരുന്ന ചുരുക്കം ചില കൂട്ടായ്മകളെങ്കിലും ഉണ്ട്. അത്തരം ഒരു കൂട്ടായ്മയിലേക്കുള്ള തൃത്താലപ്പെരുമയുടെ നടന്നു കയറ്റം തന്നെയായിരുന്നു ഈ വലിയ വിജയം. “സ്വയംപര്യാപ്ത തൃത്താല“ എന്ന സ്വപ്നത്തില്‍ നിന്നുണ്ടായ “സ്വാശ്രയ മലമക്കാവ് “ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചതിനടുത്ത ദിവസമാണിത് എന്നത് ഏറെ സന്തോഷം നല്‍കുന്നുമുണ്ട്.
 പ്രകൃതിയ പരമാവധി നശിപ്പിച്ച് മാത്രമേ വികസനം സാദ്ധ്യമാകൂ എന്ന് ശഠിക്കുന്ന അധികാരികളുള്ള ഒരു നാട്ടില്‍ ഇതൊരു വലിയ സന്ദേശമാവട്ടെ.. കേരള ചരിത്രത്തില്‍ അപൂരവ്വമായി മാത്രം നടന്ന ഈ നല്ല കാര്യത്തിന് ഒരുപാട് തുടര്‍ച്ചകളുണ്ടാവട്ടെ..
ഇനിയും ഒരുപാട് തലമുറകള്‍ക്ക് തണലേകി ആ ആല്‍മരം ജീവിക്കട്ടെ..

വയസ്സായതും , പഴകിയതും ഒക്കെ ഉപേക്ഷിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഈ ഡിസ്പോസിബിള്‍ കാലത്ത് ഇത് മറിച്ചൊരു ചിന്തയ്ക്ക് കൂടി പ്രചോദനമായാല്‍ ഞങ്ങള്‍ സന്തുഷ്ടരാണ്...

Tuesday, January 29, 2013

അമ്മ




ടിക്കറ്റ് കൊടുക്കുന്ന സമയം കഴിഞ്ഞ് ഗേറ്റ് അടച്ച് തിരിച്ച് നടക്കുമ്പോഴാണ് അയാള്‍ ഓര്‍ത്തത്. ഒരു ജ്വല്ലറി പരസ്യത്തില്‍ നിന്നിറങ്ങി വന്ന സുന്ദരി എന്ന് തോന്നിച്ചവളോടൊപ്പം തിയ്യറ്ററിലേക്ക് വന്ന ചെറുപ്പക്കാരന്‍ പറഞ്ഞത്.
ദൂരെ പൊരിവെയിലില്‍ കിടക്കുന്ന കാറിലേക്ക് ചൂണ്ടിയാണ് പറഞ്ഞത്..
" അമ്മ കാറിലുണ്ട് , ഒന്ന് ശ്രദ്ധിക്കണം. "
ഒരു അത്ഭുതജീവിയെ നോക്കും മട്ടില്‍ നോക്കിയെങ്കിലും , എന്തെങ്കിലും പറയാന്‍ തുടങ്ങും മുന്നേ അടുത്തയാള്‍ ടിക്കറ്റ് നീട്ടിയിരുന്നു. ഒക്കെയും കഴിഞ്ഞ് ഇപ്പോള്‍ അര മണിക്കൂറോളം ആയിരിക്കുന്നു. തെല്ല് സന്ദേഹത്തോടെ അയാളാ കാറിന് നേരെ നടന്നു.
നല്ല ചൂടുണ്ട് വെയിലിന്. ഉരുകിയൊലിക്കുന്നത് പോലെ വിയര്‍പ്പ് പൊടിയുന്നു.
പണ്ട് ഈ മൈതാനം മുഴുവന്‍ മരങ്ങളാല്‍ നിറഞ്ഞ് നിന്നതും , തിയ്യറ്ററിലെ ഒഴിവു സമയങ്ങള്‍ ആ മരത്തണലുകളില്‍ ചിലവഴിച്ചതും ഒരു ഫ്ലാഷ്ബ്ലാക്ക് പോലെ അയാളുടെ മനസ്സിലൂടെ .
അന്നൊക്കെ ഈ മൈതാനത്ത് എപ്പോഴും തിരക്കായിരുന്നു.
കോളേജ് വിദ്യാര്‍ത്ഥികള്‍ , യാചകര്‍ , വെറുതെ അലഞ്ഞ് നടക്കുന്നവര്‍ , ടിക്കറ്റ് കിട്ടാത്തത് കാരണം അടുത്ത ഷോയ്ക്ക് കാത്തു നില്‍ക്കുന്നവര്‍ അങ്ങിനെ ഒരുപാട് പേര്‍ , എപ്പോഴും ആ മരത്തണലുകള്‍ സജീവമാക്കിയിരുന്നു. അന്നീ നഗരത്തിലെ ഏറ്റവും മനോഹരമായ സ്ഥലവും ഈ മൈതാനമായിരുന്നു.
ചെറുപ്പക്കാരന്‍ ചൂണ്ടിക്കാട്ടിയ ആ വിദേശ നിര്‍മ്മിത കാറിന് വളരെ അടുത്തെത്തിയിരിക്കുന്നു അയാളിപ്പോള്‍ . കഴിഞ്ഞ ദിവസം ടി.വി പരസ്യത്തില്‍ കണ്ട അതേ കാര്‍. ആ പരസ്യത്തിലെ കാറിലെ ആഢംഭരങ്ങള്‍ കണ്ട് കൊതിച്ചതും , പിന്നെ വില കേട്ട് ഞെട്ടിയതും അയാളോര്‍ത്തു.
കാറിലെ ബാക്ക് സീറ്റില്‍ ആ അമ്മ കിടക്കുന്നുണ്ട്. ഉറങ്ങുകയാവണം അവര്‍. പഞ്ഞി പോലെ മൃദുലമെന്ന് തോന്നിക്കുന്ന ആ സീറ്റില്‍ ഉറങ്ങാന്‍ നല്ല സുഖമായിരിക്കും. ഒന്ന് കൂടി സൂക്ഷിച്ച് നോക്കിയപ്പോഴാണ് അയാള്‍ക്ക് മനസ്സിലായത് ആ അമ്മ ഉറങ്ങുകയല്ല. ആകെ വിയര്‍ത്ത് കുളിച്ച് ക്ഷീണിതായി കിടക്കുകയാണവര്‍. ആ ചുണ്ടുകള്‍ വെള്ളത്തിനായി കേഴുന്നുണ്ട്. ചുറ്റും നടന്ന് നോക്കി. ഇല്ല ഡോറുകള്‍ ഒക്കെ ഭദ്രമായി അടച്ചിരിക്കുന്നു. വായു കടക്കാന്‍ വേണ്ടിയായിരിക്കണം ഒരു ഗ്ലാസ്സ് മാത്രം ഒരല്പം താഴ്യ്ത്തിയിട്ടുണ്ട്. ആ ശബ്ദം കേള്‍ക്കാം എന്നല്ലാതെ വേറൊന്നും വയ്യ. നിസ്സഹായനായി ആ അമ്മയെ നോക്കി അയാളങ്ങിനെ നിന്നു . ശ്വാസം എടുക്കാന്‍ പോലും വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട് ആ പാവം. ഏത് നിമിഷവും അവര്‍ തൊണ്ടപൊട്ടി മരിച്ചേക്കാം എന്ന് അയാള്‍ ഭയപ്പെട്ടു. തിയ്യറ്ററില്‍ പോയി ആ ചെറുപ്പക്കാരനെ പിടിച്ചിറക്കി കൊണ്ട് വരാന്‍ ആഗ്രഹിച്ചു. പതുക്കെ പതുക്കെ ചുറ്റും ആള് കൂടുന്നുണ്ട്. ഒട്ടേറെ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.ചിലര്‍ ആ കാറ് തല്ലിപ്പൊളിച്ച് അമ്മയെ പുറത്തെടുക്കണമെന്ന് അഭിപ്രായപ്പെടുന്നു.എന്തുകൊണ്ട് തനിക്കതിനൊന്നും കഴിയുന്നില്ല എന്നയാള്‍ അത്ഭുതപ്പെട്ടു. ചിലരൊക്കെ ആ മകനെ ന്യായീകരിക്കുന്നുമുണ്ട്. അമ്മയുടെ കിടപ്പിനെ കുറിച്ചും കരയുന്ന മുഖത്തെയും കളിയാക്കുന്നു മറ്റ് ചിലര്‍.
“ അമ്മയ്ക്ക് മനസ്സിന് നല്ല സുഖമില്ല , വീട്ടില്‍ ഒറ്റക്കിരുത്ത്യാ എന്തൊക്കെയാ ചെയ്ത് കൂട്ടാന്ന് പേടിച്ചാ , തിയ്യറ്ററിനുള്ളില്‍ കൊണ്ടോയാല്‍ ഞങ്ങള്‍ മനസ്സമാധാനത്തോടെ സിനിമ കാണാനും പറ്റില്ല. അതാ " , തന്നെ തുറിച്ച് നോക്കന്നവര്‍ക്കുള്ള മറുപടിയുമായി ആ ചെറുപ്പക്കാരനും , ഭാര്യയും പ്രത്യക്ഷപ്പെട്ടു. പിന്നെ ഒന്നും സംഭവിക്കാത്ത പോലെ ഡോര്‍ തുറന്ന് കാറിനകത്തേക്ക്.
“ എന്നാ തനിക്കാ ഏസിയെങ്കിലും ഓണ്‍ ചെയ്യാമായിരുന്നില്ലേടാ .. “ ,
ആരോ അരിശം കൊണ്ടു.
“ ചേട്ടാ പെട്രോളിനൊക്കെ ഇപ്പൊ എന്താ വില....? “ ,
പുറത്തേക്ക് തല നീട്ടി ഇത്രയും പറഞ്ഞ് കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.
ആരോ വിവരം കൊടുത്തതനുസരിച്ച് ഒരു എസ്ക്ലുസീവ് ന്യൂസിനായി ചാനലുകാര്‍ എത്തുമ്പോഴേക്കും ആ അമ്മയെയും കൊണ്ടാകാര്‍ മൈതാനം വിട്ട് പോയിരുന്നു.
ആരവങ്ങളും , ആളുകളും മെല്ലെ ഒഴിഞ്ഞ് പോയി.
അയാള്‍ വീട് ലക്ഷ്യമാക്കി നടന്നു. അടുത്ത ഷോയും , വൈകിയാല്‍ കേള്‍ക്കാന്‍ സാദ്ധ്യതയുള്ള മാനേജറുടെ തെറിയും ഒന്നും അപ്പോള്‍ അയാളുടെ മനസ്സിലുണ്ടായിരുന്നില്ല.
വീട്ടിലെത്തണം.
അമ്മയുടെ മടിയില്‍ കിടന്നൊന്ന് കരയണം.
ആ അമ്മയ്ക്ക് വേണ്ടി.
എല്ലാ അമ്മമാര്‍ക്കും വേണ്ടി.


...........................
കഴിഞ്ഞ ദിവസം പത്രത്തില്‍ വന്ന ഒരു വാര്‍ത്ത കണ്ടപ്പോള്‍  മനസ്സില്‍ തോന്നിയത്ങ്ങിനെ പോസ്റ്റുന്നു.

Monday, September 10, 2012

അവള്‍

                മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ റിങ്ങ് ചെയ്യണത് കേട്ടാണ് എണീറ്റത്. തൊട്ടടുത്ത ബെഡ്ഡില്‍ കിടക്കുന്ന മുജീബ് കണ്ണുരുട്ടി എന്നെ നോക്കണുണ്ട്. ‘എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് മൊബൈല്‍ സൈലന്‍റാക്കി ഉറങ്ങണം ന്ന് ‘.. അതു തന്നെയാവും ആ കണ്ണുരുട്ടലിന്‍റെ അര്‍ത്ഥം. അവനെ പറഞ്ഞിട്ട് കാര്യല്ല്യാ.. പന്ത്രണ്ട് മണിക്കൂര്‍ ഡ്യൂട്ടിയും കഴിഞ്ഞ് ഇതാ ഇപ്പൊ വന്ന് കിടന്നതേള്ളൂ. അതും ഫുള്‍ നൈറ്റ് ഉറക്കമൊഴിച്ചിട്ട്. ആരാണീ നേരത്ത് ന്നെ വിളിക്കാന്‍.. എന്‍റെ ഡ്യൂട്ടി സമയം അറിയണ കൂട്ടുകാരും വീട്ടുകാരും ഒന്നു ഈ നേരത്ത് വിളിക്കാറില്ല. പിന്നെ ഇതാരാപ്പാ.. ഇത്ര അര്‍ജ്ജന്‍റ് ആയി വിളിക്കണത്..? ഒരു തെല്ല് ജിഞ്ജാസയോടെ തന്നെയാ ഫോണ്‍ ഏടുത്തത്.“ ഇക്കാ ഇത് ഞാനാ.........“
ഓഹ്.. ഇവിളാര്‍ന്നോ ഇവളെന്തിനാ ഇത്ര അത്യാവശ്യായിട്ട്.? ഉറക്കം കളഞ്ഞതിന്‍റെ ദേഷ്യവും ഉണ്ട് മനസ്സില്‍.ന്നാലും  പരമാവധി ശാന്തനായി ഞാന്‍ ..
എന്താ കുട്ട്യേ...?
“ഇക്ക ഇന്നൊന്ന് വരോ ഇവിടെ....? “
എന്തേ..? നിനക്കെന്തേലും..? പെട്ടെന്ന് എനിക്ക് തോന്നിയത് അങ്ങിനെയാ.. നാടും വീടും ഒക്കെ വിട്ട് നില്‍ക്കണ ഒരു പെണ്‍കുട്ട്യല്ലേ..
“ഇല്ലിക്കാ ഇന്നെന്‍റെ പിറന്നാളാ..? എനിക്കിവിടെ വേരെ ആരാ ഉള്ളേ ക്ഷണിക്കാന്‍..“
അതിന് നീ എവിടാ താമസിക്കണേ..? എനിക്കറിയില്ലല്ലൊകുട്ട്യേ..... അങ്ങിനെ പറഞ്ഞ് ഒഴിയനാണ് പെട്ടെന്ന് തോന്നിയത്. അവര്‍ താമസിക്കുന്നിടത്തേക്ക് പോകാന്ന് വെച്ചാല്‍ ഹേയ് അത് ശരിയവില്ല..
“അയ്യോ അങ്ങോട്ടല്ലിക്കാ.. ഇവിടെ ഹോട്ടലിലേക്ക്...“
ഹഹ് . നല്ല തമാശ..!! പിറന്നാള്‍ ആഘോഷിക്കാന്‍ ബാറിലേക്കാണോ വിളിക്കണത്.. അതും എന്നെ..!! എനിക്ക് ചിരി.
“പിന്നെ ഞാനെന്താ ചെയ്യാ..? എനിക്ക് ലീവ് കിട്ടില്ലാ... ആകെ കൊല്ലത്തില്‍ ഒരീസം മാത്രേ ലീവുള്ളൂ ന്ന് ശരിക്കും അറിയുന്ന ഇക്ക തന്നെ എന്നെ കളിയാക്കണം”
ശരിയാണ്.. കൊല്ലത്തില്‍ ഒരീസേ അവള്‍ക്ക് ലീവുള്ളൂ.. ആ ദിവസം  അവിടെ ജോലി ചെയ്യുന്ന പെണ്‍കുട്ടികളെ എല്ലാരേം മാനേജര്‍ പുറത്തേക്ക് കൊണ്ട് പോകും, ഈ നഗരം മൊത്തം ഒന്ന് കാണിക്കും.കണിശക്കാരനായ ആട്ടിടയനെപ്പോലെ ആയിരം കണ്ണ് കൊണ്ട് സസൂക്ഷ്മം വീക്ഷിച്ച് ഈ ആട്ടിന്‍ പറ്റത്തിന്‍റെ പിന്നാലെയുണ്ടാവും അയാള്‍..
ഹേയ് പോട്ടെ കുട്ട്യേ..ഞാന്‍ നിന്നെ വെറുതെ ചൂടാക്കാന്‍ പറഞ്ഞതല്ലേ .. അപ്പഴക്കും പിണങ്ങാ..? ഉം എനിക്ക് ഇന്നും ഡ്യൂട്ടി ഉണ്ടല്ലൊ..? നോക്കട്ടെ വരാന്‍ പറ്റോന്ന്.. ആട്ടെ എന്താ എനിക്കുള്ള പിറന്നാള്‍ ട്രീറ്റ്..
“ വയറ് നിറയെ ബിയറ് വാങ്ങിത്തരാന്ന് പറഞ്ഞാ ഇക്ക എന്നെ ചീത്ത പറയില്ലേ..? ഇനി ചീത്ത പറഞ്ഞില്ലേലും വേണ്ടാ ഇക്ക കുടിക്കണ്ടാ.. എനിക്കിഷ്ടല്ല കുടിയന്മാരെ..” അവസാനയപ്പോഴേക്കും അവളുടെ തൊണ്ടയിടറിയോ....? ആ കുടിന്മാര്‍ കാരണമാണ് കുട്ടീ നീ ഇവിടെ ജീവിക്കുന്നത് എന്ന് പറയാന്‍ നാവ് ഉയര്‍ത്തിയതാണ് പിന്നെ വേണ്ടാന്ന് വെച്ചു. എന്തിനാ നല്ലൊരു ദിവസായിട്ട് അതിനെ വേദനിപ്പിക്കുന്നത്.. ഞാന്‍ വരാന്‍ ശ്രമിക്കാട്ടാ .. എന്ന് മാത്രം പറഞ്ഞ് അവസാനിപ്പിച്ച് പിന്നെയും ഉറക്കത്തിലേക്ക് വീഴാന്‍ ശ്രമിച്ചു..
ഉറക്കം വരണില്ലാ.. ഓര്‍ത്തത് മുഴുവന്‍ അവളെക്കുറിച്ചാണ്.. നന്നായി പാടുമയിരുന്നു അവള്‍. പണ്ട് സ്കൂളില്‍ പഠിച്ച പദ്യങ്ങള്‍ ഒക്കെ ഇത്ര സുന്ദരമായ ഗാനങ്ങള്‍ ആക്കാമെന്ന് എനിക്ക് മനസ്സിലായത് അവളെ പരിചയപ്പെട്ടതിന് ശേഷമാണ്.. അത്ര മനോഹരമായിരുന്നു അവള്‍ ആ പദ്യങ്ങള്‍ പാടുന്നത് കേള്‍ക്കാന്‍..
നാട്ടിലെ ക്ലബ്ബിന്‍റെ പ്രോഗ്രാമുകള്‍ക്ക്  പാടാന്‍ വിളിക്കാറുണ്ടായിരുന്നു അവളെ സ്ഥിരായിട്ട്.. ദൂരെ ഏതോ നാട്ടില്‍ നിന്ന് അഛന്റെ കൈപിടിച്ച് വരുന്ന ഒരു പാവാടക്കാരി.  എങ്ങിനെയാണ് അവര്‍ ഞങ്ങളിലെക്കെത്തിയത് എന്ന് ഇന്നും അറിയില്ല. ക്ലബ്ബും , മ്യൂസിക് ക്ലാസ്സും ഒക്കെ നിര്‍ത്തീട്ട് എല്ലാരും ഓരോ വഴിക്ക് തിരിഞ്ഞപ്പോള്‍ ഇവളേം മറന്നു.. പിന്നെ ഇവിടെ ഒരൊഴിവ് ദിവസം , പത്ത് ദിര്‍ഹംസിന് ശരീരം വില്‍ക്കുന്ന ചൈനക്കാരേം , ഇറാനികളേം , റഷ്യക്കാരേയുംഒക്കെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴാണ്, ആ തെരുവിനെ കുറിച്ചും, ഡാന്‍സ് ബാറിനെ കുറിച്ചും ഒക്കെ പറഞ്ഞത്. പെട്ടെന്നാരോ പറഞ്ഞു.. ടാ ആ പെണ്ണില്ലേ , നമുക്ക് സ്ഥിരം പാടാന്‍ വന്നിരുന്ന.. അവള്‍ ഈ ഹോട്ടലിലുണ്ട്.. ഗായികയായിട്ട്..  അങ്ങിനെയാണ് അവളേം തിരഞ്ഞ് ഞാനാ ഹോട്ടലിന്‍റെ സൌത്ത് ഇന്ത്യന്‍  ബാറില്‍ എത്തുന്നത്.. കയറി ചെല്ല്ലുമ്പോള്‍ അവള്‍ പാടുന്നുണ്ട്.. ആകെ മാറിയിരിക്കുന്നു.. പഴയ പാവാടക്കാരിയുടെ സ്ഥാനത്ത് സാരിയൊക്കെ ധരിച്ച ഒരു വല്ല്യേ പെണ്ണ്..മുല്ലപ്പൂവൊക്കെ ചൂടി..ഏതോ സിനിമയില്‍ കണ്ട നായികയെ പോലെ..ആകെ പരിചയമുണ്ടായിരുന്നത് അവളുടെ ആ ശബ്ദം മാത്രമാണ്.. എന്നെ കണ്ടപ്പോള്‍ ഒന്ന് ചൂളിയോ അവള്‍...? പാട്ടൊക്കെ കഴിഞ്ഞപ്പോള്‍ സ്റ്റേജിലിരുന്ന് എന്തോ കാണിക്കുന്നുണ്ട്.. എനിക്കൊന്നും മനസ്സിലായില്ല.. കൂട്ടുകാരനാണ് പറഞ്ഞത് നിന്‍റെ നമ്പര്‍ ചോദിക്ക്യാണെന്ന്..
ഒരു തുണ്ട് കടലാസ്സില്‍ നമ്പര്‍ എഴുതി ചുരുട്ടി അവള്‍ക്കെറിഞ്ഞ് കൊടുക്കുമ്പോള്‍ ഞാനും ഇവിടുത്തെ  ബാറുകളില്‍ ഇരയെപിടിക്കാനുള്ള വേട്ടക്കാരന്‍റെ തന്ത്രമാണല്ലൊ ചെയ്യുന്നത് എന്നൊരു ജാള്യത തോന്നാതിരുന്നില്ല..
പിന്നീടുള്ള ഫോണ്‍ വിളികളില്‍ പലപ്പോഴായി അവള്‍ പറഞ്ഞു.. ഏതൊക്കെയോ ഗാനമേളകളുടെ ഇടവേളകളില്‍ അവള്‍ക്ക് കിട്ടിയ കൂട്ടുകാരനെ കുറിച്ച് , കൂട്ടുകാരന്‍ പിന്നീട് കാമുകനും, ഭര്‍ത്താവും, തന്‍റെ കുട്ടികളുടെ അഛനും ആയ കഥ. സ്നേഹമുള്ളവന്‍ കാര്‍ക്കഷ്യക്കാരനും , പിന്നീട് പാമ്പും, ചെന്നായയുമൊക്കെയായ രൂപാന്തരം..കാമുകന്‍റെ കൂടെ ഒളിച്ചോടിയതോടെ വീടും വീട്ടാരും കൈവിട്ട് പോയത്.. ഒടുവില്‍ മക്കള്‍ പട്ടിണിയാവാതിരിക്കാനും, അവര്‍ക്ക് ചോരാത്തൊരു കൂരയില്‍ തല ചായ്ക്കാനും വേണ്ടി ഈ നഗരത്തില്‍വന്നെത്തിയ കഥകള്‍...
വീടും , വീട്ടുകാരെയും , നാട്ടുകാരേയുമൊക്കെ  വിട്ട്  ഇവിടെയെത്തീട്ട് അധികകാലമൊന്നുമായിട്ടില്ലാത്ത എനിക്കും ഒരു പാട് ആശ്വാസമായിരുന്നു അവളുമായുള്ള സംഭാഷണങ്ങള്‍.. എന്‍റെ ചെറിയ ദു:ഖങ്ങളൊക്കെ അവളുടെ വലിയ പ്രശ്നങ്ങളുമായി താരതമ്യം ചെയ്ത് ഞാന്‍ സമാദാനം കണ്ടെത്തി.

പോകാന്‍ കഴിയില്ലാ.. ഡ്യൂട്ടി ഉണ്ടല്ലൊ.. പിന്നീടെന്തെങ്കിലും നുണകള്‍ പറയാം..എന്ന് സമാദാനിച്ച് ഞാന്‍ വീണ്ടും എന്‍റെ ഉറക്കത്തിലേക്ക്..

തൊട്ടടുത്ത ദിവസായിരുന്നു എന്‍റെ ജീവിതത്തില്‍ ഒരു പാട് മാറ്റങ്ങള്‍ക്ക് കാരണായ ആ അപകടം നടന്നത്. മൊബൈല്‍ നഷ്ടപ്പെട്ടപ്പോള്‍ പല പ്രധാനപ്പെട്ട നമ്പറുകള്‍ക്കുമൊപ്പം അവളുടെ നമ്പറും നഷ്ടപ്പെട്ടു. ആശുപത്രി വിട്ട് , അസുഖൊക്കെ മാറിയപ്പോ നേരെ നാട്ടിലേക്ക്.തിരിച്ച് വീണ്ടും ദുബായിലെത്തിയത് ഒരു നോമ്പ് കാലത്താണ്. പിന്നീടെന്നോ ഒരിക്കല്‍ അന്വേഷിച്ച് പോയപ്പോള്‍ അവിടം വിട്ട് പോയിരിക്കുന്നു ആ സംഘം..

പിന്നീടൊരിക്കലും കണ്ടിട്ടില്ല അവളെ...വിളിച്ചിട്ടും...
അവളും വിളിക്കാന്‍ ശ്രമിച്ചിരിക്കാം.. എന്നെ രണ്ട് മൂന്ന് മാസായിട്ട്  നമ്പര്‍ സ്വിച്ച് ഓഫ് ആയപ്പോള്‍ ഞാന്‍ ഇവിടം വിട്ട് പോയിരിക്കാം എന്ന് കരുതിയിട്ടുണ്ടാവാം...
ഈ നഗരത്തില്‍ തന്നെ ഉണ്ടായേക്കാം അവള്‍..
മറ്റേതെങ്കിലും ഒരു ഹോട്ടലില്‍..
അല്ലെങ്കില്‍ മറ്റേതെങ്കിലും നഗരത്തില്‍...
ഒരു പക്ഷേ നാട്ടിലാവാം..
അവളുടെ വീട് പണി കഴിഞ്ഞിട്ടുണ്ടായിരിക്ക്യോ..?
പാമ്പായും, ചെന്നായ ആയും പകര്‍ന്നാട്ടം നടത്തുന്ന ആ കൂട്ടുകാരന്‍ ഇപ്പഴും കൂടെ ഉണ്ടാവൊ..?
എവിടെ ആയിരുന്നാലും അവള്‍ സുഖമായി ഇരിക്കുന്നുണ്ടാവട്ടെ.
ഏതോ ഒരു നിമിഷത്തെ വിവരക്കേട് കൊണ്ട് നഷ്ടപ്പെട്ട അഛനേയും , അമ്മയേയും , അനിയത്തിയേയും അവള്‍ക്ക് തിരിച്ച് കിട്ടിയിട്ടുണ്ടാവട്ടെ...
അവളില്‍ നല്ലത് മാത്രം സംഭവിക്കട്ടെ..

ഇപ്പോഴും അപരിചിതങ്ങളായ നമ്പറുകളില്‍ നിന്നും വിളികള്‍ വരുമ്പോള്‍ ഒരു നിമിഷം ഞാന്‍ പ്രതീക്ഷിക്കാറുണ്ട്..
അത് അവളായിരിക്കും എന്ന്..


Friday, August 31, 2012

വര്‍ത്തമാനകഥ



ഇന്ന് ഫെയ്സ്ബുക്കില്‍ ആരോ ഷെയര്‍ ചെയ്തൊരു ചിത്രമാണിത്..
ഒരു പാവം അമ്മയുടെ..
രാത്രിയുടെ മറവില്‍ അല്ലെങ്കില്‍ എകാന്തതയുടെ വിജനതയില്‍ മോഷ്ടാക്കള്‍ അക്രമിച്ചതൊന്നുമല്ലിവരെ...
ചോദിച്ച പണം നല്‍കാത്തതിന്‍റെ പേരില്‍..
ഒരു മകന്‍ നല്‍കിയ ഓണ സമ്മാനമാണാ മുഖത്ത് കാണുന്ന ചോരപ്പാടുകള്‍..!!
അതും ഒരു പാട് പണം കയ്യില്‍ വെച്ച് മകനെ പട്ടിണിക്കിട്ടത് കൊണ്ടൊന്നുമലല..
ഓണം കുടിച്ച് ആഘോഷിക്കാന്‍ പണം നല്‍കാത്തതിന്‍റെ പേരില്‍ മാത്രം അക്രമിക്കപ്പെട്ട ഒരു അമ്മയാണിത്..!!
ആ ചോരയൊലിക്കുന്ന ചുണ്ടുകളായിരിക്കാം അവനില്‍  സ്നേഹത്തിന്‍റെ, വാത്സല്യത്തിന്‍റെ ആദ്യ ചുമ്പനം നല്‍കിയത്...
ഒരുപാട് കഷ്ടപ്പെട്ടിരിക്കാം ആ അമ്മ അവന്‍ തന്നെ തല്ലിയ ആ കൈകളുടെ ആരോഗ്യത്തിനായി..
ഓര്‍ത്തിരിക്കില്ല അവന്‍...
ആവേശത്താല്‍..അത്ലേറെ ഭ്രാന്തമായി അവരെ തല്ലാന്‍ കൈ ഉയര്‍ത്തുമ്പോള്‍...
ആ അമ്മയുടെ അമ്മിഞ്ഞപ്പാലിന്‍റെ പുണ്യം..
അവനെ നടക്കാന്‍ പഠിപ്പിച്ചത്..
അക്ഷരങ്ങല്‍ ഉരുവിടാന്‍ പഠിപ്പിച്ചത്..
ഇത്രേം വളര്‍ത്തി വലുതാക്കിയത്...
ഒരിറ്റ് ലഹരിക്ക് വേണ്ടിയായിരുന്നല്ലൊ മകനേ നീ ആ അമ്മയുടെ ഒരായുസ്സിന്‍റെ മുഴുവന്‍ അദ്ധ്വാനത്തേയും തല്ലിത്തകര്‍ത്തത്..
ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ മദ്യാസക്തിയുടെ ഒരു നേര്‍ക്കാഴ്ചയാണിത്..
ഒരു നേരത്തെ ലഹരിക്കായി സ്വന്തം മകളെ /ഭാര്യയെ വില്‍ക്കുന്നവരുടെ വാര്‍ത്തകള്‍....
ഇതാണ് നാം അഭിമാനപൂര്‍വ്വം പറഞ്ഞിരുന്ന പ്രബുദ്ധ കേരളം..!!!

എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു..
മദ്യത്തിന്‍റെ വഴിയില്‍ സഞ്ചരിച്ച്..
വീടും , വീട്ടുകാരും ഒക്കെ നഷ്ടപ്പെട്ട് ഒരുവില്‍ ഒരു തെണ്ടിയെ പോലെ തെരുവില്‍ അലഞ്ഞ്..
അവസാനം എല്ലാവരും നോക്കി നില്‍ക്കേ ഞങ്ങളുടെ ടൌണിലെ , ഏറെ തിരക്കുള്ള തെരുവിലെ കെട്ടിട്ടത്തിന്‍റെ മുകള്‍ നിലയില്‍ തൂങ്ങി മരിച്ചത്..
അവനുള്ള എന്‍റെ ഓര്‍മ്മക്കുറിപ്പ് ഞാനിങ്ങിനെയാണ് അവസാനിപ്പിച്ചത്..

കൂട്ടുകാരാ..


ഓര്മ്മകളില്‍ എന്നും ഉണ്ടാവും
അരങ്ങില്‍ ഞങ്ങള്‍ സജീവമാവുമ്പോള്‍ അണിയറയിലെ നിന്റെ നിറഞ്ഞ സാന്നിദ്ധ്യം ..
റിഹേഴ്സല്‍ ക്യാമ്പുകളില്‍ നീയൊരുക്കിയ വിഭവങ്ങളുടെ രുചി...!!
ആ കാലങ്ങളില്‍ മദ്യത്തെക്കാള്‍ വലിയ ലഹരി നീ ഞങ്ങളില്‍ കണ്ടെത്താന്‍ ശ്രമിച്ചിരുന്നത്..
കളിയും , നാടകവുമെല്ലാം ഇല്ലാതായപ്പോള്‍ പിന്നെയും നീ നിന്റേതു മാത്രമായ ലഹരികളിലേക്ക്..
നിന്നെ കണ്ടാല്‍ തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയ കൂട്ടുകാര്‍ ..
അപ്പോഴും നിനക്ക് ഭക്ഷണം വാങ്ങിത്തന്നില്ലെങ്കിലും മദ്യം വാങ്ങിത്തരാന്‍ ആളുണ്ടായിരുന്നു..
ഭ്രാന്തിനും , മരണത്തിനും ഇടയില്‍ പിന്നെയും കുറെ നളുകള്‍ ..!!
അറിയുന്നുണ്ടായിരുന്നു..തിരുത്താനാവാത്ത വിധം നീ മാറിയത്..
എല്ലാവരും കാണ്‍കേ ഒറ്റക്കയറില്‍ തൂങ്ങി എന്താണ്  നീ ഞങ്ങളോട് പറയാന്‍ ശ്രമിച്ചത്..?
കിട്ടാവുന്നത്ര മദ്യം കുടിച്ച് തീര്‍ക്കാന്‍ വെമ്പല്‍ കൊള്ളുന്നവരോട് നീയെന്ന ജീവിത പാഠമോ..?
ഓര്‍മ്മകളില്‍ ഉണ്ടാവട്ടെ..നീന്റെ ജീവിതം ..അവര്‍ക്ക് മുന്നില്‍ ...!!!! “

ചോരയൊലിപ്പിച്ച് നില്‍ക്കുന്ന ഈ അമ്മയുടെ ചിത്രവും ഒരു ഓര്‍മ്മപ്പെടുത്തലാണ്..
നാളെയുടെ മദ്യാസക്തരാവാന്‍ വെമ്പല്‍ കൊള്ളുന്ന ഓരോ മലയാളിക്കും..
ഒരു പക്ഷേ നാളെയുടെ പത്രത്താളുകളില്‍ വരാനിരിക്കുന്നത് നിങ്ങളുടെ അമ്മയുടെ ചിത്രമാകാം ഇത് പോലെ..!!
ഇങ്ങിനെയുള്ള ഒരു മകനാകാതിരിക്കുക എന്നതായിരിക്കും നിങ്ങള്‍ക്ക് നിങ്ങളുടെ അമ്മക്ക് നല്‍കാന്‍ പറ്റുന്ന ഏറ്റവും വലിയ സ്നേഹം..!!

അത് കൊണ്ട് പ്രിയരേ.....


ഈ ഓര്‍മ്മപ്പെടുത്തല്‍ നമുക്ക് മറക്കാതിരിക്കാം...

Monday, August 13, 2012

ഓര്‍മ്മയില്‍ ഒരു നോമ്പുതുറ..



ഇന്ന് നാടകമുണ്ട്..
അവസാനത്തെ കളി..
ഇതൂടെ കഴിഞ്ഞാല്‍ പെട്ടികെട്ടാന്‍ പോകുന്നു..
വിവാദങ്ങളും, ബഹളങ്ങളും , ഭീഷണികളും , കയ്യേറ്റങ്ങളും ഒക്കെ ഇന്നത്തോട് കൂടി തീരാന്‍ പോകുന്നു..
വീടിന് അധികം ദൂരെയല്ലാ കളിയെങ്കിലും കാലത്തേ തൃശ്ശൂരിലേക്ക് വണ്ടി കയറി..
ഒന്നുരണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ന് വീണ്ടും അരങ്ങത്തേക്ക്..
പറ്റ്യാ ഒരു വട്ടം ഒരു റിഹേഴ്ക്സല്‍..
അല്ലെങ്കില്‍ ഒന്നിരുന്ന് ഓര്‍മ്മിക്കുകയെങ്കിലും വേണം ഡയലോഗുകള്‍..
ബാഗും എടുത്ത് പുറപ്പെടുമ്പഴേ ഉമ്മ പറയുന്നുണ്ട്.. ‘ നോമ്പും നോറ്റാ ചെക്കന്‍ നാടകം കളിക്കാന്‍ പോകുന്നതെന്ന്..
ഒരുവട്ടം ഡയലോഗ് കളെല്ലാം പറഞ്ഞ് സാധന സാമഗ്രികളെല്ലാം വണ്ടിയില്‍ കയറ്റി നേരെ ആഡിറ്റോറിയത്തിലേക്ക്..
‘ജ്വാല’ കുന്നിന്‍ മുകളിലാണ് ..
അടുത്തൊന്നും കടകളില്ല.
ആള്‍ താമസം കൂടി ഇല്ലാന്ന് തോന്നന്നു..
നോമ്പ് തുറക്കണേല്‍ സംഘാടകര്‍ തന്നെ രക്ഷ..
കാര്യം പറഞ്ഞപ്പോള്‍ റിട്ടയര്‍ ചെയ്ത വിപ്ലവകാരികളായ സംഘാടകര്‍ക്ക് ഇത്തിരി അതിശയം ഉണ്ടാവാതിരുന്നില്ല..
നോമ്പും നോറ്റൊരു നാടകക്കാരന്‍.. അതും ഈ സംഘത്തില്‍..
താഴെ അങ്ങാടിയില്‍ പോയി വാങ്ങാനുള്ള സമയമൊന്നുമില്ല..
ബാങ്കിന് സമയായിരിക്കുന്നു..
‘വാ‘ എന്നും പറഞ്ഞ് സംഘാടകരില്‍ ഒരാള്‍ എന്നെയും കൊണ്ട് ആഡിറ്റോറിയത്തിന് പിറകിലേക്ക്..
ഒരു ഓലകൊണ്ട് മറച്ചൊരു കൂര..
വീടെന്ന് പറയാമൊ അതിനെ..
പൊന്തക്കാട്ടിനുള്ളില്‍ നിന്ന് പുറത്തേക്ക് കാണുന്നു കൂടിയില്ല..
‘ഉമ്മാ ..നിങ്ങള്‍ക്ക് ഒരു അതിഥിയുണ്ട് നോമ്പ്തുറക്കാന്‍‘ എന്ന് കൂടെ വന്ന ആള്‍..
ചിരിയോടെ .. ഏറെ സന്തോഷത്തോടെ അവരെന്നെ അകത്തേക്ക്..
ഒരു കട്ടിലുണ്ട്.. അവിടെ ആകെ ഞാന്‍ കണ്ട ഫര്‍ണിച്ചര്‍..
അതിലെ പൊടിയൊക്കെ തട്ടി എന്നെ ഇരുത്തുമ്പോഴേക്കും ബാങ്ക് വിളി..
എന്നെ അതിശയിപ്പിച്ച് കൊണ്ട്
പഴം പൊരിയും , പരിപ്പു വടയും, ദോശയും സാമ്പാറുമൊക്കെയായി വിഭവ സമൃദ്ധമായൊരു നോമ്പ് തുറ...
അവരെന്നോട് ഒന്നും ചോദിച്ചില്ല..
ഒന്ന് രണ്ട് തവണ ഞാനെന്തെക്കെയോ ചോദിച്ചപ്പോള്‍ അതവര് കേട്ടും ഇല്ല..
പുറത്തിറങ്ങിയപ്പോള്‍ ആലോചിച്ചത്..
ആകെ അവരൊറ്റക്ക് നൊമ്പ് തുറക്കാനുള്ളപ്പോള്‍ എന്തിനായിരിക്കും ഇത്ര കൂടുതല്‍ അവര്‍ കരുതിയത്..
ഈ കുന്നിന്‍ മുകളിലേക്ക് നൊമ്പ് തുറക്കാന്‍ ഒരുത്തന്‍ വരുന്നുണ്ടെന്ന് അവരെങ്ങിനെ ആയിരിക്കും അറിഞ്ഞത്...
അതോ ഇനി അത് ഇന്നത്തേക്കുള്ള അവരുടെ അത്താഴം കൂടി ആയിരിക്കുമോ..?

പിന്നീട് ഒരു പാട് നോമ്പ് തുറകള്‍ ആവേശപൂര്‍വ്വവും , ആഘോഷമായും കൊണ്ടാടിയെങ്കിലും ഈ നൊമ്പ് തുറ എന്‍റെ ഏറ്റവും വലിയ അനുഭവമായി മാറുന്നതെന്തു കൊണ്ടായിരിക്കും..?
ആ മണ്ണെണ്ണ വിളക്കിന്‍റെ അരണ്ട വെളിച്ചത്തില്‍, അവരുടെ നിറഞ്ഞ ചിരിയുടെ പ്രകാശത്തിലെ ആ നോമ്പ് തുറ...

കുന്നിന്മുകളിലെ ആ ചെറിയ കൂരയിലേക്ക് നിറഞ്ഞ പുഞ്ചിരിയോടെ എന്നെ എതിരേറ്റ ആ ഉമ്മയുടെ ഓര്‍മ്മകളില്ലാതെ പിന്നീടൊരൊറ്റ നോമ്പുകാലവും എനിക്കുണ്ടായിട്ടില്ല..
പിന്നീടൊരിക്കലും കാണാത്ത..
ഇന്ന് ജീവിച്ചിരിപുണ്ടോ എന്നു പോലും അറിയാത്ത ആ ഉമ്മക്ക്..
എന്‍റെ റമദാന്‍ മുബാറക്...!!

Wednesday, July 13, 2011

എന്റെ വിദ്യാലയം ....!!

 
എന്‍റെ വിദ്യാലയത്തിന് സുവര്‍ണ്ണ ജൂബിലി...!!!
അഞ്ചു മുതല്‍ പത്ത് വരെ പഠിച്ച ഒരു സ്കൂള്‍ മാത്രമല്ല എനിക്ക് വട്ടേനാട് ഹൈസ്കൂള്‍...
എല്ലാ കൂറ്റനാട്ടുകാരേയും പോലെ എന്‍റെയും ജീവിതത്തിന്‍റെ ഭാഗമായിരുന്നു ആ വിദ്യാലയം..!!
ഓര്‍ക്കാന്‍ എത്രമാത്രം ജീവിതാനുഭവങ്ങള്‍..!!!
അക്ഷരങ്ങളോടും , അറിവുകളോടും ഒപ്പം കളിയും , കലയും പഠിപ്പിച്ച എന്‍റെ സര്‍വ്വകലാശാല..!!
ചുറ്റുവട്ടത്തെ ഏതു സ്കൂളിനേയും പിന്നിലാക്കുന്ന ഉയര്‍ന്ന നിലവാരം..
ഇതൊരു സര്‍ക്കാര്‍ സ്കൂളോ എന്ന് ആരും അത്ഭുതം കൂറുന്ന സാഹചര്യങ്ങള്‍ ...!!
അര്‍പ്പണ ബോധമുള്ള അദ്ധ്യാപകര്‍....!!
ഓര്‍ക്കാന്‍ പിന്നെയും മധുരമുള്ള ഒരുപാട്......!!

ഓരോ ഇടവേളകളിലും ആശാന്‍റെ കടയിലേക്കുള്ള ഓട്ടം..!!!
മൊയ്തുണ്ണി വില്‍ക്കാന്‍ കൊണ്ട് വരുന്ന ചെമ്പക്കപ്പൂക്കളുടെ സൌരഭ്യം...!!!
ക്ലാസ്സില്‍ നിന്നും മുങ്ങി കായല്‍ പാടത്ത് പോയി പൊട്ടിച്ച് കൊണ്ടുവരുന്ന ആമ്പല്‍ പൂക്കളുടെ സൌന്ദര്യം..!!
കയ്യെത്തും ഉയരത്തില്‍ ഒന്നും കൊമ്പും ചില്ലയുമില്ലാത്ത നെല്ലിമരത്തില്‍ ഏന്തി വലിഞ്ഞ് കയറിയാല്‍ കിട്ടുന്ന കയ്ക്കുന്ന , പിന്നെ മധുരിക്കുന്ന നെല്ലിക്കകള്‍ ..!!
പന്ത് കളിക്കുമ്പോള്‍ പൊട്ടിച്ച ഓടുകള്‍...!!
തങ്കപ്പന്‍ മാഷിന്‍റെ ചൂരല്‍ ചുഴറ്റിയുള്ള നടത്തം..!!!
നാടകോത്സവങ്ങള്‍..!!
നാടക പരിശീലനങ്ങള്‍..!!
വിളിച്ച മുദ്രാവാക്യങ്ങള്‍ , സമരങ്ങള്‍..!!!
പ്രണയത്തിന് കണ്ണും ,കാതും ,പ്രായവും ഒന്നുമില്ലെന്ന് അന്നേ പഠിപ്പിച്ച കൂട്ടുകാരനും , കൂട്ടുകാരിയും..!!
പഠിത്തം ഒക്കെ അവസാനിച്ചിട്ടും എത്ര കാലം അവിടം വിട്ട് പോരാനാവാതെ......
നാടകം പഠിച്ചും , കളിച്ചും , പഠിപ്പിച്ചും.....
എത്ര സായാഹ്നങ്ങള്‍ വായനമൂലയിലെ മരത്തണലില്‍...!!!!
എത്ര രാത്രികളിലാണ് ആ മുറ്റത്ത് നിലാവില്‍ മുങ്ങി കൂട്ടുകാരോടൊത്ത് സ്വപ്നങ്ങള്‍ പങ്ക് വെച്ച് കിടന്നത്..?
എന്‍റെ പ്രിയ അദ്ധ്യാപകര്‍.....!!!!
കണക്ക് പഠിപ്പിച്ച മാധവന്‍ മാഷ്...!!
നാടകവും, രാഷ്ട്രീയവും പഠിപ്പിച്ച ഗോപാലന്‍ മാഷ്...!!
പറഞ്ഞാല്‍ തീരാതത്ര ഓര്‍മ്മകളും , ഭാഗ്യങ്ങളും .....
ഒരിക്കലും തീരാത്ത വേദനയായി അകാലത്തില്‍ പൊലിഞ്ഞ ശംസുദ്ധീന്‍ എന്ന എന്‍റെ പ്രിയ കൂട്ടുകാരനും.....
ഒരു വട്ടം കൂടിയാ തിരുമുറ്റത്ത് ഓര്‍മ്മകളില്‍ നനഞ്ഞ് ഒത്തു കൂടാന്‍ ഈ ആഘോഷങ്ങള്‍ അവസരമൊരുക്കട്ടെ...!!
 ഞങ്ങള്‍ കൂറ്റനാട്ടുകാര്‍ ഞങ്ങളുടെ പ്രിയ വിദ്യാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നു..
എന്റെ സ്കൂള്‍ അനുഭവങ്ങളിലൂടെ... 

Wednesday, April 6, 2011

ഓര്‍മ്മയിലെ മാര്‍ച്ച്..!!




അങ്ങിനെ ഒരു മാര്‍ച്ച് മാസം കൂടി കടന്നു പോയി...
ആ നെല്ലിമരത്തണലില്‍  , കിണറ്റിന്‍ കരയില്‍ ,

പൂത്തുലഞ്ഞ കൊന്നമരച്ചുവട്ടില് അവളേയും നോക്കി നില്‍ക്കുകയായിരുന്നു..എന്തു ചെയ്യാം
ഒക്കെ തകര്‍ത്തില്ലേ ഈ എസ് എസ് എല്‍ സി എന്ന ഭൂതം..
ഓര്‍ക്കുമ്പോള്‍ വല്ലാത്തൊരു തമാശ പോലെ തോന്നുന്നു..
അവസാന പരീക്ഷയും കഴിഞ്ഞ് ചുറ്റുപാടൊന്നും കാണാത്തവിധം കണ്ണു നിറഞ്ഞ് ഒരു കാത്ത് നില്പുണ്ട്..
ഈശ്വരാ ...ഇനിയെന്നാ അവളെ ഒരു നോക്ക് കാണാന്‍ പറ്റാ..?
അവസാനിക്കേണ്ടിയിരുന്നില്ല...ഈ സ്കൂള്‍ കാലം..
ഇതുപോലത്തെ മാര്‍ച്ച് മാസങ്ങളില്‍ എത്ര കൌമാരനയനങ്ങള്‍ ഈറനണിഞ്ഞിട്ടുണ്ടാവും...
ഈശ്വരാ ...ഇനിയെന്നാകും അവളെ ഒരു നോക്ക് കാണാന്‍ പറ്റാ...
അവളെന്തിനാ ആ ജന്തൂനെ എപ്പഴും കൂടെ കൊണ്ട് നടക്കുന്നത്...
ഇന്നെങ്കിലും ഇവള്‍ക്കൊറ്റക്ക് വന്നൂടെ....
ആ കണ്ണുകളും ഈറനണിഞ്ഞിട്ടുണ്ടുണ്ടോ..?
പാവം ..അവളെങ്ങിനെ സഹിക്കും ഇത്...?
ഒന്നും പറയാന്‍ വയ്യ .. ചുറ്റും അവള്‍ടെ കൂട്ടുകാരികള്‍ ...
എനിക്ക് നേരെ നീട്ടിയ ആ ഓട്ടോഗ്രാഫില്‍ ഞാനെന്താ എഴുതിക്കൊടുത്തത്...?
ഓര്‍മ്മയില്ല.. അതോ ഒന്നും എഴുതിയില്ലേ....?
ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട് അവളെഴുതിയ വരികള്‍ ...!!
പിന്നെ കണ്ടോ അവളെ ....?
ഒരിക്കല്‍ ...ഒരിക്കല്‍ കണ്ടെന്നു തോന്നുന്നു....
ഇന്നിനി കണ്ടാല്‍ തിരിച്ചറിയോ.? സാദ്ധ്യതയില്ലാ...
ഇന്നത്തെ ഈ ഇന്‍റെര്‍നെറ്റ് യുഗത്തില്‍ അങ്ങിനെയൊക്കെ ഉണ്ടാവൊ..?
എന്നാലും ..
സ്നേഹമെന്ന വികാരത്തിന് വല്ല്യ മാറ്റമൊന്നും ഉണ്ടാവില്ലല്ലൊ...
ഉണ്ടാവാതിരിക്കട്ടെ..
കണ്ണീരില്‍ കുതിര്‍ന്ന ആ അനിയത്തിമാര്‍ക്കും , അനിയന്‍ മാര്‍ക്കും ഈ കുറിപ്പ്..
ഹൃദയരക്തത്തില്‍ മുക്കിയെഴുതിയ ഓട്ടോഗ്രാഫ് വരികള്‍ക്കും...
കണ്ണീരില്‍ കുതിര്‍ന്ന കൈലേസുകള്‍ക്കും.......
വരാനിരിക്കുന്ന ഓരോ മര്‍ച്ചിലും ഇനിയും കരയാനിരിക്കുന്നവര്‍ക്കും....

Sunday, January 23, 2011

പൊറുക്കെന്‍റെ മോളെ.....

ദുബായിയില്‍ വന്നിട്ട് മൂന്നര വര്‍ഷത്തെ സുഖവാസത്തിനു ശേഷം പണിയൊന്ന് മാറിയത് ശരിക്കും പണിയായി..!! പണിയെടുക്കാതിരുന്ന ഞാന്‍ പണിയെടുക്കാന്‍ തുടങ്ങിയപ്പോഴാ മനസ്സിലായത് പണിയെടുക്കാന്ന് പറഞ്ഞാല്‍ ഇങ്ങിനെയൊക്കെയാണെന്ന്..!! അങ്ങിനെ ജോലിത്തിരക്കില്‍ മുഴുകിയ ഒരു പകലിലാണ് വീട്ടില്‍ നിന്നും നിര്‍ത്താതെയുള്ള മിസ്സ്ഡ് കാളുകള്‍ .. പതിവില്ലാത്തതാണത്.. എന്തെങ്കിലും അത്യാവശ്യണ്ടെങ്കില്‍ വിളിക്കാറാണ് പതിവ്..തിരിച്ചു വിളിച്ചപ്പോള്‍ മോളാണ്.... ഫോണെടുത്തതും ‘ ഇനി വെച്ചോ ഉപ്പാ.. ഞാനാ ശബ്ദം ഒന്ന് കേള്‍ക്കാന്‍ വിളിച്ചതാ... ‘ എന്നും പറഞ്ഞ് അവളുതന്നെ ഫോണ്‍ വെച്ചു.. വീണ്ടും വിളിച്ചപ്പോള്‍ ‘ ഉപ്പാ ഒന്ന് വരോ ..എനിക്കൊന്ന് കണ്ടാല്‍ മതി ....’ എന്താ ഞാന്‍ പറയാ.. ഞാന്‍ വരുന്നെന്ന് പറഞ്ഞാല്‍ ഒരായിരം ആഗ്രഹം പറയണ മോളാണ് പറയുന്നത് എനിക്കൊന്ന് കണ്ടാല്‍ മതി.. അപ്പോള്‍ തന്നെ തിരിച്ചു പോയാലും കുഴപ്പമില്ലാ എന്നൊക്കെ...അവള്‍ക്കും മനസ്സിലായിതുടങ്ങിയിട്ടുണ്ടവണം.. ഒക്കെ വെറും സ്വപ്നം കാണല്‍ മാത്രാണെന്ന്..
എണ്ണിത്തിട്ടപ്പെടുത്തി മുപ്പതോ മുപ്പത്തിഅഞ്ചോ ദിവസത്തെ അവധിക്ക് നാട്ടില്‍ പോകുമ്പോള്‍ എന്തിനാ സമയം തികയാ...? ചെന്നാല്‍ ഒരോട്ട പ്രദക്ഷിണമാണ്... അത്യാവശ്യം പോകേണ്ടയിടത്തൊക്കെ ഒന്ന് മുഖം കാണിക്കണമല്ലൊ... അവധിയൊക്കെ കഴിഞ്ഞ് തിരിച്ചെത്തിയാല്‍ പിന്നെ പരാതികളാണ്.. നിന്നെ വന്നിട്ടൊന്ന് കണ്ടു കൂടിയില്ലല്ലോടാ എന്ന് കൂട്ടുകാര്‍ .. ദുബായിക്കാരനായപ്പോള്‍ ഞങ്ങളെയൊക്കെ മറന്നൂല്ലേന്ന് ബന്ധുക്കള്‍ , ഹും... നാട്ടില്‍ പോയപ്പോള്‍ നിനക്കൊന്ന് വിളിക്കാന്‍ കൂടി തോന്നിയില്ലല്ലോന്ന് ഇവിടുത്തെ കൂട്ടുകാര്‍ .. നെറ്റും ഫോണും ഒന്നുമില്ലാത്ത ഏത് കുഗ്രാമത്തിലാടാ നിന്‍റെ വീടെന്ന് ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ ..!! നല്ല പാതിയുടേയും , വീട്ടുകാരുടേയും പരാതി വേറെ..!! 
ഭാര്യയും പറയുന്നു മോളിപ്പോള്‍ എന്നെ സ്വപ്നത്തില്‍ കണ്ട് എന്നും കരയുന്നത് പതിവായെന്ന്.... 
ഞാനെന്‍റെ കൂട്ടിക്കാലം വെറുതെ ഓര്‍ത്തു നോക്കി...
ഉപ്പയുമൊന്നിച്ച് ഉത്സവങ്ങള്‍ കാണാന്‍ പോയത്..!!
ഉത്സവത്തലേന്ന് മീന്‍ വാങ്ങാന്‍ പോയത്....
പെരുന്നാളിനും മറ്റും പുത്തന്‍ കുപ്പായങ്ങള്‍ വാങ്ങാന്‍ തുണിക്കടകള്‍ കയറിയിറങ്ങിയത്..
സ്കൂള്‍ തുറക്കുമ്പോള്‍ സ്ലേറ്റും , പെന്‍സിലുമൊക്കെയായി വരുന്ന ഉപ്പയെ കാത്തിരുന്നത്...
സര്‍ക്കസ് കാണാന്‍ , സിനിമ കാണാന്‍ .........
അക്ഷരങ്ങല്‍ കൂട്ടിയെഴുതാന്‍ പഠിച്ചപ്പോള്‍ എഴുതിക്കാണിച്ചു കൊടുത്തത്......
കൂടുതല്‍ മാര്‍ക്ക് കിട്ടിയപ്പോള്‍ അത് കാണിച്ച് വല്ല്യ ആളായത്..
മാര്‍ക്ക് കുറഞ്ഞപ്പോള്‍ മുങ്ങി നടന്നത്..
കോപ്രായങ്ങള്‍ കാണിച്ച് ദേഷ്യം പിടിപ്പിച്ചത്..
അടിക്കാന്‍ വരുമ്പോള്‍ ഓടിയൊളിച്ചത്......
കുറുപ്പിന്‍റെ പറമ്പിലെ മാവിന്‍റെ മേലേ കൊമ്പിലിരുന്ന് മാങ്ങ തിന്നുമ്പോള്‍ റോഡിലൂടെ പോകുന്ന ഉപ്പയെ കണ്ട് പതുങ്ങിയിരുന്നത്...
ഉപ്പയോട് പറയാതെ നാടകം കളിക്കാന്‍ പൊയത്..
ഉപ്പ അതു വന്ന് കണ്ടെന്ന് അറിഞ്ഞപ്പോള്‍ സന്തോഷിച്ചത്.....


എന്‍റെ ബാല്യത്തിലെ ഉപ്പയെ ചുറ്റിപ്പറ്റി നില്‍ക്കുന്ന  മധുരിക്കുന്ന ആ ഓര്‍മ്മകളെല്ലാം തന്നെ ഞാനെന്‍റെ മോള്‍ക്ക്  നഷ്ടപ്പെടുത്തുകയാണെല്ലൊ...
ക്ഷമിക്കെന്‍റെ മോളെ...
പൊറുക്കെന്‍റെ മോളെ...
നിനക്കുകൂടി വേണ്ടിയാണിതെന്ന് പറയാന്‍ കൂടി ആവുന്നില്ലല്ലൊ എനിക്ക്...


ഇത്രയും കൂടി : എന്തിനിതൊക്കെ സഹിച്ച് ഇവിടെ തന്നെ നില്‍ക്കണത് ..നാട്ടില്‍ പൊയ്ക്കൂടെ എന്നാരെങ്കിലും ചോദിച്ചാല്‍ നിസ്സഹാതയോടെ ഒരു ചിരി മാത്രമാവും മറുപടി.... എന്‍റെ മാത്രമല്ല....എന്നെപ്പോലെയുള്ള ഒരുപാട് പേരുടെ... അതു കൊണ്ട് എല്ലാ പ്രവാസികളായ പിതാക്കളോടും മക്കള്‍ പൊറുക്കട്ടെ എന്നല്ലാതെ ഞാനെന്ത് പറയാന്‍ .....


Friday, January 21, 2011

ഓര്‍മ്മകളിലെ മഴക്കാലം....!!!!



വിടെ ദുബായിയില്‍ നാലഞ്ച് ദിവസായിട്ട് കാര്‍മേഘം മൂടിക്കെട്ടി നില്‍ക്കുന്നു..
ഒരിക്കല്‍ ഒരു ചാറ്റല്‍ മഴ ഞാന്‍ നനയുകയും ചെയ്തു....
ചിലയിടങ്ങളില്‍ മഴ വെള്ളം കെട്ടിനില്‍ക്കണത് കണ്ടു..
പലരും വിളിച്ച് പറയുന്നു.. മഴ പെയ്യണ കാര്യങ്ങള്‍ ...!!
ആകെക്കൂടി വര്‍ഷക്കാലം വന്ന പ്രതീതി...!!!
പഴയ മഴക്കാല ഓര്‍മ്മകളിലേക്ക് മനസ്സ് പായുന്നു.....
ഓര്‍മ്മകള്ക്ക് എന്ത് മധുരം...!!! 
മഴയും , മാമ്പഴവും എന്‍റെ ഓര്‍മ്മകളില്‍ രണ്ടായിക്കാണാനാവില്ലല്ലൊ..


മഴ പെയ്ത പ്രഭാതങ്ങളില്‍ ആദ്യം ചെയ്യണത് എണീറ്റ ഉടനെ മാമ്പഴം പെറുക്കിയെടുക്കാന്‍ ഓടുന്നത് തന്നെ ആയിരുന്നു... ആരാദ്യം എത്തിയോ അയാള്‍ക്ക് കിട്ടും ഒരുപാടൊരുപാട്...!!

 ഏറെ നേരത്തെ എണീറ്റ് ഒരു കാത്തിരിപ്പാ നേരം ഒന്ന് വെളുത്ത് കിട്ടാന്‍ .... ഇരുട്ടില്‍ ഒന്നും കാണില്ലല്ലൊ.... അതൊരു തരം മത്സരമായിരുന്നു.. ഏറ്റവും കൂടുതല്‍ കിട്ട്യാല്‍ അന്നുമുഴുവന്‍ വീമ്പു പറയും..!!

പിന്നെയുള്ളത് മഴ വെള്ളം നിറഞ്ഞ് കടലു പോലെ ( അന്ന് അങ്ങിനെയാ തോന്നിയിരുന്നത് ഇത് കടലു പോലെയാണല്ലൊ എന്ന് .. കടല് കാണണത് പിന്നെയും ഒരു പാട് കാലം കഴിഞ്ഞായിരുന്നല്ലൊ...) കായല്‍ പാടത്ത് തിരുത്തിന്‍റെ മുകളില്‍ നിന്നും വന്നവര്‍ കെട്ടിയിട്ട് പോയ ചങ്ങാടങ്ങള്‍ ( വാഴപ്പിണ്ടി കൊണ്ട് ഉണ്ടാക്കിയത് ) എടുത്ത് പകല്‍ മുഴുവന്‍ തുഴഞ്ഞ് കളിച്ചിരുന്നത്.. എത്ര പകലുകള്‍ ഭക്ഷണം പോലും കഴിക്കാതെ മഴ നനഞ്ഞും , ചങ്ങാടം തുഴഞ്ഞും , മീന്‍ പിടിച്ചും , നീന്താന്‍ പഠിച്ചും കായല്‍ പാടത്ത് ......!!!






ശ്ശൊ.. ഓര്‍മ്മകള്‍ ആദ്യം തുടങ്ങേണ്ടിയിരുന്നത് വീട്ടുമുറ്റത്ത് കെട്ടി നില്‍ക്കണ മഴ വെള്ളത്തില്‍ കടലാസു തോണികള്‍ ഒഴുക്കിയതായിരുന്നല്ലൊ..!!!
മഴക്കാല ഓര്‍മ്മകളിങ്ങിനെയാ..ഒരു അടുക്കും ചിട്ടയുമില്ലാതെ.. ഒരുപാടൊരുപാട്....!! മഴക്കാലാത്തെ ഏറ്റവും വലിയ വിനേദം പെരുമഴയിലെ ഫുട്ബോള്‍ കളി തന്നെയായിരുന്നു.....പിന്നെ സൈക്കിളില്‍ ചുറ്റുന്നതായി... കുറച്ച് വലുതായപ്പോഴും ആ മഴ നനയലില്‍ വല്ല്യ മാറ്റമൊന്നും ഉണ്ടായില്ലാ.. സൈക്കിളിനു പകരം ബൈക്ക് ആയി എന്നതൊഴിച്ചാല്‍ .................


പിന്നെയും......!!
വേലിപ്പടര്‍പ്പിലെ പുല്‍നാമ്പുകളിലെ മഴ വെള്ളം കണ്ണുകളിലേക്കടുപ്പിച്ച് ആ കുളിരില്‍ മതിമറന്നത്.....!!
മഴ തോര്‍ന്നപ്പോള്‍ മരം പെയ്യിപ്പിച്ച് സ്വയം നനഞ്ഞതും കൂട്ടുകാരെ നനയിച്ചതും...!!
വഴി നീളെ മഴവെള്ളം തട്ടിത്തെറിപ്പിച്ച് മഴയില്‍ നനഞ്ഞ് , ചെളിവെള്ളത്തില്‍ കുളിച്ച് സ്കൂളില്‍ ചെന്നിരുന്നത്...!!
പിന്നീടെപ്പോഴോ രത്രിമഴയോട് പ്രണയമായത്....!!
പിന്നെയും ഒരുപാടൊരുപാട് ...
പറഞ്ഞാലും പറഞ്ഞാലും തീരാത്ത മഴ വിശേഷങ്ങള്‍ ....!!
‘ഉപ്പാ ഞാനിന്ന് മഴയത്ത് കുട  ചൂടി നടന്നല്ലൊ‘ എന്ന് മോള്‍ കഴിഞ്ഞ കൊല്ലം വിളിച്ച് പറഞ്ഞത് വരെ....
ഇനി എന്നാണാവൊ ഒരു പെരുമഴ നനയാ...?
കഴിഞ്ഞ ജൂണ്‍ പത്ത് വരെയും ഒരു മഴ നനയാന്‍ കൊതിയുമായ് നാട്ടില്‍ നിന്നതാ..
ഒരു മഴ മാത്രം പെയ്തില്ല...
ഇപ്പോള്‍ എല്ലാം കാലം തെറ്റിയാണത്രേ.... വര്‍ഷവും , വേനലും , വസന്തവുമെല്ലാം....
ഇനി എന്നാണാവൊ എന്‍റെ സമയവും , പ്രകൃതിയുടെ സമയവും ഒരു പോലെ ആവാ...
എന്നാണാവൊ ഇനിയൊരു മഴ.......??







Tuesday, November 9, 2010

സ്നേഹത്തുരുത്തുകള്‍ ....



വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്....
അവധി ദിവസത്തിന്‍റെ ആലസ്യത്തിനു പിടികൊടുക്കാതെ കാലത്ത് പുറപ്പെട്ടു ന്റെ പ്രിയ സുഹൃത്തിനോടൊപ്പം..
എന്തിനാ ഒരു ഇന്‍റര്‍വ്യൂ നടത്തണം.. വല്യ എഡിറ്ററെന്നാ വിചാരം... പേരിന് ഒരു ലിറ്റില്‍ മാഗസിന്‍ ഉണ്ട്...നിളയോളം.
ചെറുപ്പത്തിന്‍റെ ആവേശത്തില്‍ - അന്നത്തെ ഏറ്റവും വലിയ സാഹിത്യ പ്രവര്‍ത്തനം നടത്തുന്നത് ഞങ്ങളാണെന്ന ഭാവത്തില്‍ ഒന്നും അല്ലാട്ടൊ ‍- ഞങ്ങള്‍ തുടങ്ങിയതാണ്.. പാതിവഴിയിലെവിടെയൊ നിന്നു പോയ ശ്രമങ്ങളില്‍ ഒന്ന്...
കൃഷ്ണേട്ടനെ കാണാനാണ് യാത്ര... പട്ടാമ്പിക്കടുത്ത് കൊപ്പം എന്ന സ്ഥലത്താണ് അഭയം. അഭയം ഒരു സ്നേഹ , സ്വാന്തന കേന്ദ്രം ആണ്... അനാഥകളുടേയും അഗതികളുടേയും അഭയ കേന്ദ്രം..
വൃദ്ധരും , വികലാംഗരും , ബുദ്ധിമാന്ദ്യം ഉള്ളവരുമായി ഒരു പാട് പേരവിടെ കൃഷ്ണേട്ടന്‍റെ സ്നേഹത്തണലില്‍ കഴിയുന്നു....കൂടെ തൊഴില്‍ പരിശീലന കേന്ദ്രവും മറ്റും... നടന്നു കണ്ടു എല്ലാം..അന്വേഷിച്ചപ്പോള്‍ കൃഷ്ണേട്ടന്‍ ഇല്ല അവിടെ ..കുറച്ച് അപ്പുറത്ത് മറ്റൊരു കേന്ദ്രമുണ്ട്... അഭയത്തിലെ വനിതാ അന്തേവാസികള്‍ക്കായുള്ളത്.. കൃഷ്ണേട്ടനും കുടുംബവും അവരോടൊപ്പമാണ് താമസം. എന്തായാലും കൃഷ്ണേട്ടനെ കാണാനായി വന്നതല്ലേ.. അങ്ങോട്ടു പോകാം എന്നുറപ്പിച്ചു. റോഡും , തോടും ഏതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത വഴിയൊരുപാട് പിന്നിട്ട് അവിടെയെത്തി.. പച്ച പുതച്ച ഒരു പുരയിടം..!! കൃഷേണട്ടനെ കണ്ടു ഒരു ചെറിയ കൂരയില്‍ ആ പാവങ്ങളോടൊപ്പം സകുടുംബം കൃഷ്ണേട്ടനും... നിറഞ്ഞ ചിരിയോടെ , സ്നേഹത്തോടെ ഞങ്ങളെ എതിരേറ്റു സ്നേഹത്തിന്‍റെ ആ ആല്‍മരം..വലിപ്പച്ചെറുപ്പം നോക്കാതെ വാതോരാതെ കുറെ സംസാരിച്ചു..കമ്മ്യൂണിസം , നാടകം തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ......അവസാനം അഭയത്തിലെത്തി....
കൃഷ്ണേട്ടന്പറഞ്ഞു തുടങ്ങി.... കനറാ ബാങ്കില്‍ ജോലി ചെയ്യുന്ന കാലം . ബാങ്കുകള്‍ ജനക്ഷേമം മുന്‍ നിര്‍ത്തി സാമൂഹ്യ സേവനം നടത്തുന്ന കാലം . കനറാ ബാങ്കില്‍ ഒരു പ്രൊജെക്റ്റ് വരുന്നു , ആര്‍ക്കെങ്കിലും താല്പര്യമെങ്കില്‍ സാമൂഹ്യ പ്രവാര്‍ത്തനത്തിനിറങ്ങാം.. ബാങ്ക് ശമ്പളം നല്‍കും , ചെറിയ രീതിയിലുള്ള സാമ്പത്തിക സഹായങ്ങളും...!! ഇ എം എസിനൊപ്പം ഒക്കെ പ്രവര്‍ത്തിച്ച പള്ളത്തിന്‍റെ ചെറുമോന് ആ വാഗ്ദാനം കേട്ടില്ലെന്ന് നടിക്കാനാവുമോ..? ചാടിയിറങ്ങി ഇങ്ങിനെ ഒരു പ്രൊജെക്റ്റുമായി... പാതിവഴിയിലെവിടെയോ ബാങ്കില്‍ നിന്നും അറിയിപ്പുണ്ടായി ഈ പദ്ധതി അവരവസാനിപ്പിക്കുന്നു എന്ന് എത്രയും പെട്ടെന്ന് വീണ്ടും ജൊലിയില്‍ പ്രവേശിക്കാന്‍ .....!! കൃഷ്ണേട്ടന്‍ എങ്ങിനെ പോകും കൃഷ്ണേട്ടനെ മാത്രം പ്രതീക്ഷിച്ച് ജീവിക്കുന്ന ഈ പാവങ്ങളെ എങ്ങിനെ ഉപേക്ഷിക്കും..? വേറൊന്നും ആലോചിച്ചില്ല വി ആര്‍ എസ് എടുത്തു...മാസാമാസം ലഭിച്ചിരുന്ന ശമ്പളം നിന്നു.. പിന്നെ പിടിച്ച് നില്ല്ക്കാനുള്ള പോരാട്ടമായിരുന്നു..കുറേ നിബന്ധനകളുണ്ടായിരുന്നു അപ്പോഴും... ആരില്‍ നിന്നും 5000 രൂപയ്ക്കു മുകളില്‍ സംഭാവന വാങ്ങില്ല തുടങ്ങി (ഇന്നും കൃഷ്ണേട്ടന്‍ അങ്ങിനെയൊക്കെ തന്നെയാവാം..)..... എന്നിട്ടും പിടിച്ച് നിന്നു കൃഷ്ണേട്ടന്‍ ....ഈ പ്രവര്‍ത്തികളെ മനസ്സറിഞ്ഞ് സഹായിക്കുന്ന ഒരുവളെ മറ്റൊന്നും നോക്കാതെ സഹധര്‍മ്മിണിയാക്കി.....
100 രൂപയുടെ ലൈഫ് ടൈം മെമ്പര്‍ഷിപ്പും എടുത്ത് അഭയത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു..അത്യാവശ്യം ക്ലബ്ബ് പ്രവര്‍ത്തനങ്ങളും , നാടകപ്രവര്‍ത്തനങ്ങളും നടത്തിയിരുന്ന , അതൊക്കെ വല്യ സാമൂഹ്യ പ്രവര്‍ത്തനമായി കണ്ടിരുന്ന എനിക്ക് ഞാനൊന്നും ഒന്നുമല്ലെന്ന് ആദ്യം ബോദ്ധ്യപ്പെടുത്തിതന്നത് കൃഷ്ണേട്ടനായിരുന്നു... ഇപ്പോഴും ഇടയ്ക്കിടെ ഓരോരുത്തര്‍ അങ്ങിനെ വീണ്ടും , വീണ്ടും പറയാതെ പറയുന്നു...കഴിഞ്ഞ മാസം ഇവിടെ ദുബായിയില്‍ കൂട്ടം രക്ത ദാനത്തോട് ബന്ധപ്പെട്ട് സ്നേഹത്താഴ്വര പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയായിരുന്നു അവസാനത്തേത്......!!


ഇതൊക്കെ ഇപ്പോള്‍ വീണ്ടും ഓര്‍ക്കാന്‍ കാരണം കഴിഞ്ഞ ദിവസം മാതൃഭൂമി വാരികയില്‍ വായിച്ച ഒരു ലേഖനമാണ്.. മുക്കത്ത് അശരണരുടെ ആശ്രയമായി പ്രവര്‍ത്തിക്കുന്ന ബി .പി മൊയ്തീന്‍ സേവാ മന്ദിര്‍ സ്വത്ത് തര്‍ക്കത്തിന്‍റെ ഭാഗമായി കുടിയൊഴിപ്പിക്കാന്‍ കോടതി ഉത്തരവായിരിക്കുന്നു..കുടിയൊഴിപ്പിക്കാന്‍ പോലീസിന്‍റെ അകമ്പടിയോടെ എത്തിയ ആമീന് നാട്ടുകാരുടെ ചെറുത്ത് നില്പിനെ തുടര്‍ന്ന് തല്‍കാലത്തേക്ക് തിരിച്ച് പോകേണ്ടി വന്നു.. ഇനിയും എന്നു വേണമെങ്കിലും അവര്‍ തിരിച്ച് വന്നേക്കാം.. കാഞ്ചനേടത്തിയും , കുറേ പാവങ്ങളുടെ പ്രതീക്ഷകളും എന്നു വേണമെങ്കിലും അവിടുന്ന് ആട്ടി ഇറക്കപ്പെട്ടേക്കാം.... ലക്ഷങ്ങള്‍ സര്‍ക്കാര്‍ ഗ്രാന്‍റ് വാങ്ങുന്ന കേന്ദ്രങ്ങളും , എസി കാറും , എസി ഫ്ലാറ്റും ഉപയൊഗിക്കുന്ന വമ്പന്‍ സ്രാവുകളുമല്ല മറിച്ച് കാരുണ്യത്തിന്‍റെയും , ദയയുടേയും ഇത്തരം ചെറിയ തുരുത്തുകളാണ് നിലനില്‍ക്കേണ്ടത്...


മനുഷ്യത്വം എന്ന വാക്ക് മരിക്കാതിരിക്കാന്‍ വേണ്ടിയെങ്കിലും ഇത്തരം സുമനസ്സുകളെ മാനസികമായെങ്കിലും പിന്തുണക്കേണ്ടത് നമ്മുടെ കടമയാണ്..!!
Related Posts Plugin for WordPress, Blogger...