Sunday, December 15, 2013

ജബൽ ഹഫീതിലേക്ക് ഒരു യാത്ര..!



ജബൽ ഹഫീത് - അൽ ഐൻ.

യു എ ഇ യിൽ കഴിഞ്ഞ ഒന്നു രണ്ടു ദിവസമായി മഴയാണ്..
ആകാശം എപ്പഴും മൂടിക്കെട്ടി നാട്ടിലെ മഴക്കാലം പോലെ..
ഇടയ്ക്കിടെ മഴ ചാറുന്നുണ്ട്..
ചിലപ്പോൾ തിമർത്ത് പെയ്യുകയും..
എന്നാ പിന്നെ ഒരു യാത്രയാവാം എന്നായി..
ഇവിടെ ഒരു യാത്ര എന്ന് പറഞ്ഞാൽ ആദ്യം മനസ്സിലേക്കെത്തുന്നത് 'ജബൽ ഹഫീത് ' തന്നെയാണ്..!
നാട്ടിൽ ചുരം കയറുമ്പോഴുള്ള പോലെ കണ്ണിനു കുളിർമ്മ നൽകുന്ന പച്ചപ്പൊന്നും ഇല്ലെങ്കിലും ഓരോ തവണ ഇങ്ങോട്ട് വരുമ്പോഴും പിന്നെയും ഈ കുന്ന് കയറാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്നിവിടുണ്ട്.
പിന്നെ മരുഭൂമിയിലെ മരുപ്പച്ച കണക്കേ താഴെയുള്ള 'ഗ്രീൻ മുബാഷിറ'യും..


ഞങ്ങൾ അഞ്ചു പേർ..
കൂട്ടത്തിലൊരു വികൃതിയുണ്ട്..
അവനു സൂ കാണണം..
പീകോക്കിനേയും , സ്നേക്കിനേയും കാണണം..
ഇവിടുള്ള മലയാളി (?) കുട്ടികളോട് സംസാരിച്ചാൽ ചിലപ്പോൾ സഹതാപം തോന്നും
മഴവില്ലെന്നും , മയിലെന്നും ഒക്കെ നമ്മളൊക്കെ ചെറുപ്പത്തിൽ (ഇപ്പഴും) പറയുമ്പോൾ അവയുടെ എല്ലാ സൗന്ദര്യവും നമ്മുടെ കണ്ണിൽ നിന്നും മുഖത്തു നിന്നും വായിച്ചെടുക്കാം മഴവില്ലിന്റെ ഏഴു നിറങ്ങളും , പീലി വിടർത്തി ആടുന്ന മയിലിന്റെ ഭംഗിയമൊക്കെ ഉണ്ടാവും അതിൽ. ഇതീ കുട്ടികൾ തികച്ചും യാന്ത്രികമായി റെയിൻബോ എന്നും പീകോക്കെന്നും പറയുമ്പോൾ.....

അൽ ഐൻ യു എ ഇ യുടെ പൂന്തോട്ടമാണ്..
പൂന്തോട്ടങ്ങളാൽ അലങ്കരിച്ച റൗണ്ടെബൗട്ടുകളും , മരങ്ങളാൽ സമ്പന്നമായ വഴിത്താരകളും....
അൽ ഐൻ മൃഗശാല - അത്ര മഹത്തരം എന്നൊന്നും തോന്നില്ലെങ്കിലും മനോഹരമായി രൂപകല്പന ചെയ്ത , നന്നായി പരിപാലിക്കുന്ന ഒന്ന്.
ഒരു ഓട്ടപ്രദക്ഷിണം നടത്തി നേരെ ജബൽ ഹഫീതിലേക്ക്..
മല കയറാൻ തുടങ്ങിയപ്പോൾ 'ഓഹ്.. ഇതൊക്കെ എന്തോന്ന് ..ഇതിലും വലിയതെന്തൊക്കെ നമ്മൾ കണ്ടിരിക്കുന്നു എന്ന് ജബൽ ഹഫീതിലേക്ക് ആദ്യായി വരുന്ന കൂട്ടുകാരന്റെ കമന്റ്..
മുകളിലേക്കെത്തും തോറും അത് മാറി അത്ഭുതമായി മാറുന്നത് കണ്ടിരിക്കാൻ ഒരു സുഖമുണ്ടായിരുന്നു.
കേരളത്തിലൊരു ചുരം കയറുന്നതിനു തികച്ചും വ്യത്യസ്ഥമാണ് ജബൽ ഹഫീത് കയറുമ്പോൾ. ചുറ്റിലും മരങ്ങളും , കാടും, പൂക്കളും അരുവിയും , പച്ചപ്പും ഒന്നുമില്ല.. പക്ഷേ വന്യമായൊരു സൗന്ദര്യമുണ്ട് ഈ മൊട്ടക്കുന്നുകൾക്ക്.. രാത്രിയാണ് കയറുന്നെങ്കിൽ താഴെ അൽ ഐനും ചുറ്റുവട്ടങ്ങളും ദീപാലങ്കൃതമായി നല്ലൊരു കാഴ്ച നൽകും.
വളരെ നല്ല രീതിയിൽ ഒരുക്കിയിരിക്കുന്ന റോഡും മറ്റും..
മുകളിൽ വലിയൊരു മൈതാനം..!
വിശാലമായ പാർക്കിങ്ങ്..
എത്ര നന്നായാണ് ഇവരീ ടൂറിസ്റ്റ് സ്പോട്ട് ഒരുക്കിയിരിക്കുന്നത്..!!
പ്രകൃതിയുടെ സംഭാവനക്കപ്പുറം ഇവരുടെ ആസൂത്രണവും , ഇച്ഛാശക്തിയും തന്നെയാണ് ജബൽ ഹഫീതിനെ ഇത്ര മനോഹരമാക്കുന്നത്.
മുകളിൽ നല്ല തണുത്ത കാറ്റുണ്ട്..!!
ഇവിടെ വരുംമ്പോഴൊക്കെയും മുകളിലെ റസ്റ്റോറന്റിൽ നിന്നും 'ഷീഷ' വലിച്ചിരുന്നു. ഈ തണുപ്പിൽ പിടിച്ച് നില്ക്കാൻ വേറെ ഒരു വഴിയും ഇല്ല..നേരെ അങ്ങോട്ട് വച്ചുപിടിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം.
അതൊക്കെയും പൂട്ടിപ്പോയിരുന്നു. പകരം കുറച്ച് കൂടി നല്ല ഒന്നു രണ്ടു റസ്റ്റോറന്റുകൾ... തൽക്കാലം കാപ്പികുടിച്ച് തണുപ്പകറ്റുകയേ നിവർത്തിയുള്ളൂ...
തണുപ്പ് കാരണം അധിക നേരം അവിടെ നിൽക്കാതെ താഴേക്ക്..
താഴെ ഗ്രീൻ മുബാഷിറയുണ്ട്..!!
ചുറ്റുമുള്ള കുന്നുകൾ മുഴുവൻ പുല്ല് വെച്ചുപിടിപ്പിച്ച് മനോഹരമാക്കിയ ഒരു താഴ്വാരം..!!
ഒരിത്തിരി പച്ചപ്പ് പോലും ഇല്ലാഞ്ഞിട്ടും എത്ര കഷ്ടപ്പെട്ടാണ് ആ കുന്നുകളിൽ മുഴുവൻ വെള്ളമെത്തിച്ച് ഈ പച്ചപ്പുകൾ നിർമ്മിച്ചിരിക്കുന്നത്..!!
ഗ്രീൻ മുബാഷിറക്കുള്ളിൽ എത്തിയാൽ ഒരാളും സമ്മതിച്ച് തരില്ല ഇത് ഒരു മരുഭൂമിലാണെന്ന്..അത്രയും പച്ചപ്പ്..!!
പിന്നെ എപ്പോഴും ചുടുവെള്ളം കിട്ടുന്ന അരുവിയും..
എന്ന് പോയാലും ആലോചിക്കും .. ഈ വെള്ളം പ്രകൃതിദത്തമാണോ..? അതോ ഇവർ ചൂടാക്കി ഒഴുക്കുന്നതാണോ..?
പക്ഷേ ഒരിക്കൽ പോലും ഞാനത് അറിയാൻ ശ്രമിച്ചിട്ടില്ല..
ഇനി അത് കൃതിമമാണെങ്കിൽ ഞാനത് അറിയാതെ പോകട്ടെ...
എനിക്കെന്നും അത് പ്രകൃതിയുടെ ഒരു അത്ഭുതമായി കാണാനാനിഷ്ടം.!
ഏറെ നേരം ആ ചുടുവെള്ളത്തിൽ കാല് നനച്ചിരുന്ന് , പുല്ലു പുതച്ച കുന്നിൽ മുകളിൽ നിന്നും താഴേക്ക് കൂടെയുള്ള വികൃതിയോടൊപ്പം മറ്റൊരു കുട്ടിയായി ഉരുണ്ട്.....
എത്ര നേരമങ്ങിനെ........!!
ഏറെ വൈകി മനസ്സില്ലാ മനസ്സോടെ തിരിച്ച് ദുബായിലേക്ക്..
അപ്പോഴും മനസ്സ് പറയുന്നുണ്ടായിരുന്നു...
യാത്ര പറയുന്നില്ല...തിരിച്ച് വരും ഞാൻ ഇനിയും...


23 comments:

  1. യാത്രയിൽ വായിച്ചിരുന്നു സമീ...മനോഹരമെന്ന് അന്നേ അറിയിച്ചിരുന്നു..
    വളരെ സന്തോഷം..കൂടുതൽ എഴുതൂ..
    ആശംസകൾ..!

    ReplyDelete
  2. കൊള്ളാം കേട്ടോ ഈ ജബല്‍ ഹഫീത്

    ReplyDelete
  3. ചിത്രങ്ങളൊന്നും കണ്ടില്ലല്ലോ?
    ഇവിടെ ഈ പച്ചപ്പ്‌ ഉണ്ടാക്കാന്‍ എത്രയാ ചിലവാക്കുന്നത് അല്ലെ?
    നമ്മള്‍ ഉള്ള പച്ചപ്പുകള്‍ നശിപ്പിച്ചു കൊണ്ടിരിക്കുന്നു.
    യാത്ര നന്നായി.

    ReplyDelete
  4. നല്ല പോസ്റ്റ്‌ സമി

    ReplyDelete
  5. സന്തോഷ് ജോർജ് കുളങ്ങര ലയിനിൽ ഒരു വീഡിയോ കൂടി പോസ്റ്റാമായിരുന്നില്ലേ സ്വാമിൻ.. :)

    ReplyDelete
  6. വായനക്കാരെ കൂടെ കൂട്ടിക്കൊണ്ടുപോവുന്ന വിവരണം. എനിക്കൊന്നും ഒരിക്കലും കാണാനാവാത്ത സ്ഥലങ്ങൾ.

    ReplyDelete
  7. ചിത്രങ്ങള്‍ കൂടി ആകാമായിരുന്നു - ആ പച്ചപ്പ്‌ ഒന്ന് കാണാന്‍ കൊതി തോന്നി , എഴുത്ത് വായിച്ചപ്പോള്‍....

    ReplyDelete
  8. ത് മ്മളെ യാത്രേല് പൂശിയതല്ലേ ...
    നല്ല രസായിട്ട് എഴുതീട്ട്ണ്ട് .
    ജബൽ ഹഫീത്ത് മ്മളെയും ഒരു ഇഷ്ട ലോക്കെഷനാണ് .

    ReplyDelete
  9. ഒന്നൂടെ വായിച്ചു. ഒന്നൂടെ ഇഷ്ടാവേം ചെയ്തു.

    ReplyDelete
  10. നല്ല വിവരണം, കുറച്ച് ഫോട്ടോകള്‍ കൂടി കൊടുക്കാമായിരുന്നു.

    ReplyDelete
  11. കുന്നിന്മുകളില്‍ ഞാനുമുരുണ്ടു. ചൂടുവെള്ളത്തില്‍ ഞാനും കാലു നനച്ചു. ഏയ് അത് ശരിക്കും ചൂടുവെള്ളം തന്നെ.

    ReplyDelete
  12. ജബല്‍ ഹതീഫിനെക്കുറിച്ചുള്ള വിവരണം നന്നായിരിക്കുന്നു ... പക്ഷെ വിവരണങ്ങളില്‍ പറഞ്ഞിട്ടുള്ള സ്ഥലങ്ങളുടെ ചിത്രങ്ങള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നു.

    ReplyDelete
  13. സചിത്ര വിവരണമാണേല്‍ കൊതിച്ചു ചാവമായിരുന്നു എന്നാണ് പലരുടെയും അഭിപ്രായം. അതും ഒരുതരം കൊതിക്കെറുവാണ് ട്ടോ... അല്ലാതെയും ഈ എഴുത്ത് അപ്പണി ചെയ്യുന്നുണ്ട് സാരം. ആശംസകള്‍.!

    ReplyDelete
  14. ജബല്‍ ഹഫീതില്‍ രണ്ടുതവണ പോയിട്ടുണ്ട്..
    നല്ല വിവരണം.. ഓര്‍മ്മകള്‍ ഒന്ന് റീ-വൈന്‍ഡ്‌ ചെയ്തുപോയി.
    അഭിനന്ദനങ്ങള്‍-സാമീ.......

    ReplyDelete
  15. കഴിഞ്ഞ നവമ്പറിൽ ജബൽ ഹഫീത് കയറാൻ ഭാഗ്യമുണ്ടായി. യു എ ഇ സന്ദർശിക്കുന്നവരുടെ ഇഷ്ട ഇടം. ഈ കുറിപ്പ് നന്നായി

    ReplyDelete
  16. വിവരണം മനോഹരം തന്നെ... യാത്രാ വിവരണം എന്നാ നിലക്ക്ചിത്രങ്ങള്‍ കൂട്ടിനില്ല എന്നതു എടുത്തു പറയാവുന്ന ഒരു പോരായ്മയും....... ആശംസകള്‍

    ReplyDelete
  17. നല്ല വിവരണം..കുറച്ചു ചിത്രങ്ങള്‍ കൂടി ആകാമായിരുന്നു

    ReplyDelete
  18. കുറച്ചുകൂടി ആകാമായിരുന്നു ,രസം പിടിച്ച വന്നപ്പോളേക്കും തീര്‍ന്നു എന്നൊരു നിരാശ .....സംഗതി കലക്കി

    ReplyDelete
  19. ആദ്യമായാണ്‌ ഇവിടെ എത്തുന്നത്‌.. വരികള്‍ക്കിടയിലൂടെ വഴി ചോദിച്ചു വന്നു.. നല്ല വിവരണം.. മുകളിലെ വായനക്കാര്‍ അഭിപ്രായപ്പെട്ടത് പോലെ കുറച്ചു ചിത്രങ്ങള്‍ കൂടി ആവാമായിരുന്നു.. അടുത്ത യാത്രക്കായി കാത്തിരിക്കുന്നു.. അഭിനന്ദനങ്ങള്‍.. !!!

    ReplyDelete
  20. നല്ല വിവരണം... :-)

    ReplyDelete
  21. 'ഗ്രീൻ മുബാഷിറക്കുള്ളിൽ എത്തിയാൽ ഒരാളും സമ്മതിച്ച് തരില്ല ഇത് ഒരു മരുഭൂമിലാണെന്ന്..അത്രയും പച്ചപ്പ്..!!
    പിന്നെ എപ്പോഴും ചുടുവെള്ളം കിട്ടുന്ന അരുവിയും..
    എന്ന് പോയാലും ആലോചിക്കും .. ഈ വെള്ളം പ്രകൃതിദത്തമാണോ..? അതോ ഇവർ ചൂടാക്കി ഒഴുക്കുന്നതാണോ..?'
    ജബൽ ഹഫീത് എന്ന അവീടത്തെ ഈ ടൂറിസ്റ്റ് സ്പോട്ടിനെ
    ഇതിലും നന്നായ് ഇനി ഏങ്ങിനെ പരിചയപ്പെടുത്താനാ അല്ലേ ഭായ്

    ReplyDelete

Related Posts Plugin for WordPress, Blogger...