Monday, September 10, 2012

അവള്‍

                മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ റിങ്ങ് ചെയ്യണത് കേട്ടാണ് എണീറ്റത്. തൊട്ടടുത്ത ബെഡ്ഡില്‍ കിടക്കുന്ന മുജീബ് കണ്ണുരുട്ടി എന്നെ നോക്കണുണ്ട്. ‘എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് മൊബൈല്‍ സൈലന്‍റാക്കി ഉറങ്ങണം ന്ന് ‘.. അതു തന്നെയാവും ആ കണ്ണുരുട്ടലിന്‍റെ അര്‍ത്ഥം. അവനെ പറഞ്ഞിട്ട് കാര്യല്ല്യാ.. പന്ത്രണ്ട് മണിക്കൂര്‍ ഡ്യൂട്ടിയും കഴിഞ്ഞ് ഇതാ ഇപ്പൊ വന്ന് കിടന്നതേള്ളൂ. അതും ഫുള്‍ നൈറ്റ് ഉറക്കമൊഴിച്ചിട്ട്. ആരാണീ നേരത്ത് ന്നെ വിളിക്കാന്‍.. എന്‍റെ ഡ്യൂട്ടി സമയം അറിയണ കൂട്ടുകാരും വീട്ടുകാരും ഒന്നു ഈ നേരത്ത് വിളിക്കാറില്ല. പിന്നെ ഇതാരാപ്പാ.. ഇത്ര അര്‍ജ്ജന്‍റ് ആയി വിളിക്കണത്..? ഒരു തെല്ല് ജിഞ്ജാസയോടെ തന്നെയാ ഫോണ്‍ ഏടുത്തത്.“ ഇക്കാ ഇത് ഞാനാ.........“
ഓഹ്.. ഇവിളാര്‍ന്നോ ഇവളെന്തിനാ ഇത്ര അത്യാവശ്യായിട്ട്.? ഉറക്കം കളഞ്ഞതിന്‍റെ ദേഷ്യവും ഉണ്ട് മനസ്സില്‍.ന്നാലും  പരമാവധി ശാന്തനായി ഞാന്‍ ..
എന്താ കുട്ട്യേ...?
“ഇക്ക ഇന്നൊന്ന് വരോ ഇവിടെ....? “
എന്തേ..? നിനക്കെന്തേലും..? പെട്ടെന്ന് എനിക്ക് തോന്നിയത് അങ്ങിനെയാ.. നാടും വീടും ഒക്കെ വിട്ട് നില്‍ക്കണ ഒരു പെണ്‍കുട്ട്യല്ലേ..
“ഇല്ലിക്കാ ഇന്നെന്‍റെ പിറന്നാളാ..? എനിക്കിവിടെ വേരെ ആരാ ഉള്ളേ ക്ഷണിക്കാന്‍..“
അതിന് നീ എവിടാ താമസിക്കണേ..? എനിക്കറിയില്ലല്ലൊകുട്ട്യേ..... അങ്ങിനെ പറഞ്ഞ് ഒഴിയനാണ് പെട്ടെന്ന് തോന്നിയത്. അവര്‍ താമസിക്കുന്നിടത്തേക്ക് പോകാന്ന് വെച്ചാല്‍ ഹേയ് അത് ശരിയവില്ല..
“അയ്യോ അങ്ങോട്ടല്ലിക്കാ.. ഇവിടെ ഹോട്ടലിലേക്ക്...“
ഹഹ് . നല്ല തമാശ..!! പിറന്നാള്‍ ആഘോഷിക്കാന്‍ ബാറിലേക്കാണോ വിളിക്കണത്.. അതും എന്നെ..!! എനിക്ക് ചിരി.
“പിന്നെ ഞാനെന്താ ചെയ്യാ..? എനിക്ക് ലീവ് കിട്ടില്ലാ... ആകെ കൊല്ലത്തില്‍ ഒരീസം മാത്രേ ലീവുള്ളൂ ന്ന് ശരിക്കും അറിയുന്ന ഇക്ക തന്നെ എന്നെ കളിയാക്കണം”
ശരിയാണ്.. കൊല്ലത്തില്‍ ഒരീസേ അവള്‍ക്ക് ലീവുള്ളൂ.. ആ ദിവസം  അവിടെ ജോലി ചെയ്യുന്ന പെണ്‍കുട്ടികളെ എല്ലാരേം മാനേജര്‍ പുറത്തേക്ക് കൊണ്ട് പോകും, ഈ നഗരം മൊത്തം ഒന്ന് കാണിക്കും.കണിശക്കാരനായ ആട്ടിടയനെപ്പോലെ ആയിരം കണ്ണ് കൊണ്ട് സസൂക്ഷ്മം വീക്ഷിച്ച് ഈ ആട്ടിന്‍ പറ്റത്തിന്‍റെ പിന്നാലെയുണ്ടാവും അയാള്‍..
ഹേയ് പോട്ടെ കുട്ട്യേ..ഞാന്‍ നിന്നെ വെറുതെ ചൂടാക്കാന്‍ പറഞ്ഞതല്ലേ .. അപ്പഴക്കും പിണങ്ങാ..? ഉം എനിക്ക് ഇന്നും ഡ്യൂട്ടി ഉണ്ടല്ലൊ..? നോക്കട്ടെ വരാന്‍ പറ്റോന്ന്.. ആട്ടെ എന്താ എനിക്കുള്ള പിറന്നാള്‍ ട്രീറ്റ്..
“ വയറ് നിറയെ ബിയറ് വാങ്ങിത്തരാന്ന് പറഞ്ഞാ ഇക്ക എന്നെ ചീത്ത പറയില്ലേ..? ഇനി ചീത്ത പറഞ്ഞില്ലേലും വേണ്ടാ ഇക്ക കുടിക്കണ്ടാ.. എനിക്കിഷ്ടല്ല കുടിയന്മാരെ..” അവസാനയപ്പോഴേക്കും അവളുടെ തൊണ്ടയിടറിയോ....? ആ കുടിന്മാര്‍ കാരണമാണ് കുട്ടീ നീ ഇവിടെ ജീവിക്കുന്നത് എന്ന് പറയാന്‍ നാവ് ഉയര്‍ത്തിയതാണ് പിന്നെ വേണ്ടാന്ന് വെച്ചു. എന്തിനാ നല്ലൊരു ദിവസായിട്ട് അതിനെ വേദനിപ്പിക്കുന്നത്.. ഞാന്‍ വരാന്‍ ശ്രമിക്കാട്ടാ .. എന്ന് മാത്രം പറഞ്ഞ് അവസാനിപ്പിച്ച് പിന്നെയും ഉറക്കത്തിലേക്ക് വീഴാന്‍ ശ്രമിച്ചു..
ഉറക്കം വരണില്ലാ.. ഓര്‍ത്തത് മുഴുവന്‍ അവളെക്കുറിച്ചാണ്.. നന്നായി പാടുമയിരുന്നു അവള്‍. പണ്ട് സ്കൂളില്‍ പഠിച്ച പദ്യങ്ങള്‍ ഒക്കെ ഇത്ര സുന്ദരമായ ഗാനങ്ങള്‍ ആക്കാമെന്ന് എനിക്ക് മനസ്സിലായത് അവളെ പരിചയപ്പെട്ടതിന് ശേഷമാണ്.. അത്ര മനോഹരമായിരുന്നു അവള്‍ ആ പദ്യങ്ങള്‍ പാടുന്നത് കേള്‍ക്കാന്‍..
നാട്ടിലെ ക്ലബ്ബിന്‍റെ പ്രോഗ്രാമുകള്‍ക്ക്  പാടാന്‍ വിളിക്കാറുണ്ടായിരുന്നു അവളെ സ്ഥിരായിട്ട്.. ദൂരെ ഏതോ നാട്ടില്‍ നിന്ന് അഛന്റെ കൈപിടിച്ച് വരുന്ന ഒരു പാവാടക്കാരി.  എങ്ങിനെയാണ് അവര്‍ ഞങ്ങളിലെക്കെത്തിയത് എന്ന് ഇന്നും അറിയില്ല. ക്ലബ്ബും , മ്യൂസിക് ക്ലാസ്സും ഒക്കെ നിര്‍ത്തീട്ട് എല്ലാരും ഓരോ വഴിക്ക് തിരിഞ്ഞപ്പോള്‍ ഇവളേം മറന്നു.. പിന്നെ ഇവിടെ ഒരൊഴിവ് ദിവസം , പത്ത് ദിര്‍ഹംസിന് ശരീരം വില്‍ക്കുന്ന ചൈനക്കാരേം , ഇറാനികളേം , റഷ്യക്കാരേയുംഒക്കെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴാണ്, ആ തെരുവിനെ കുറിച്ചും, ഡാന്‍സ് ബാറിനെ കുറിച്ചും ഒക്കെ പറഞ്ഞത്. പെട്ടെന്നാരോ പറഞ്ഞു.. ടാ ആ പെണ്ണില്ലേ , നമുക്ക് സ്ഥിരം പാടാന്‍ വന്നിരുന്ന.. അവള്‍ ഈ ഹോട്ടലിലുണ്ട്.. ഗായികയായിട്ട്..  അങ്ങിനെയാണ് അവളേം തിരഞ്ഞ് ഞാനാ ഹോട്ടലിന്‍റെ സൌത്ത് ഇന്ത്യന്‍  ബാറില്‍ എത്തുന്നത്.. കയറി ചെല്ല്ലുമ്പോള്‍ അവള്‍ പാടുന്നുണ്ട്.. ആകെ മാറിയിരിക്കുന്നു.. പഴയ പാവാടക്കാരിയുടെ സ്ഥാനത്ത് സാരിയൊക്കെ ധരിച്ച ഒരു വല്ല്യേ പെണ്ണ്..മുല്ലപ്പൂവൊക്കെ ചൂടി..ഏതോ സിനിമയില്‍ കണ്ട നായികയെ പോലെ..ആകെ പരിചയമുണ്ടായിരുന്നത് അവളുടെ ആ ശബ്ദം മാത്രമാണ്.. എന്നെ കണ്ടപ്പോള്‍ ഒന്ന് ചൂളിയോ അവള്‍...? പാട്ടൊക്കെ കഴിഞ്ഞപ്പോള്‍ സ്റ്റേജിലിരുന്ന് എന്തോ കാണിക്കുന്നുണ്ട്.. എനിക്കൊന്നും മനസ്സിലായില്ല.. കൂട്ടുകാരനാണ് പറഞ്ഞത് നിന്‍റെ നമ്പര്‍ ചോദിക്ക്യാണെന്ന്..
ഒരു തുണ്ട് കടലാസ്സില്‍ നമ്പര്‍ എഴുതി ചുരുട്ടി അവള്‍ക്കെറിഞ്ഞ് കൊടുക്കുമ്പോള്‍ ഞാനും ഇവിടുത്തെ  ബാറുകളില്‍ ഇരയെപിടിക്കാനുള്ള വേട്ടക്കാരന്‍റെ തന്ത്രമാണല്ലൊ ചെയ്യുന്നത് എന്നൊരു ജാള്യത തോന്നാതിരുന്നില്ല..
പിന്നീടുള്ള ഫോണ്‍ വിളികളില്‍ പലപ്പോഴായി അവള്‍ പറഞ്ഞു.. ഏതൊക്കെയോ ഗാനമേളകളുടെ ഇടവേളകളില്‍ അവള്‍ക്ക് കിട്ടിയ കൂട്ടുകാരനെ കുറിച്ച് , കൂട്ടുകാരന്‍ പിന്നീട് കാമുകനും, ഭര്‍ത്താവും, തന്‍റെ കുട്ടികളുടെ അഛനും ആയ കഥ. സ്നേഹമുള്ളവന്‍ കാര്‍ക്കഷ്യക്കാരനും , പിന്നീട് പാമ്പും, ചെന്നായയുമൊക്കെയായ രൂപാന്തരം..കാമുകന്‍റെ കൂടെ ഒളിച്ചോടിയതോടെ വീടും വീട്ടാരും കൈവിട്ട് പോയത്.. ഒടുവില്‍ മക്കള്‍ പട്ടിണിയാവാതിരിക്കാനും, അവര്‍ക്ക് ചോരാത്തൊരു കൂരയില്‍ തല ചായ്ക്കാനും വേണ്ടി ഈ നഗരത്തില്‍വന്നെത്തിയ കഥകള്‍...
വീടും , വീട്ടുകാരെയും , നാട്ടുകാരേയുമൊക്കെ  വിട്ട്  ഇവിടെയെത്തീട്ട് അധികകാലമൊന്നുമായിട്ടില്ലാത്ത എനിക്കും ഒരു പാട് ആശ്വാസമായിരുന്നു അവളുമായുള്ള സംഭാഷണങ്ങള്‍.. എന്‍റെ ചെറിയ ദു:ഖങ്ങളൊക്കെ അവളുടെ വലിയ പ്രശ്നങ്ങളുമായി താരതമ്യം ചെയ്ത് ഞാന്‍ സമാദാനം കണ്ടെത്തി.

പോകാന്‍ കഴിയില്ലാ.. ഡ്യൂട്ടി ഉണ്ടല്ലൊ.. പിന്നീടെന്തെങ്കിലും നുണകള്‍ പറയാം..എന്ന് സമാദാനിച്ച് ഞാന്‍ വീണ്ടും എന്‍റെ ഉറക്കത്തിലേക്ക്..

തൊട്ടടുത്ത ദിവസായിരുന്നു എന്‍റെ ജീവിതത്തില്‍ ഒരു പാട് മാറ്റങ്ങള്‍ക്ക് കാരണായ ആ അപകടം നടന്നത്. മൊബൈല്‍ നഷ്ടപ്പെട്ടപ്പോള്‍ പല പ്രധാനപ്പെട്ട നമ്പറുകള്‍ക്കുമൊപ്പം അവളുടെ നമ്പറും നഷ്ടപ്പെട്ടു. ആശുപത്രി വിട്ട് , അസുഖൊക്കെ മാറിയപ്പോ നേരെ നാട്ടിലേക്ക്.തിരിച്ച് വീണ്ടും ദുബായിലെത്തിയത് ഒരു നോമ്പ് കാലത്താണ്. പിന്നീടെന്നോ ഒരിക്കല്‍ അന്വേഷിച്ച് പോയപ്പോള്‍ അവിടം വിട്ട് പോയിരിക്കുന്നു ആ സംഘം..

പിന്നീടൊരിക്കലും കണ്ടിട്ടില്ല അവളെ...വിളിച്ചിട്ടും...
അവളും വിളിക്കാന്‍ ശ്രമിച്ചിരിക്കാം.. എന്നെ രണ്ട് മൂന്ന് മാസായിട്ട്  നമ്പര്‍ സ്വിച്ച് ഓഫ് ആയപ്പോള്‍ ഞാന്‍ ഇവിടം വിട്ട് പോയിരിക്കാം എന്ന് കരുതിയിട്ടുണ്ടാവാം...
ഈ നഗരത്തില്‍ തന്നെ ഉണ്ടായേക്കാം അവള്‍..
മറ്റേതെങ്കിലും ഒരു ഹോട്ടലില്‍..
അല്ലെങ്കില്‍ മറ്റേതെങ്കിലും നഗരത്തില്‍...
ഒരു പക്ഷേ നാട്ടിലാവാം..
അവളുടെ വീട് പണി കഴിഞ്ഞിട്ടുണ്ടായിരിക്ക്യോ..?
പാമ്പായും, ചെന്നായ ആയും പകര്‍ന്നാട്ടം നടത്തുന്ന ആ കൂട്ടുകാരന്‍ ഇപ്പഴും കൂടെ ഉണ്ടാവൊ..?
എവിടെ ആയിരുന്നാലും അവള്‍ സുഖമായി ഇരിക്കുന്നുണ്ടാവട്ടെ.
ഏതോ ഒരു നിമിഷത്തെ വിവരക്കേട് കൊണ്ട് നഷ്ടപ്പെട്ട അഛനേയും , അമ്മയേയും , അനിയത്തിയേയും അവള്‍ക്ക് തിരിച്ച് കിട്ടിയിട്ടുണ്ടാവട്ടെ...
അവളില്‍ നല്ലത് മാത്രം സംഭവിക്കട്ടെ..

ഇപ്പോഴും അപരിചിതങ്ങളായ നമ്പറുകളില്‍ നിന്നും വിളികള്‍ വരുമ്പോള്‍ ഒരു നിമിഷം ഞാന്‍ പ്രതീക്ഷിക്കാറുണ്ട്..
അത് അവളായിരിക്കും എന്ന്..


42 comments:

  1. ജീവിതയാത്രയില്‍ മറവിയുടെ പുതപ്പില്‍ നാം ഒളിപ്പിക്കുന്ന പലതരം മുഖങ്ങള്‍ .അവരുടെ പലതരം കഥകള്‍ .അതിലോരുവള്‍ ഇവളും .എന്താണ് പറയേണ്ടത് സമീ .സകല നന്മകളോടെയും സന്തോഷത്തോടെയും ഭൂമിയുടെ ഏതെങ്കിലും ഒരുകോണില്‍ ജീവിക്കുണ്ടാകും അവള്‍ .എന്നും എന്നെന്നും അവള്‍ക്കു കാവലും തുണയുമായി ദൈവം ഉണ്ടാകട്ടെ എന്ന് മാത്രം പ്രാര്‍ത്ഥിക്കുന്നു

    ReplyDelete
  2. കഥ ഉഗ്രനായി സമീരാ.. ഒരു മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാലുണ്ടാകുന്ന കഷ്ട-നഷ്ടങ്ങള്‍ മൂന്നു പ്രാവശ്യം അനുഭവിച്ചതാണ്‌ ഞാന്‍. നമ്പറുകള്‍ നഷ്ടപ്പെടുന്നത് പോട്ടെ, വിളിക്കണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ച്, ഏറെ താല്പര്യത്തോടെ നമ്പറുകള്‍ വാങ്ങിയവരെ ഒരിക്കല്‍ പോലും വിളിക്കാന്‍ സാധിക്കാതെ വരുമ്പോഴുള്ള മാനനഷ്ടമാണ് സഹിക്കാന്‍ വയ്യാത്തത്. പിന്നീട് കാണുമ്പോള്‍ മൊബൈല്‍ നഷ്ടമായി അതുകൊണ്ടാണ് വിളിക്കാതിരുന്നത് എന്ന് പറയുമ്പോള്‍ എത്രയായാലും ഒരൊഴിവുകഴിവ് പറയുകയാണെന്നേ ആരും ആദ്യം കരുതൂ.

    ReplyDelete
  3. കഥയോ അനുഭവമോ.. ഏതായാലും എനിക്കിഷ്ടമായി..

    ReplyDelete
  4. ജീവിതം പലപ്പോഴും ഇങ്ങിനെയാണ്‌ - പലരുമായും അടുപ്പിയ്ക്കും , എന്നിട്ടോ, ഒരു നിമിഷാര്‍ധത്തില്‍ എല്ലാം തട്ടി തെറിപ്പിയ്ക്കുകയും ചെയ്യും...
    ഭാവനയായാലും യാഥാര്‍ത്ഥ്യം ആയാലും ഈ കഥ മനസ്സിനെ സ്പര്‍ശിച്ചു... ജീവിതം ജീവിച്ചു തീര്‍ക്കാന്‍ എന്തെല്ലാം വേഷം കെട്ടണം, അല്ലെ?

    ReplyDelete
  5. ഓര്‍മ്മയുടെയോ അനുഭവത്തിന്റെയോ ഗന്ധമുള്ള എഴുത്ത് ...ചില കാലം ചില വ്യക്തികള്‍ വഴിപോക്കരെ പോലെ വന്നു കടന്നു പോകുന്നു ..ഓര്‍മ്മ പോലെ ..നന്നായിരിക്കുന്നു .തുടരുക

    ReplyDelete
  6. ലേബല്‍ അവള്‍ ....

    അനുഭവമാകാം അല്ലെ... ഇഷ്ട്ടായി

    മുംബൈ മഹാനഗരത്തിലെ ബാച്ചിലര്‍ ജീവിതത്തിലേക്ക് ഒരു നിമിഷം ഞാനെത്തിയെന്കില്‍
    അത് ഈ പോസ്റ്റ്‌ തന്ന ചില സമാന ചിത്രങ്ങള്‍ മൂലം !!

    ReplyDelete
  7. അകപെട്ടുപോകുന്ന ജീവിതലക്ഷങ്ങളിലൊരുവള്‍. ഉള്ളില്‍ കരഞ്ഞുകൊണ്ട് മറ്റുള്ളവര്‍ക്കായി ജീവിക്കുന്നവള്‍...... സങ്കടം ചെറുതായി വരുന്നു..കണ്ടുമുട്ടട്ടെയവളെയെന്നെങ്കിലും..

    ReplyDelete
  8. അവിചാരിതമായി അന്ന് കണ്ടുമുട്ട്യ പോലെ ഒരിക്കല്‍ വീണ്ടും നിങ്ങള്‍ കണ്ടു മുട്ടട്ടെ.....
    സമീരന്‍ ആഗ്രഹിച്ച എല്ലാ സൌഭാഗ്യങ്ങളും അന്ന് അവള്‍ നേടിയിട്ടുണ്ടാവും.....

    ReplyDelete
  9. പാവം... ഒരു നിമിഷത്തെ വിവരക്കേടില്‍ സ്വന്തം ജീവിതം ഡാന്‍സ് ബാറില്‍ പാടി നശിപ്പിക്കാന്‍ വിധിക്കപെട്ട കുട്ടി... ഇന്നല്ലെങ്കില്‍ നാളെ ആ കുട്ടിക്ക്‌ നല്ലത് വരും, അവളെ കാണും വിഷമികണ്ട

    ReplyDelete
  10. എത്രയോ പെണ്‍കുട്ടികള്‍ ഇതുപോലെ ജീവിതം ആടി തീര്‍ക്കുന്നു.
    അവള്‍ക്ക് നല്ലത് വരട്ടെ.
    കഥയാണോ അനുഭവമാണോ ഏതായാലും നന്നായിട്ടുണ്ട്.

    ReplyDelete
  11. പ്രതീക്ഷ സഫലമാകട്ടെ. വീണ്ടും കണ്ടുമുട്ടാൻ ഇട വരട്ടെ.
    മനോഹരമായി എഴുതി.

    ReplyDelete
  12. അനുഭവമെന്ന് തോന്നിപ്പിയ്ക്കും കഥ ഇഷ്ടമായി..ആശംസകൾ.

    ReplyDelete
  13. കഥയായാലും അനുഭവമായാലും ഇഷ്ടായി !

    ReplyDelete
  14. ഇഷ്ടായിട്ടോ ഇത്.
    കഥയോ അനുഭവമോ എന്ന് ഞാന്‍ ചോദിക്കുന്നില്ല. രണ്ട് രീതിയില്‍ എടുത്താലും ഭംഗിയായി പറഞ്ഞിരിക്കുന്നു

    ReplyDelete
  15. "എന്റെ ആദ്യത്തെ കസ്റ്റമര്‍ എന്റെ ഭാരത്താവ് തന്നെയായിരുന്നു." ഒരിക്കല്‍ ഒരു കഥക്ക് വേണ്ടി കുറിച്ചിട്ട ത്രെഡ് ആയിരുന്നു. അതുപോലെ ഉള്ള ഒരു കഥയായി തന്നെ തോന്നി ഇതും. നന്നായി എഴുതി.
    കഥയാണെങ്കില്‍ പിറന്നാളിന് പകരം മറ്റെന്തെങ്കിലും ആക്കാമായിരുന്നു. കൂടുതല്‍ ഹൃദയത്തില്‍ തൊടുന്ന എന്തെങ്കിലും.

    അഭിനന്ദനങ്ങള്‍ സമീരാന്‍ ...

    ReplyDelete
  16. ഇഷ്ടായി...അനുഭവത്തിന്‍റെ തീക്ഷ്ണത പ്രതിഫലിപ്പിക്കുന്ന വരികള്‍..

    ReplyDelete
  17. ഓഹോ കഥയായിരുന്നല്ലേ ? ങ്ങള് മന്സനെ ബേജാറാക്കിക്കളഞ്ഞു. ഞാൻ വിചാരിച്ചു അനുഭവായിരിക്കും ന്ന്. ന്ന്ട്ട് ങ്ങൾക്ക് തരാനുള്ള ഒരു നാലു പായ പേപ്പർ ഉപദേശവും റെഡിയാക്കി കമന്റാനിരുന്നതാ. അപ്പഴാ ങ്ങളീ എഴുത്യേത് അനുഭവല്ല,കഥയാ ന്ന് മനസ്സിലായത്. എന്തായാലും കൊള്ളാം,രസമായി അനുഭവം പോലെ പറഞ്ഞിരിക്കുന്നു.! ആശംസകൾ.

    ReplyDelete
  18. ഒരുപാട് മുഖങ്ങൾ ഉണ്ട് എന്നിൽ. മറന്ന് പോയവ, മറക്കാൻ കഴിയാത്തവ, മറക്കാൻ ശ്രമിക്കുന്നവയും

    നല്ല എഴുത്ത്

    ReplyDelete
  19. നല്ല കഥ സമീരന്‍, കുറെ കഥകളുടെ കൂമ്പാരങ്ങള്‍ക്ക് മുകളിലാണ് നാം ജീവിക്കുന്നത്. എത്രയെത്ര ജീവിതങ്ങള്‍ ഇങ്ങനെയുണ്ടാകും ഓരോ മഹാനഗരത്തിലും! പളപളപ്പുള്ള കെട്ടിടങ്ങള്‍ക്കുള്ളില്‍നിന്ന് തേങ്ങലുകള്‍ ഉയര്‍ന്നു കേള്‍ക്കാം, അവയുടെ ചുമരുകളില്‍ കാത് ചേര്‍ത്തുവച്ചാല്‍., സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ള മനുഷ്യരുടെ സ്നേഹകാമാനകളെ തൃപ്തിപ്പെടുത്തുമ്പോഴും വേദനകളില്‍ നീറുന്ന പെണ്‍കുട്ടികളെ. ഉംറാഓ ജാന്‍, പാകീസ, മണ്ഡി തുടങ്ങിയ ഇന്‍ഡ്യന്‍ ക്ലാസിക്‌ സിനിമകള്‍ അങ്ങേനെയുള്ള തവായെഫ് (courtesan) കളെയും അവരുടെ വേദനകളെയും നമുക്ക്‌ പറഞ്ഞു തരുന്നു. ധന്യതക്ക് നടുവിലും അവര്‍ ദരിദ്രരാണ്. അഭിനന്ദങ്ങള്‍ സമീരന്‍, ഒരിക്കല്‍ കൂടി.

    ReplyDelete
  20. സൌഹൃദത്തിന്റെ മണി മാലയില്‍ നിന്ന് അടര്‍ന്നു പോകുന്ന മണി മുത്തുകള്‍
    എല്ലാ അര്‍ത്ഥത്തിലും നല്ല വായന നല്‍കിയ കഥ

    ReplyDelete
  21. കഥയോ ജീവിതമോ....
    ഏതായാലും മനസ്സിലെവിടെയോ കൊളുത്തിവലിക്കുന്നുണ്ട് ആ ജീവിതം....

    സംവേദനക്ഷമമായ ഭാഷയും പ്രയോഗങ്ങളും... എഴുത്ത് തുടരുക.

    ReplyDelete
  22. നൊമ്പരം നൽകി... നന്നായിരുന്നു എഴുത്ത്..

    ReplyDelete
  23. അനേകരില്‍ ഒരുവള്‍ .നന്നായിട്ടുണ്ട് .അഭിനന്ദനങള്‍

    ReplyDelete
  24. നല്ല കഥ ആശംസകള്‍

    ReplyDelete
  25. ചില സൗഹൃദങ്ങള്‍ അങ്ങനെയാണ് നാം അറിയാതെ നമുക്കത് നഷ്ടമാകും ... പിന്നീട് എത്ര ശ്രമിച്ചാലും കണ്ടെത്താനായെന്നു വരില്ല ...എങ്കിലും അന്വേഷിപ്പിന്‍ കണ്ടെത്തുവിന്‍ എന്നാണല്ലോ ....so keep searching
    ഇതൊരു ഭാവന ആണെങ്കില്‍....നല്ല കഥ ..ആശംസകള്‍ :-)

    ReplyDelete
  26. നന്നായിട്ടുണ്ട്. ആശംസകളോടേ...

    ReplyDelete
  27. ധീരം....സമീരം...പക്ഷെ പലപ്പോഴും ധീരം ഇല്ലാതാകുന്നല്ലോ സമീരാ...(ചുമ്മാ)

    ReplyDelete
  28. ഒറ്റവാക്കില്‍ ഹൃദ്യം..!
    മനസ്സൊന്നു പിടഞ്ഞു...പല മുഖങ്ങളും കണ്ണിലൂടെ മിന്നിമറഞ്ഞു !
    അവള്‍ മനസ്സീന് പോവുന്നില്ല...എന്തായിരിക്കും...ആ..എനിക്കറിയില്ല !
    എനിക്ക് ഒത്തിരി ഇഷ്ടമായി...സമീ
    ഇവിടെ വരാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ !?
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  29. കഥയോ ജീവിതമോ? എന്തായായാലും ബോര്‍ അടുപ്പിച്ചില്ല. നന്ദി സമീരാ

    ReplyDelete
  30. ഒരിക്കലും മറക്കാന്‍ കഴിയാത്ത ധാരാളം കഥകളാണ് ദിവസന്തോറും നമുക്കുചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്നത്. ചിലതൊക്കെ നമ്മള്‍ കണ്ടും ഏറെയും കാണാതെയും നമ്മള്‍ കടന്നു പോകുന്നു.
    കഥ വായിച്ചു പോകുമ്പോള്‍ ഓര്‍മ്മയില്‍ തെളിഞ്ഞത് ബോംബെ ആയിരുന്നു.
    നല്ല ഒഴുക്കോടെ അവതരിപ്പിച്ചു.

    ReplyDelete
  31. നന്നായി എഴുതി..
    ആശംസകള്‍..

    ReplyDelete
  32. കഥയായാലും അനുഭവം ആയാലും അനുഭവം പോലെ തോന്നുന്നു ...നന്നായിട്ടെഴുതി ട്ടോ

    ReplyDelete
  33. ;) സ്മൈലിയില്‍ ഒതുക്കുമായിരുന്നു... എന്നാല്‍ സസ്പന്‍സില്‍ നിര്‍ത്തിയതുകാരണം ഇഷ്ടപ്പെട്ടു

    ഇങ്ങനെയൊക്കെയാണ് ന്യൂ ജനറേഷന്‍ ബ്ലോഗുകള്‍ ഉണ്ടാവുന്നത്.. !

    ആശംസകള്‍ സമീ

    ReplyDelete
  34. ജീവിതത്തിലെ പച്ചയായ യാഥാര്‍ത്ഥ്യം പോലെ തോന്നി അറിയാതെ ഫോണിലേക്ക് ഇടക്കിടെ നോക്കിയോ ആരെങ്കിലും വിളിക്കുന്നുണ്ടോ ???നല്ല ഫീല്‍ ഉണ്ട് അഭിനന്ദനങ്ങള്‍ സമി,.,.,.,

    ReplyDelete
  35. കഥ നന്നായി അവതരിപ്പിച്ചു.
    ഒരു അനുഭവ കഥ പോലെ
    വായിച്ചു പോയി, പിന്നെ
    ഇനിയന്കിലും ഈ ഫോണിലെ
    നമ്പരുകള്‍ കമ്പ്യൂട്ടറില്‍ സേവ്
    ചെയ്തു വെച്ചാല്‍ വിഷമിമ്മദ്
    ക്കേണ്ടട്ടോ രണ്ടു വട്ടം പോയ
    ഫോണിന്റെ കഥ ഓര്‍മ്മയില്‍ ഓടിയെത്തി
    എന്തായാലും ആ കുട്ടി അല്ല പഴയ കൂട്ട്കാരി
    പുതിയ മാളങ്ങള്‍ തേടിപ്പോയിരിക്കാം അതോ?
    എന്നെങ്കിലും ആ ഫോണില്‍ ആ വിളി കേള്‍ക്കാം
    എന്ന പ്രതീക്ഷയോടെ ഇരിക്കാം അല്ലെ!
    കഥ ഇഷ്ടായി. എഴുതുക അറിയിക്കുക

    ReplyDelete
  36. ഒരു ശുഭപ്രതീക്ഷ എപ്പോഴും നല്ലതല്ലേ? ഭംഗിയായി എഴുതി.ആശംസകൾ


    ReplyDelete
  37. ഒരു ദിവസം ,കാത്തിരിപ്പിനൊടുവില്‍ ആ വിളി വരും,
    ഭാവുകങ്ങള്‍

    ReplyDelete
  38. ഹും കാത്തിരിന്നോ ഒരിക്കലും വരില്ല അങ്ങനെയാണ് അവരുടെ സ്വഭാവം ..നന്നായി അവതരിപ്പിച്ചു.തിരയുടെ ആശംസകള്‍

    ReplyDelete
  39. ഇതിനോടകം കണ്ടുമുട്ടിയോ “അവളെ”...

    ReplyDelete
  40. ഈ അവളെ’ എനിക്കും ഇഷ്ട്ടപ്പെട്ടു കേട്ടൊ ഭായ്...


    പിന്നെ ഭായ് എഴുതികൊണ്ടിരിക്കണം ..ഒരിക്കലും നിറുത്തി വെക്കരുത്..!

    ReplyDelete

Related Posts Plugin for WordPress, Blogger...